Latest News

സരിതാനായരെകുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പി.സി. ജോര്‍ജ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള തട്ടിപ്പു കേസിലെ പ്രതി സരിതാനായരെകുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പി.സി. ജോര്‍ജ് പുറത്തുവിട്ടു. ഏഷ്യാനെറ്റിന്റെ ന്യൂസ്അവര്‍ പരിപാടിയിലാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. രാജു എബ്രഹാം എംഎല്‍എ ഈ വിഷയത്തെ കുറിച്ച് സംസാരിച്ച ശേഷം ഫോണ്‍ ഇന്നിലെത്തിയ പി.സി. ജോര്‍ജ് പിന്നെ കഥകളുടെ കെട്ടഴിച്ചുവിടുകയായിരുന്നു.

സരിതാ നായരുടെ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണോ എന്ന ന്യൂസ് റീജര്‍ വിനുവിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു തുടങ്ങിയ ജോര്‍ജ് പിന്നെ പുറത്തുവിട്ടത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. ചാനല്‍ ന്യൂസില്‍ ചര്‍ച്ച ചെയ്യാനിരുന്നതില്‍ നിന്നും വ്യത്യസ്തമായി സംഭവങ്ങള്‍ പെട്ടന്നു പുറത്തു വന്നപ്പോള്‍ കേട്ടിരുന്നവരെല്ലാം ഞെട്ടി. ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ താഴെ വിശദീകരിക്കുന്നു. 

ഇപ്പോള്‍ ജൂഡീഷ്യല്‍ അന്വേഷണത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് പറഞ്ഞാണ് പി.സി. ജോര്‍ജ് തുടങ്ങിയത്. മുഖ്യമന്ത്രിയുടെ പി.എ ആയ ടെന്നി ജോപ്പനുമായി ലക്ഷ്മി എന്നപേരില്‍ മുന്‍പ് അറിയപ്പെട്ടിരുന്ന സരിതാ നായര്‍ സംസാരിച്ചു എന്നുള്ളതാണ് പ്രശ്‌നം. അത് അന്വേഷിച്ചാല്‍ പോരെ. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ സ്വഭാവം എല്ലാവര്‍ക്കും അറിയാം. സരിത നായര്‍ മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അതിന് ഉത്തരം മുഖ്യമന്ത്രിയാണ് പറയേണ്ടതെന്നും, കേരളത്തിലെ മുഖ്യമന്ത്രി ആരെയും കബളിപ്പിക്കുന്ന ആളല്ലെന്നുമായിരുന്നു ജോര്‍ജിന്റെ മറുപടി. എനിക്ക് പറയാനുള്ളത് ഇതല്ല, ഈ ലക്ഷ്മി എന്ന സ്ത്രീ ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഇതിനുമുന്‍പ് എത്രയോ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും വിളിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് ജോര്‍ജ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇടതുപക്ഷം ഭരിക്കുന്ന സമയത്ത് അവരുടെ മന്ത്രിമാരെയും വിളിച്ചിട്ടുണ്ടെന്ന് തെളിയാന്‍ പോകുകയാണ്. ഞാന്‍ പറയാമെന്നെ.., ഈ സ്ത്രീ എന്നെയും വിളിച്ചിട്ടുണ്ട്. വിവരമറിഞ്ഞപ്പോള്‍തന്നെ ഞാന്‍ ജോപ്പനോട് സൂക്ഷിച്ചോ, ഈസ്ത്രീ ശരിയല്ലെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട ഒരു പാവപ്പെട്ട സ്ത്രീയാണ്. അങ്ങിനെയാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത് അതുകൊണ്ട് വിശ്വസിക്കാമെന്നായിരുന്നു ജോപ്പന്റെ മറുപടിയെന്നും പിസി. ജോര്‍ജ് വെളിപ്പെടുത്തി. 

കേസില്‍ അന്വേഷണം നടക്കുമ്പോള്‍ ടെന്നി ജോപ്പനെ മുഖ്യമന്ത്രി മാറ്റിനിര്‍ത്തുമെന്നാണ് കരുതുന്നതെന്നും ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു. ഉടന്‍ തന്നെ ന്യൂസ് റീഡര്‍ വിനുവിന്റെ ചോദ്യം എന്തിനാണ് പി.സി. ജോര്‍ജിനെ ഈ സ്ത്രീ വിളിച്ചതെന്തിനായിരുന്നു. 

ഉടന്‍ തന്നെ ജോര്‍ജ് പറഞ്ഞ രസകരമായ ഉത്തരം ഇതായിരുന്നു. എന്നെ വിളിച്ചത് പൂഞ്ഞാര്‍ മുഴുവന്‍ കറന്റ് ഉണ്ടാക്കാന്‍ ആണ്. പക്ഷേ അവരുടെ വരവും പെരുമാറ്റവും രീതിയും കണ്ടപ്പോള്‍ പന്തികേടു തോന്നി. അവര്‍പോയതിനു ശേഷമാണ് അവര്‍ എന്തിനാണ് തന്റെ അടുത്തു വന്നതെന്ന് മനസിലാക്കണമെന്ന് തോന്നിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. 

