Latest News

മൃതദേഹത്തില്‍നിന്ന് മാല മോഷ്ടിച്ച മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരി അറസ്റ്റില്‍

തിരുവനന്തപുരം: മൃതദേഹത്തിൽനിന്ന്​ മാല മോഷ്​ടിച്ച മെഡിക്കൽ കോളജ്​ ആശുപത്രി ജീവനക്കാരി അറസ്​റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ യുവതിയുടെ മൃതദേഹത്തിൽനിന്ന്​ ഒന്നരപവ​​ന്റെ മാല മോഷ്​ടിച്ച കേസിലാണ്​ ഗ്രേഡ്​ 2 അറ്റൻഡർ പന്തളം സ്വദേശി ജയലക്ഷ്​മിയെ (35) പോലീസ്​ അറസ്​റ്റ്​ ചെയ്​തത്​. [www.malabarflash.com]

ഇതിനെത്തുടർന്ന്​, മന്ത്രി കെ.കെ. ശൈലജ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ സർവിസിൽനിന്ന്​ സസ്​പെൻഡ്​​ ചെയ്​തു. സംഭവത്തെക്കുറിച്ച്​ സംസ്ഥാന മനുഷ്യാവകാശ കമീഷനും അന്വേഷണത്തിന്​ നിർദേശം നൽകി. വെള്ളിയാഴ്​ച രാവിലെയാണ്​ മാ​ല മോഷണം പോയത്​.

കുടുംബവഴക്കിനെതുടർന്ന്​ വിഷം കഴിച്ചതിനാൽ,​ കഴിഞ്ഞദിവസം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച  മണക്കാട്​ താമസിക്കുന്ന രാധ (27) വെള്ളിയാഴ്​ച രാവിലെ മരണമടഞ്ഞിരുന്നു.  നടപടികൾ പൂർത്തിയാക്കി എട്ട്​ മണിയോടെ മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടുകൊടുത്തു. ബന്ധുക്കൾ മൃതദേഹം പരിശോധിച്ചപ്പോഴാണ്​ യുവതിയുടെ കഴുത്തിൽക്കിടന്ന മാല നഷ്​ടപ്പെട്ടത്​ അറിഞ്ഞത്​.

തുടർന്ന്​ മെഡിക്കൽ കോളജ്​ പോലീസിൽ പരാതി നൽകി. സ്​റ്റേഷൻ എസ്​.​െഎ ആർ.എസ്​. ശ്രീകാന്ത്​ സ്ഥലത്തെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യംചെയ്​തെങ്കിലും ആരും കുറ്റം സമ്മതിച്ചില്ല. എന്നാൽ, കൂടുതൽ വിശദമായി ചോദ്യം ചെയ്​തതിനെതുടർന്ന്​ ഉച്ചക്ക്​ പന്ത്രണ്ടരയോടെ ജയലക്ഷ്​മി കുറ്റം സമ്മതിക്കുകയായിരുന്നു.

മാസങ്ങൾക്കുമുമ്പ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ 4500 രൂപ മോഷ്​ടിച്ചതും ഇവർ സമ്മതിച്ചയായി പോലീസ്​ പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്യുമെന്ന്​ പോലീസ്​ പറഞ്ഞു. സി.പി.ഒ ബൈജു, വനിത കോൺസ്​റ്റബിൾമാരായ ഷംല, എലിസബത്ത്​ എന്നിവരാണ്​ പ്രതിയെ പിടികൂടിയത്​.

അതിനിടെ മൃതദേഹത്തിൽനിന്ന്​ സ്വർണമാല മോഷ്​ടിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളജ് സൂപ്രണ്ട്​, സി.ഐ എന്നിവരോട്​ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് നിർ​ദേശിച്ചു.

മനുഷ്യാവകാശപ്രവർത്തകൻ പി.കെ. രാജു നൽകിയ പരാതിയിലാണ്​ നടപടി. ആശുപത്രിക്കുള്ളിൽനിന്ന്​ പണവും മൊബൈൽഫോണും മോഷണം പോകാറുണ്ടെന്ന് പരാതിയിൽ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.