Latest News

ലോക്‌സഭ കടന്ന് പൗരത്വ ഭേദഗതി ബിൽ

ന്യൂഡൽഹി: പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്നതിന് വ്യവസ്ഥകളിൽ ഇളവ് നൽകുന്ന പൗരത്വ (ഭേദഗതി) ബിൽ ലോക്സഭ പാസ്സാക്കി.[www.malabarflash.com]

വോട്ടിനിട്ടാണ് ബിൽ പാസ്സാക്കിയത്. 80 വോട്ടുകൾക്കെതിരെ 311 വോട്ടുകൾ നേടിയാണ് ബിൽ ലോക്‌സഭ കടന്നത്. 391 അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ശിവസേനയും ബിജു ജനതാദളും ബില്ലിനെ അനുകൂലിച്ചപ്പോൾ ടി ആർ എസ് എതിർത്തു. 

പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദേശങ്ങൾ സഭ വോട്ടിനിട്ട് തള്ളി. ഏഴ് മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ബിൽ പാസ്സാക്കിയത്. ലോക്സഭ പിരിഞ്ഞു. ചൊവ്വാഴ്ച രാജ്യസഭയിൽ ബിൽ അവതരിപ്പിക്കും. 

ലോക്‌സഭയിൽ അവതരണാനുമതി തേടിയുള്ള വോട്ടിംഗിൽ 293 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. 82 പേർ മാത്രമാണ് എതിർത്തത്. പ്രതിപക്ഷ എതിർപ്പിനിടെ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിച്ചത്. 

2014 ഡിസംബർ 31ന് മുമ്പ് അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, പാർസി, ബുദ്ധ, ജൈന മതത്തിൽപ്പെട്ട കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിന് 1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതാണ് ബിൽ. ഈ മൂന്ന് രാജ്യങ്ങളും മുസ്‌ലിം രാജ്യങ്ങളായ പശ്ചാത്തലത്തിലാണ് അവിടെയുള്ള ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് പൗരത്വം ഉറപ്പാക്കുന്നതെന്ന് ബിൽ അവതരിപ്പിച്ച് ഷാ പറഞ്ഞു.

കോൺഗ്രസ്, സി പി എം, തൃണമൂൽ കോൺഗ്രസ്, ടി ആർ എസ്, ബി എസ് പി, എൻ സി പി, എസ് പി എന്നീ പാർട്ടികളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ചില പാർട്ടികളും ബില്ലിനെ എതിർത്തു. വൈ എസ് ആർ കോൺഗ്രസ്, ജെ ഡി യു, ബിജു ജനതാദൾ, ശിരോമണി അകാലിദൾ എന്നിവർ അനുകൂലിച്ചു. ശിവസേന എതിർത്തില്ല. അഫ്ഗാനിസ്ഥാൻ മാറ്റി ശ്രീലങ്ക ഉൾപ്പെടുത്തണമെന്ന് മാത്രമാണ് ശിവസേനയുടെ വിനായക് റാവത്ത് ആവശ്യപ്പെട്ടത്. 

വിവിധ പ്രതിപക്ഷ കക്ഷികൾ ഭേദഗതി അവതരിപ്പിച്ചെങ്കിലും തള്ളി. സി പി എം അംഗം പി ആർ നടരാജൻ ഭേദഗതികൾ അവതരിപ്പിച്ചു. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ മതക്കാർക്ക് പൗരത്വം എന്ന ബില്ലിലെ വ്യവസ്ഥ മാറ്റി അയൽ രാജ്യങ്ങളിൽ നിന്നു വന്ന എല്ലാവർക്കും എന്നാക്കണമെന്ന ഭേദഗതിയും അസം- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബില്ല് ബാധകമല്ലെന്ന വ്യവസ്ഥ ചേർക്കണമെന്ന ഭേദഗതിയുമാണ് അവതരിപ്പിച്ചത്.

