Latest News

കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം ഐ.ടി. പാര്‍ക്ക് സ്ഥാപിക്കും- മന്ത്രി കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: സ്ഥലം കിട്ടിയാല്‍ കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം ഐ.ടി.പാര്‍ക്ക് സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും കണ്ണൂര്‍ പ്രസ്‌ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച, കണ്ണൂര്‍വികസനത്തെ സംബന്ധിച്ചുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

എരമത്തു നിര്‍മിക്കാനുദ്ദേശിക്കുന്ന സൈബര്‍ പാര്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം കിന്‍ഫ്രയുടെ കീഴിലുള്ള സ്ഥലത്തേക്കു മാറ്റണമെന്ന, ചേംബര്‍ വൈസ് പ്രസിഡന്റ് സി.ജയചന്ദ്രന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എരമത്തുള്ള പാര്‍ക്ക് മാറ്റണമെന്നില്ല. മറിച്ച് വിമാനത്താവളത്തിനു സമീപം പുതിയ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്നതില്‍ തടസ്സമില്ലെന്ന് അദ്ദേഹം പറഞ്ഞു. അഴീക്കല്‍ തുറമുഖപദ്ധതി വേഗംതന്നെ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിന്റെ വികസനത്തിന് തടസ്സംനില്‍ക്കുന്നത് അടിസ്ഥാനവികസനത്തിന്റെ അപര്യാപ്തതയാണ്. അതിന് ചേംബറും മാധ്യമങ്ങളും നാട്ടുകാരും ഒരുപോലെ സഹകരിക്കണം. അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കുകതന്നെ വേണം. ഒരു വ്യവസായം തുടങ്ങാന്‍ വരുന്നവന്റെ സര്‍വജാതകവും പരിശോധിച്ചേ അവനെ വിടൂ എന്ന രീതി മാറണം- മന്ത്രി പറഞ്ഞു. ഉത്പാദനത്തെ ബഹുമാനിക്കുന്ന സ്ഥിതിയുണ്ടാവണം.

വിമാനത്താവളം വേണ്ടതുതന്നെ. അതിനെക്കാള്‍ സാധാരണക്കാര്‍ക്ക് ആവശ്യം അഴീക്കല്‍ തുറമുഖമാണെന്ന് കെ.എം.ഷാജി എം.എല്‍.എ. പറഞ്ഞു. അടുത്ത കാബിനറ്റില്‍ത്തന്നെ സീപോര്‍ട്ടിന്റെ തീരുമാനം ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടര്‍ രത്തന്‍ കേല്‍ക്കര്‍ സംസാരിച്ചു. ചേംബര്‍ വൈസ് പ്രസിഡന്റ് സി.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.എന്‍.ബാബു, ലീഗ് സംസ്ഥാന വൈസ്​പ്രസിഡന്റ് അബ്ദുള്‍ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രസ് ക്ലബ് സെക്രട്ടറി സി.കെ.കുര്യാച്ചന്‍ സ്വാഗതവും ചേംബര്‍ സെക്രട്ടറി സി.വി.ദീപക് നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.