Latest News

കുവൈത്തില്‍ രണ്ടു ഈജിപ്തുകാരുടെ വധശിക്ഷ നടപ്പാക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടു കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി. ഈജിപ്ത് സ്വദേശികളായ ഹജ്ജാജ് അല്‍ സഅദി, അഹ്മദ് അബ്ദുസ്സലാം അല്‍ ബഹ്ലി എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് സെന്‍ട്രല്‍ ജയിലിലെ പ്രത്യേകം തയാറാക്കിയ സ്ഥലത്തുവെച്ച് തൂക്കിലേറ്റിയത്. 

പബ്ളിക് പ്രോസിക്യൂഷനില്‍ ക്രിമിനല്‍ എക്സിക്യൂഷന്‍െറ ചുമതലയുള്ള ജഡ്ജ് മുഹമ്മദ് റഷീദ് അല്‍ ദുഹെഎജിന്‍െറ മേല്‍നോട്ടത്തിണ് ശിക്ഷ നടപ്പാക്കിയത്.
ഇവരോടൊപ്പം വധശിക്ഷക്ക് വിധേയരാവുമെന്ന് നേരത്തേ പ്രഖാപിക്കപ്പെട്ടിരുന്ന ഇന്ത്യക്കാരായ ചെല്ലപ്പന്‍ കാളിദാസ്, സുരേഷ് ഷണ്‍മുഖസുന്ദരം എന്നിവരുടെയും പാകിസ്താന്‍കാരന്‍ മുഹമ്മദ് വഖാസ് അബ്ദുല്‍ മജീദിന്‍െറയും വധശിക്ഷ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കൊലപാതകക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരുടെയും ബന്ധുക്കള്‍ ദിയ (ബ്ളഡ് മണി) നല്‍കാന്‍ തയറായതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ ഇടപെട്ട് ആ വിവരം കുവൈത്ത് അധികൃതരെ അറിയിക്കുകയും അതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുകയും ചെയ്തതിനെ തുടര്‍ന്നാണ് ശിക്ഷ റദ്ദായത്.
18 കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ, ‘ഹവല്ലി പ്രേതം’ എന്നറിയപ്പെട്ടിരുന്ന ഹജ്ജാജിന് പത്ത് കേസുകളില്‍ വധശിക്ഷ വിധിക്കപ്പെട്ടിരുന്നു. 2006ലും 2007ലുമായി പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ ഹജ്ജാജിനെ നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വിമാനത്തില്‍വെച്ചാണ് നാടകീയമായി പിടികൂടിയിരുന്നത്. വീടിന് തീകൊളുത്തി രണ്ടു പേരെ കൊന്ന കേസിലാണ് അഹ്മദ് അബ്ദുസ്സലാം അല്‍ ബഹ്ലി വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നത്.
ഈ വര്‍ഷം കുവൈത്തില്‍ ഇത് രണ്ടാം തവണയാണ് വധശിക്ഷ നടപ്പാക്കുന്നത്. ആറു വര്‍ഷത്തെ ഇടവേളക്കുശേഷം രണ്ടു മാസം മുമ്പ് രാജ്യത്ത് വധശിക്ഷ അരങ്ങേറിയിരുന്നു. കൊലപാതക കേസുകളില്‍ വധശിക്ഷ വിധിക്കപ്പെട്ട മൂന്നു പേരെയാണ് ഏപ്രീല്‍ ഒന്നിന് തൂക്കിലേറ്റിയത്. സൗദി പൗരനായ ഫൈസല്‍ അല്‍ ഉതൈബി, ബിദൂനിയായ താഹിര്‍ അല്‍ ഉതൈബി, പാകിസ്താന്‍കാരനായ പര്‍വേസ് ഗുലാം എന്നിവരാണ് ശിക്ഷക്ക് വിധേയരായത്.
കഴിഞ്ഞ ദിവസം രണ്ടു കേസുകളിലായി വധശിക്ഷ വിധിക്കപ്പെട്ട മൂന്നു പേരടക്കം 49 പേര്‍ ഇനിയും രാജ്യത്ത് തൂക്കുമരം കാത്തുകഴിയുന്നുണ്ട്. ഇതില്‍ 2009 ആഗസ്റ്റില്‍ 57 പേരുടെ മരണത്തിനിടയാക്കിയ ജഹ്റ വിവാഹ ടെന്‍റ് തീവെക്കലിലെ പ്രതി നസ്റ അല്‍ ഇന്‍സിയും പെടും. ഇവരില്‍ 20 പേരുടെ അപ്പീലുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതിയും വധശിക്ഷ ശരിവെച്ച അല്‍ ഇന്‍സിയുടേതടക്കം 29 പേരുടെ കേസുകള്‍ അമീറിന്‍െറ മുമ്പിലും.
അമീര്‍ ഒപ്പുവെക്കുന്നതനുസരിച്ച് പബ്ളിക് പ്രോസിക്യൂഷന്‍ ഇവരുടെ വധശിക്ഷയുടെ തിയതി തിരുമാനിക്കും. അമ്പത് വര്‍ഷം പിന്നിട്ട കുവൈത്തിന്‍െറ ചരിത്രത്തില്‍ ഇതുവരെ 77 പേര്‍ വധശിക്ഷക്ക് വിധേയരായിട്ടുണ്ട്. ഇതില്‍ മൂന്ന് സ്ത്രീകളടക്കം ആറു പേര്‍ ഇന്ത്യക്കാരാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.