Latest News

എ.ടി.എം ഇളക്കിക്കൊണ്ടുപോയി 15 ലക്ഷം കവര്‍ന്നു

ബാംഗ്ലൂര്‍ : ബാംഗ്ലൂരില്‍ എ.ടി.എം. മൊത്തത്തില്‍ എടുത്തുകൊണ്ടുപോയി 15 ലക്ഷത്തോളം രൂപ കവര്‍ന്നു. നഗരത്തിന്റെ വടക്കുകിഴക്കന്‍ പ്രാന്തത്തിലുള്ള ബാഗലൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മാണ് കവര്‍ന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

അര്‍ധരാത്രി പട്രോളിങ്ങിനെത്തിയ പോലീസുകാരാണ് എ.ടി.എം. കാണാതായ വിവരം ആദ്യം അറിയുന്നത്. രണ്ടുവീതം നട്ടും ബോള്‍ട്ടും മാത്രം ഉപയോഗിച്ചാണ് യന്ത്രത്തെ മുറിയില്‍ ഉറപ്പിച്ചിരുന്നത്. സ്ഥലത്ത് കാവല്‍ക്കാരന്‍ ഇല്ലായിരുന്നു.

ആറുപേര്‍ യന്ത്രം പൊക്കിയെടുക്കുന്ന ദൃശ്യം മുറിയിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അതിനുശേഷം കവര്‍ച്ചക്കാര്‍ ക്യാമറയുടെ വയര്‍ മുറിച്ചുകളഞ്ഞതിനാലാവണം, പിന്നീടൊന്നും കാണാനില്ലായിരുന്നു.

ശനിയാഴ്ച 20 ലക്ഷം രൂപ ഈ എ.ടി.എമ്മില്‍ അധികൃതര്‍ നിറച്ചിരുന്നു. കവര്‍ച്ച നടന്നപ്പോള്‍ 15 ലക്ഷത്തോളം രൂപ ഉണ്ടായിരിക്കണമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

ബാങ്ക് ശാഖാ മാനേജര്‍ ആര്‍. ഗുരുരാജിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എ.ടി.എം. കാണാതായസ്ഥലം ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു.

ബാംഗ്ലൂരിന്റെ വടക്കുകിഴക്കന്‍ പ്രാന്തത്തില്‍ത്തന്നെയുള്ള കാനറ ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് 19.86 ലക്ഷത്തോളം രൂപ ജൂണ്‍ എട്ടിന് കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കള്ളത്താക്കോല്‍ കൊണ്ട് തുറന്നും ഗ്യാസ് കട്ടര്‍ കൊണ്ട് യന്ത്രത്തിന്റെ ഒരു ഭാഗം മുറിച്ചുമായിരുന്നു ആ കവര്‍ച്ച. പോലീസ് നാലുനാള്‍ക്കകം മൂന്നുപേരെ പിടികൂടുകയും പതിനെട്ട് ലക്ഷം രൂപ കണ്ടെടുക്കുകയുമുണ്ടായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.