Latest News

കാസര്‍കോട് പോലീസിന്റെ 'പൊന്‍പുലരി' സംസ്ഥാനതലത്തിലേക്ക്

കാസര്‍കോട്: ജില്ലയിലെ മതസംഘര്‍ഷവും കുറ്റകൃത്യങ്ങളും തടയാന്‍ കാസര്‍കോട് പോലീസ് നടപ്പാക്കിയ പദ്ധതി സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരും പോലീസ് വകുപ്പും തത്ത്വത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞു.

പോലീസിന്റെ മേല്‍നോട്ടത്തില്‍ സ്‌കൂള്‍വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാരുടെവരെ കൂട്ടായ്മ ലക്ഷ്യമിടുന്ന 'നമ്മളൊന്ന്' പദ്ധതി കാസര്‍കോട്ട് വിജയകരമായി പരീക്ഷിച്ചിരുന്നു. അതിലെ 'പൊന്‍പുലരി' എന്ന വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഏറെ ശ്രദ്ധനേടുകയുണ്ടായി.

കാസര്‍കോട്ട് നടപ്പാക്കിയ പദ്ധതിയുടെ രൂപരേഖ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഉന്നത പോലീസ് അധികൃതര്‍ക്ക് മുന്നില്‍ കാസര്‍കോട് ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ അവതരിപ്പിച്ചു. നേരത്തേ ആഭ്യന്തരവകുപ്പും കാസര്‍കോട് മാതൃകയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മതസംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ ഉതകുന്ന പദ്ധതിയായാണ് ആഭ്യന്തരവകുപ്പ് കാസര്‍കോട് മോഡലിനെ വിലയിരുത്തിയത്.

വര്‍ഗീയസംഘര്‍ഷങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന ജില്ലയാണ് കാസര്‍കോട്. 2008 മുതല്‍ 2011 വരെ വര്‍ഗീയസംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍ നാലെണ്ണം തുടര്‍ച്ചയായി നാലുദിവസങ്ങളിലായിരുന്നു. ഈ കേസുകള്‍ വിചാരണയ്ക്ക് തയ്യാറായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സ്‌കൂള്‍വിദ്യാര്‍ഥികളിലേക്കും മതവിദ്വേഷത്തിന്റെ വിഷം എത്തിത്തുടങ്ങിയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് 'പൊന്‍പുലരി' ക്ലബ്ബുകള്‍ക്ക് രൂപം നല്‍കിയത്. കഴിഞ്ഞവര്‍ഷം മേയിലാണ് പദ്ധതി തുടങ്ങിയത്.

ജില്ലയിലെ പ്രശ്‌നബാധിതമായ മേഖലകളിലെ 37 സ്‌കൂളുകളെ തിരഞ്ഞെടുത്ത് അധ്യാപകരുമായി ആശയം പങ്കുവെച്ചു. രണ്ടാംഘട്ടത്തില്‍ സ്‌കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍നിന്ന് 30 പേരെ തിരഞ്ഞെടുത്തു. എല്ലാ മതവിഭാഗങ്ങളില്‍ നിന്നുള്ളവരെയും ഉള്‍ക്കൊള്ളിച്ചു. ഒരു ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍, സ്‌കൂള്‍ മേധാവി, പി.ടി.എ. പ്രസിഡന്റ് എന്നിവരും ആ കൂട്ടായ്മയിലുണ്ടായിരുന്നു.

രണ്ട് സ്‌കൂളില്‍നിന്നുള്ള 60 അംഗ സംഘത്തെ ഒരു ക്ലസ്റ്ററാക്കി. അവര്‍ക്ക് മാസത്തിലൊരിക്കല്‍ ക്ലാസ് നല്‍കി. ക്ലാസിലേക്ക് വരുമ്പോള്‍ വീട്ടില്‍നിന്ന് എന്തെങ്കിലും ഭക്ഷണം കൊണ്ടുവരാന്‍ പ്രത്യേകം നിര്‍ദേശിച്ചു. ആ ഭക്ഷണം മറ്റുള്ളവര്‍ക്ക് കൈമാറി, പരസ്​പരം പങ്കിട്ട് അവര്‍ കഴിച്ചു. ഒടുവില്‍ കഴിഞ്ഞമാസം മൂന്ന് ദിവസങ്ങളിലായി 800 വിദ്യാര്‍ഥികള്‍ക്കായി 'പൊന്‍പുലരി' സഹവാസക്യാമ്പ് നടത്തി.

ഇതുപോലെ കോളേജ് വിദ്യാര്‍ഥികള്‍, യുവജന ക്ലബ്ബുകള്‍, സ്ത്രീകള്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ കൂട്ടായ്മയ്ക്കും രൂപം നല്‍കുന്ന പദ്ധതിയും തുടങ്ങിക്കഴിഞ്ഞു.

കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ പോലീസ് നടപടിക്കൊപ്പം ശാസ്ത്രീയമായ രീതിയില്‍ പോലീസും ജനങ്ങളുമായുള്ള അകലം കുറയ്ക്കലിലൂടെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുകയാണ് കാസര്‍കോട്ട് ചെയ്തത്. സംസ്ഥാനതലത്തില്‍ ഈ പദ്ധതി നടപ്പാകുമ്പോള്‍ സാമ്പത്തികസഹായവും അടിസ്ഥാനസൗകര്യവും ആഭ്യന്തരവകുപ്പ് നല്‍കും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.