ഈ സ്ത്രീ കേരളത്തിലെ പ്രധാനപ്പെട്ട പലരുമായും അടുത്ത ബന്ധമുള്ള സ്ത്രീയാണ്. അതുമാത്രമല്ല, എന്റെടുത്തേക്ക് ഇവരെ പറഞ്ഞുവിട്ട ആളെയും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞെന്നും ജോര്‍ജ് പറഞ്ഞു. പിന്നീട് ഇവരെ എല്ലായിടത്തും കൊണ്ടു നടക്കുന്ന ഡ്രൈവറെ വിളിച്ചുവരുത്തി ചോദിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്. ഡ്രൈവര്‍ സത്യങ്ങള്‍ മുഴുവന്‍ പറഞ്ഞിട്ടുണ്ട് എന്ന് ജോര്‍ജ് വ്യക്തമാക്കി. ഇതിനിടെ പി.സി. ജോര്‍ജ് ഒരു സമാന്തര അന്വേഷണം നടത്തിയെന്ന ന്യൂസ് റീഡര്‍ വിനുപറഞ്ഞപ്പോള്‍ എന്റെടുത്ത് ഒരു പെണ്ണുവന്ന് പറ്റിക്കാന്‍ നോക്കിയാല്‍ ഞാന്‍ വെറുതെ വിടുമെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു മറുപടി. 

എന്നെ കുടുക്കാന്‍ വേണ്ടിയാണ് അവരെ അയച്ചതെന്ന് എനിക്ക് നൂറുശതമാനം ബോധ്യമാണെന്ന് ജോര്‍ജ് പറഞ്ഞു. മുന്നണിയിലുള്ള ജോര്‍ജിന്റെ ശത്രുക്കളാണോ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ പേരുപറായമെന്നെ, എന്നു പറഞ്ഞാണ് ഗണേഷ് കുമാറുമായി വളരെയധികം അടുത്ത ബന്ധമുള്ള, ഗണേഷ് വിവാഹം ചെയ്യാമെന്ന് വാക്കുകൊടുത്ത നിരവധി സ്ത്രീകളില്‍ ഒരാളാണ് ഈ സ്ത്രീ എന്നായിരുന്നു ജോര്‍ജ് വെട്ടിത്തുറന്ന് പറഞ്ഞത്. ഞാനെന്തിനാണ് മറച്ചുവയ്ക്കുന്നത് ? വെറുതെ മുഖ്യമന്ത്രിയെ നാറ്റിക്കാന്‍ ശ്രമിക്കേണ്ടല്ലൊ. ഗണേഷിന്റെ കീപ്പാണ് ഈ സ്ത്രീയെന്ന് ഇവരുടെ ഡ്രൈവര്‍ എന്നോട് സമ്മതിച്ചിട്ടുണ്ട്.

ഇതേയാള്‍തന്നെ മുഖ്യമന്ത്രിയെ കുടുക്കാണോ ജോപ്പന്റെയടുത്ത് ബന്ധപ്പെട്ടതെന്നും സംശയമുള്ളതായി പി.സി. പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടാക്കി കഴിഞ്ഞാല്‍ പല കാര്യങ്ങള്‍ക്കും എളുപ്പമുണ്ടെന്നും പി.സി പറഞ്ഞു. ഗണേഷ് ഇവരെ വിവാഹം ചെയ്യാമെന്ന് വാക്കുകൊടുത്തിട്ടുണ്ടെന്ന് സ്ത്രീയുടെ ബന്ധുവില്‍നിന്നു ലഭിച്ച വിവരമാണെന്നും ജോര്‍ജ് പറഞ്ഞു. ഇവര്‍ നേരത്തെ ലക്ഷ്മിയായിരുന്നു. പോലീസ് അറസ്റ്റുചെയ്തപ്പോഴല്ലേ ലക്ഷ്മി സരിതയായത്. 

ഗണേഷിന്റെ സ്ഥാനം ഉറപ്പിക്കലും രാജ്യം മുഴുവന്‍ കൊള്ളയടിക്കലുമായിരുന്നു ഈ സ്ത്രീയുടെ ഉദ്ദേശ്യം. ഇടതു രാഷ്ട്രീയ നേതാക്കള്‍ക്ക് ഇവരുമായുള്ള ബന്ധംകൂടി അന്വേഷണത്തില്‍ വരണം. അപ്പോള്‍ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ പലരുടെയും പൊയ്മുഖങ്ങള്‍ താഴെക്കുവീഴും. 

ബാലകൃഷ്ണ പിള്ളയുടെ ജനറല്‍ സെക്രട്ടറിയായിട്ടുള്ള മനോജിനെയും ഈ സ്ത്രീ വലയിലാക്കാന്‍ ശ്രമിച്ചതായും ജോര്‍ജ് വെളിപ്പെടുത്തി. അതേസമയം, കേന്ദ്രമന്ത്രി പി ചിദംബരം, കെ സി വേണുഗോപാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി അടൂര്‍ പ്രകാശ് തുടങ്ങിയവരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് സരിത എസ് നായര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് തട്ടിപ്പിനിരയായ ഇ കെ ബാബുരാജ് വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്‍ സരിത നായരുമായി ഫോണില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. 

ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണുകളില്‍ നിന്നും സരിതയുടെ മൊബൈലിലേക്ക് വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 2012 സപ്തംബറില്‍ പെരുമ്പാവൂര്‍ മുടിക്കല്‍ കുറ്റപ്പാലില്‍ സജ്ജാദിന് വിന്‍ഡ്മില്‍ ഫാമും സോളാര്‍ പ്ലാന്റും നിര്‍മിച്ചു നല്‍കാമെന്ന് ധരിപ്പിച്ച് 40,50,000 രൂപ തട്ടിയെടുത്ത കേസിലാണ് യുവതിയെ അറസ്റ്റ്‌ചെയ്തത്.

എന്തായാലും കേരള രാഷ്ട്രീയത്തില്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാവുന്നതാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ . ഇതിനെതിരേ ഗണേഷ് എങ്ങിനെ പ്രതികരിക്കും എന്നും കണ്ടറിയാം. 

ജോര്‍ജിന്റെ പ്രസ്താവനകള്‍ വിശദമായി വീഡിയോയിലൂടെ കാണാം




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.