Latest News

നിതാഖാത്ത്: സമയപരിധി മൂന്ന് മാസം കൂടി നീട്ടാന്‍ സാധ്യത

റിയാദ്: സൗദി അറേബ്യയിലെ നിതാഖാത്ത് തൊഴില്‍ നിയമപരിഷ്‌കാരം കര്‍ശനമായി നടപ്പിലാക്കുന്നത് ജൂലൈ മുതല്‍ മൂന്നു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുള്ളതായി എംബസി വൃത്തങ്ങളില്‍ നിന്നും സൂചന ലഭിച്ചു. ഇതിനെക്കുറിച്ചുള്ള രാജകല്‍പ്പന ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാല്‍ ജൂലൈ മൂന്നിനുശേഷം മന്ത്രാലയങ്ങളെ സമീപിക്കുന്നവര്‍ക്ക് സര്‍വീസുകള്‍ ഒന്നും തന്നെ സൗജന്യമായിരിക്കില്ല. പാസ്‌പോര്‍ട്ട് ഓഫീസുകളിലും തൊഴില്‍ മന്ത്രാലയത്തിലും തര്‍ഹീലിലും ഇപ്പോഴും നിലനില്‍ക്കുന്ന വന്‍ ജനക്കൂട്ടം കണക്കിലെടുത്താണ് ഇളവുകള്‍ മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതിനെക്കുറിച്ച് പരിഗണിക്കുന്നതെന്നറിയുന്നു.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഭൂരിപക്ഷം പേരും ഇന്ത്യ, പാക്കിസ്ഥാന്‍, യമന്‍, ഈജിപ്റ്റ്, ബംഗ്‌ളാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഈ രാജ്യങ്ങളുടേയെല്ലാം എംബസികളുടെ മുന്‍പില്‍ ഇപ്പോഴും നിയന്ത്രണാധീതമായ ആള്‍ക്കൂട്ടമാണ്. സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് ഈ രാജ്യങ്ങളുടേയെല്ലാം വിദേശകാര്യ മന്ത്രിമാര്‍ സൗദി അറേബ്യന്‍ ഭരണകൂടത്തോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്.

ഇതുവരെ പതിനാറു ലക്ഷത്തിലധികം വിദേശികള്‍ തങ്ങളുടെ തൊഴില്‍ പദവി ശരിയാക്കിയതായാണ് കണക്ക്. നാല് ലക്ഷത്തിലേറെ പേര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയും അത്രയോളം പേര്‍ പ്രഫഷന്‍ മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിലവിലെ കണക്കുകളനുസരിച്ച് പതിനായിരക്കണക്കിന് പേര്‍ പദവി മാറ്റത്തിന് അപേക്ഷ നല്‍കാന്‍ പോലുമാകാതെ രാജ്യത്തുണ്ട്. ജൂലൈ മൂന്നിനുശേഷം കര്‍ശന പരിശോധന ആരംഭിച്ചാല്‍ നിയമലംഘകരായി പിടിയിലാകുന്നത് പതിനായിരങ്ങളായിരിക്കും.

ജൂലൈ മൂന്നു വരെയുള്ള മൂന്ന് മാസക്കാലത്ത് പദവി ശരിയാക്കുന്നവര്‍ക്കും എക്‌സിറ്റില്‍ പോകുന്നവര്‍ക്കും നിരവധി ഇളവുകളാണ് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ലേബര്‍ കാര്‍ഡ് പുതുക്കാത്തവര്‍ക്കും ഇളവ് സമയത്ത് പിഴ ഒടുക്കേണ്ടിയിരുന്നില്ല. അതു പോലെ പ്രഫഷന്‍ മാറ്റത്തിനും ഫീസ് ഉണ്ടായിരുന്നില്ല. ഹുറൂബ് നീക്കം ചെയ്യാനും പണം ഈടാക്കിയിരുന്നില്ല. ഈ സൗജന്യങ്ങളെല്ലാം ഇളവു കാലയളവ് ദീര്‍ഘിപ്പിച്ചാല്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ നിയമലംഘകരായ ആളുകള്‍ പരമാവധി ജൂലൈ മൂന്നിന് മുന്‍പായി പദവി ശരിയാക്കുകയോ രാജ്യം വിടുകയോ ചെയ്യുന്നതായിരിക്കും ഉത്തമമെന്ന് എംബസി വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. 


Deepika
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.