Latest News

കളക്ടര്‍ ഇടപെട്ടു: ഭവാനിശങ്കരിയുടെ പഠനം മുടങ്ങില്ല


കാസര്‍ക്കോട്: ധരിക്കാന്‍ നല്ല വസ്ത്രവും കഴിക്കാന്‍ ഭക്ഷണവുമില്ലാത്തതിനാല്‍ ഭവാനി ശങ്കരിയുടെ പഠനം ഇനി മുടങ്ങില്ല.സംസാരശേഷിയില്ലെങ്കിലും എസ് എസ് എല്‍ സി പരീക്ഷയില്‍ 55 ശതമാനം മാര്‍ക്കോടെ വിജയിച്ച ഭവാനിയുടെ തുടര്‍ പഠനത്തിന് ജില്ലാകളക്ടര്‍ നടപടി സ്വീകരിച്ചു. 

സ്വന്തമായി വീടും സ്ഥലവും ഇല്ലെങ്കിലും കൂലി പണിയെടുത്ത് ഏക മകളെ പത്തുവരെ പഠിപ്പിച്ച ബെളളൂറഡുക്കയിലെ ചന്ദ്രാവതിക്ക് ഇനി ആശ്വസിക്കാം. മകളുടെ കണ്ണീരിന് ശമനമാകും. ബെളളൂര്‍ ഗ്രാമപഞ്ചായത്തിലെ തോട്ടദമൂല പട്ടികജാതി കോളനിയില്‍ ജില്ലാകളര്‍ പി എസ് മുഹമ്മദ് സഗീര്‍ നടത്തിയ അദാലത്തിലാണ് ചന്ദ്രാവതിയും മകള്‍ ഭവാനി ശങ്കരിയും നിവേദനവുമായി എത്തിയത്.
ബെളളൂറഡുക്കയിലെ പട്ടയം കിട്ടിയിട്ടില്ലാത്ത അഞ്ചു സെന്റില്‍ ഓലയും പ്ലാസ്റ്റിക്കും കൊണ്ട് പൊതിഞ്ഞ ഒറ്റ മുറി കുടിലിലാണ് ഈ അമ്മയും മകളും കഴിയുന്നത്. വൈദ്യുതി ഇല്ലാത്ത വീട്ടില്‍ പവര്‍ ലൈറ്റ് നല്‍കി സഹായിച്ചത് ബെളളൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ അധ്യാപകരക്ഷാകര്‍തൃ സമിതിയാണ്. എന്നാല്‍ എല്ലാ വിഷയത്തിലും ബി ഗ്രേഡ് നേടിയെങ്കിലും തുടര്‍ പഠനത്തിന് മാര്‍ഗ്ഗമില്ലാത്തതിനാല്‍ പ്ലസ്‌വണ്ണിന് ഭവാനി അപേക്ഷിച്ചില്ല. അദാലത്തില്‍ ചന്ദ്രാവതിയുടെ നിവേദനം സ്വീകരിച്ച ജില്ലാകളക്ടര്‍ ഹയര്‍ സെക്കണ്ടറി വകുപ്പ് ഡയറക്ടറുമായി ബന്ധപ്പെട്ട് കുട്ടിക്ക് പഠന സൗകര്യമൊരുക്കാന്‍ നടപടിയെടുത്തു.

ജൂലൈ 31 നു ശേഷം പ്ലസ് വണ്ണിന് അപേ ക്ഷിക്കാന്‍ അവസരം നല്‍കും. ബെളളൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ തന്നെ പഠിക്കാന്‍ അവസരമൊരുക്കും. പഠന ചെലവ് ജില്ലാ ഭരണകൂടം വഹിക്കും. ഈ കുടുംബത്തിന് സ്വന്തമായി സ്ഥലം ലഭ്യമാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
വീട് അനുവദിക്കുന്നതിന് നടപടിയെടുക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.എന്‍സോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ താമസിക്കുന്ന ഭവാനി ശങ്കരിക്ക് ചെറുപ്പത്തിലേ സംസാരശേഷി നഷ്ടപ്പെട്ടതാണ്. നിത്യ ജീവിതത്തിന് മാര്‍ഗ്ഗമില്ലാത്തതിനാല്‍ ചികിത്സയും നടത്തിയില്ലെന്ന് അമ്മ ചന്ദ്രാവതി പറഞ്ഞു. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.