അഭയാർഥികൾക്ക് കൂടുതൽ അവകാശങ്ങൾ നൽകി നിലവിലുള്ള കുടിയേറ്റക്കാരുടെ പ്രശ്നം പരിഹരിക്കാവുന്നതാണെന്നും നിലവിലുള്ളത് പോലുള്ള വിവേചനമുണ്ടാക്കുന്ന നിയമം വേണ്ടതില്ലെന്നും കോൺഗ്രസ് സഭാ നേതാവ് ആധിർ ചൗധരി ചൂണ്ടിക്കാട്ടി.

ശ്രീലങ്ക എന്തുകൊണ്ട് സർക്കാറിന്റെ പരിധിയിൽ വരുന്നില്ലെന്ന് ഡി എം കെ നേതാവ് ദയാനിധി മാരൻ ചോദിച്ചു. മുസ്‌ലിംകളായിരിക്കുന്നത് കുറ്റമാണോ? നിങ്ങൾ അധികാരത്തിലെത്തിയ ശേഷം മുസ്‌ലിംകളുടെ വിശ്വാസം വീണ്ടെടുക്കാൻ ചെറിയ കാര്യം പോലും ചെയ്തില്ല. ഈ ബിൽ ഉത്തരേന്ത്യക്ക് വേണ്ടി മാത്രമുള്ളതാണ്. നിങ്ങൾ മുസ്‌ലിംകൾക്ക് വേണ്ടി സംസാരിക്കുമ്പോൾ സാത്താൻ വേദമോതുന്നു എന്നാണ് തോന്നുക- ദയാനിധി മാരൻ പറഞ്ഞു.

സർക്കാർ എല്ലാ സമയത്തും പട്ടേലിനെ കുറിച്ച് സംസാരിക്കുന്നു. പട്ടേൽ രാജ്യത്തെ യോജിപ്പിക്കുകയായിരുന്നു. എന്നാൽ, ഈ സർക്കാർ രാജ്യത്തെ വിഭജിക്കുകയാണെന്ന് മുസ്‌ലിം ലീഗ് അംഗം കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ന് മതത്തിന്റെ പേരിലാണ് വിഭജിക്കുന്നത്. നാളെ ഭാഷയുടെ പേരിലാകാം. മറ്റൊരിക്കൽ ഇത് പ്രാദേശികമായ വിഷയത്തിന്റെ പേരിലാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ശശി തരൂർ, എൻ കെ പ്രേമചന്ദ്രൻ, ഇ ടി മുഹമ്മദ് ബശീർ, അസദുദ്ദീൻ ഉവൈസി, സുപ്രിയ സുലെ തുടങ്ങിയവരും ബിൽ അവതരണത്തെ എതിർത്തു. ഭരണഘടനയുടെ അടിസ്ഥാന ശിലയെ ആക്രമിക്കുന്നതാണ് ബില്ലെന്ന് ശശി തരൂർ പറഞ്ഞു. ഭരണഘടനയുടെ 14, 15, 21, 24, 25 എന്നീ വകുപ്പുകളുടെ ലംഘനമാണ് ബില്ലെന്ന് ചർച്ചക്കിടെ കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി. 

ബിൽ അംഗീകരിക്കില്ലെന്ന് പറഞ്ഞ ഉവൈസി പ്രസംഗത്തിനൊടുവിൽ ബിൽ വലിച്ചു കീറി.
രാവിലെ 11ഓടെ ലോക്‌സഭയിൽ അവതരിപ്പിച്ചെങ്കിലും ഉച്ചക്ക് ശേഷമാണ് ബിൽ ചർച്ചക്കെടുത്തത്.
ഒന്നാം മോദി സർക്കാറിന്റെ കാലത്ത് ലോക്സഭയിൽ പാസ്സായ ബിൽ വൻ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭയിൽ പാസ്സാക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ലോക്‌സഭയുടെ കാലാവധി തീർന്നതോടെ ബിൽ ലാപ്‌സായി. രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ബിൽ വീണ്ടും ലോക്സഭയിലെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.