Latest News

കൊലപാതകങ്ങള്‍ക്ക് അറുതി, സാമുദായിക സംഘര്‍ഷം കുറഞ്ഞു

കാസര്‍കോട് : ജില്ലയില്‍ വര്‍ഗ്ഗീയ കൊലപാതകങ്ങളും സാമുദായിക സംഘര്‍ഷങ്ങളും കുറഞ്ഞതായി ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ അറിയിച്ചു. ഈ വര്‍ഷം 9 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. പോലീസിന്റെ ശക്തമായ നടപടികളും സാമുദായിക സൗഹാര്‍ദ്ദം ശക്തിപ്പെട്ടതിനാലും കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ സാധിച്ചു. ജില്ലാ പോലീസിന്റെ പത്തിനകര്‍മ്മ പദ്ധതിയുടെ ഭാഗമായി 2291 സ്ഥിരം കുറ്റവാളികളുടെ, എല്ലാ വിവരങ്ങളും അടങ്ങുന്ന പട്ടിക തയ്യാറാക്കി. പട്ടിക, ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ചശേഷം കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്.

അഞ്ച് മേഖലകളിലായി, 24 മണിക്കൂറും നിരീക്ഷണം നടത്തുന്നതിന് ഇരു ചക്രവാഹനങ്ങളില്‍ പോലീസ് ഫ്‌ളയിംഗ് സ്‌ക്വാഡ് സംവിധാനം ഏര്‍പ്പെടുത്തി. സംഘര്‍ഷങ്ങളിലേര്‍പ്പെട്ടവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം, വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 69 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2011ല്‍ 2 വര്‍ഗ്ഗീയ കൊലപാതകങ്ങളും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 115 കേസുകളും രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ സജീവമായി. ചന്തേര,കുമ്പള കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാനുളള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. ട്രാഫിക് പോലീസ് സ്റ്റേഷനും അനുവദിച്ചു.
ജില്ലയില്‍ മതസൗഹാര്‍ദ്ദത്തിന് ഭംഗം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ 150 പോലീസുകാരും 15 എ.എസ്.ഐ മാരും 10 ഡ്രൈവര്‍മാരുമടങ്ങുന്ന പ്രത്യേക പോലീസ് സേനയെ നിയോഗിച്ചു. 5 ജീപ്പുകളും പോലീസിനായി 100 സിം കാര്‍ഡുകളും അനുവദിച്ചു. നദീതീര സംരക്ഷണ നിയമം ലംഘിക്കുകയും അനധികൃതമായി മണല്‍ കടത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട് ജില്ലയില്‍ 325 കേസുകളാണ് രജിസ്റ്റര്‍ ചെയ്യത്. മണല്‍കടത്തുകാര്‍ക്കെതിരെ 584 കേസുകളാണ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത്.
മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് പോലീസ് നടപടികള്‍ ശക്തമാക്കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. മലയോര പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികളില്‍ പോലീസിന്റെ സ്ഥിരം സാന്നിധ്യം ഉറപ്പുവരുത്തി. കോളനി വാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാഹചര്യമൊരുക്കി. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് രൂപീകരിച്ചു. ജനമൈത്രി പോലീസ് സംവിധാനം 8 പോലീസ് സ്റ്റേഷനുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റലിജന്‍സ് പ്രവര്‍ത്തനം ശക്തമാക്കിയതോടൊപ്പം, സംഘര്‍ഷ ബാധിത മേഖലകളില്‍ ജനപ്രതിനിധികളുടെ സഹാത്തോടെ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു.

മാനവസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിന് ജില്ലാപോലീസിന്റെ ആഭിമുഖ്യത്തില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ചു. ജില്ലയില്‍ ഇതിനകം 40 റസിഡന്‍സ് അസ്സോസിയേഷനുകളാണ് രൂപീകരിച്ചത്. യുവജന ക്ലബ്ബുകളുടെ കൂട്ടായ്മ, യുവത, കോളേജ് വിദ്യാര്‍ത്ഥികളുടെ ഉണര്‍വ്വ്, മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പ്പെടുന്ന സഫലം, അധ്യാപക കൂട്ടായ്മ അര്‍പ്പണം, മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദര്‍പ്പണം, വ്യാപാരി വ്യവസായികള്‍ ചേര്‍ന്ന് തണല്‍ എന്നിവക്കാണ് രൂപം നല്‍കിയത്.. ഈ കൂട്ടായ്മയുടെ ജില്ലാ തല യോഗം, ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തിലാണ് ചേരുന്നത്. 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ പൊന്‍പുലരി 37 സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ചു. 8,9,10 ക്ലാസ്സുകളിലെ വിവിധ മതസ്ഥരായ 30 വിദ്യാര്‍ത്ഥികള്‍ വീതം ഉള്‍പ്പെട്ട യൂണിറ്റാണ് രൂപീകരിച്ചത്. വേനല്‍കാലത്തെ പൊന്‍പുലരി ക്യാമ്പില്‍ 800 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.