Latest News

രാഷ്ട്രീയ അതിപ്രസരം യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു : വൈസ് ചാന്‍സലര്‍

കാസര്‍കോട് : രാഷ്ട്രീയ അതിപ്രസരം യൂണിവേഴ്‌സിറ്റിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുമെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യൂണിവേഴ്‌സിറ്റിയില്‍ ക്രിയാത്മക രാഷ്ട്രീയം വേണം. എന്നാല്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരം പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുകയും വ്യക്തികളില്‍ ഒതുങ്ങുകയും ചെയ്യുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രത്യേക മള്‍ട്ടി ക്യാമ്പസുകളായാണ് പ്രവര്‍ത്തിക്കുന്നത്. ഒമ്പത് കേന്ദ്രങ്ങളേയും ഒന്നിപ്പിച്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതി വിദ്യ ഉപയോഗിച്ച് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനമാക്കി മാറ്റിയിട്ടുണ്ട്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രശ്‌നങ്ങള്‍ നേരിട്ട് യഥാസമയം അധികൃതരെ അറിയിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. യൂണിവേഴ്‌സിറ്റിക്ക് നാക്കിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ്. 

31 ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പതിനേഴില്‍ സ്ഥിരം അധ്യാപകരില്ല. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയും നിലവിലുള്ള കോഴ്‌സുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു. ഇതൊക്കെ പരിഹരിച്ച് നാക്കിന്റെ അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തിലാണുള്ളത്. 

സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ ലൈബ്രറി സമുച്ചയമെന്ന ലക്ഷ്യവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രാവര്‍ത്തികമായികൊണ്ടിരിക്കുകയാണ്. ലൈബ്രറി കെട്ടിടത്തിന്റെ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാകുന്നതോടെ ഇതു യാഥാര്‍ത്ഥ്യമാകും.

സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ വടക്കേ പ്രദേശത്തുള്ള കന്നഡ, തുളു ഭാഷകളുടെ ഉന്നമനത്തിനായി മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് കേന്ദ്രീകരിച്ച് തുളു അക്കാദമിയുമായി ബന്ധപ്പെട്ടും ഭാഷകളുടെ അഭിവൃദ്ധിക്കായുള്ള പദ്ധതികളും ആവഷ്‌ക്കരിക്കും. 

യൂണിവേഴ്‌സിറ്റിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ഗവേഷണ തരത്തിലും കോഴ്‌സുകള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലും ഏറെ ശ്രദ്ധചെലുത്തുമെന്നും ഖാദര്‍ മാങ്ങാട് അറിയിച്ചു.

അധ്യാപകരുടെ അപര്യാപ്തത യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ഇതുമൂലം 16,000 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യാഥാര്‍ത്ഥ്യമാക്കാന്‍ മാധ്യമങ്ങളുടെ ശക്തമായ ഇടപ്പെടലാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു.

മീറ്റ് ദി പ്രസില്‍ പ്രസ് ക്ലബ്ബ് ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വാഗതവും, ജോ. സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ ആലൂര്‍ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.