Latest News

അറബ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് പള്ളിക്കര സ്വദേശി അസ്‌കര്‍

ഷാര്‍ജ: കാസര്‍കോട് പള്ളിക്കര  സ്വദേശി അസ്‌കറിന് നിനച്ചിരിക്കാതെ ലഭിച്ച അവസരമായിരുന്നു അത്. ഷാര്‍ജ അല്‍ ഖാസിമിയ്യയില്‍ മിലാനോ മൊബൈല്‍ഫോണ്‍ ഷോപ്പ് നടത്തുന്ന പള്ളിക്കര കണ്ടത്തില്‍ ഹൗസില്‍ മുഹമ്മദ് അസ്‌കറിനാണ് അറബ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് അവസരം തേടിയെത്തിയത്.

റാസല്‍ ഖൈമ സ്വദേശിയായ അറബി സിനിമാ സംവിധായകന്‍ മുഹമ്മദ് ഹാഷിം അള്‍ ബ്ലൗഷിയുടെ 'അല്‍ യൗം' എന്ന സിനിമയില്‍ ഉപനായകന്റെ കൂട്ടുകാരന്റെ വേഷത്തിലാണ് അസ്‌കര്‍ വെള്ളിത്തിരയിലേക്ക് വരുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ച സന്തോഷത്തിലാണ് അസ്‌കറും കൂട്ടുകാരും. 'അല്‍ യൗം' എന്ന സിനിമയുടെ ചിത്രീകരണം റാസല്‍ ഖൈമയിലും അല്‍ ഐനിലുമായി പുരോഗമിക്കുകയാണ്. സിനിമയിലേക്ക് ലഭിച്ച അവസരത്തെക്കുറിച്ച് അസ്‌കര്‍ പറയുന്നതിങ്ങനെ - എന്റെ മൊബൈല്‍ ഷോപ്പില്‍ സ്ഥിരമായി വരുന്ന മുഹമ്മദ് ജാസിം എന്ന അറബി സുഹൃത്താണ് സിനിമയിലഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചത്. എന്നെ കളിയാക്കുകയാണ് എന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ, എന്നെയും കൂട്ടി അദ്ദേഹത്തിന്റെ വാഹനത്തില്‍ ഷാര്‍ജ കിതാബ് റൗണ്ട് എബൗട്ടിനടുത്തുള്ള വില്ലയിലേക്കാണ് കൊണ്ടുപോയത്. അറബി വേഷത്തില്‍ വസ്ത്രം ധരിപ്പിച്ച ശേഷം രണ്ട് മൂന്ന് ഫോട്ടോകളെടുത്തു. പിറ്റേദിവസം രാവിലെ എന്നെ ഫോണിലൂടെ വിളിച്ച് അഭിനയിക്കാന്‍ തയ്യാറായിക്കൊള്ളാന്‍ പറഞ്ഞു.

അറബ് സിനിമയിലഭിനയിക്കാന്‍ ലഭിച്ച അവസരങ്ങളെക്കാള്‍ ഏറെ സന്തോഷം പകര്‍ന്നത് അറബ് സിനിമയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതാണെന്ന് അസ്‌കര്‍ പറയുന്നു. ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ ഇറാനി സിനിമകളുടെ കലാമൂല്യത്തെക്കുറിച്ച് കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുണ്ട് എന്നല്ലാതെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചിട്ടില്ല. ആദ്യാവസാനം വരെ പിടിച്ചിരുത്തുക എന്നതില്‍ ശ്രദ്ധിക്കുന്ന സിനിമയില്‍ കഥ പറയുന്നത് രസകരമായ കാഴ്ചകളിലൂടെയാണ്. അഭിനയിക്കേണ്ട എന്ന ഉപദേശമായിരുന്നു സംവിധായകന്‍ ആദ്യം നല്കിയത്. ചെറിയ റോളാണെങ്കിലും ഒരു മുന്‍പരിചയവുമില്ലാതെ ഞാന്‍ മനോഹരമാക്കി എന്നാണ് അവര്‍ പറഞ്ഞത്.

വര്‍ഷങ്ങള്‍ക്കുമുമ്പ് കാണാതായ മകന്‍ തിരിച്ചുവരുന്ന ഒരു ദിവസത്തെക്കുറിച്ച് സ്വപ്നം കാണുന്ന ഒരു അമ്മയുടെ കഥയായതുകൊണ്ടാണ് 'ഒരു ദിവസം' എന്ന അര്‍ഥം വരുന്ന 'അല്‍ യൗം' എന്ന് സിനിമയ്ക്ക് പേരിട്ടത്. 'അറബിക്കഥ' എന്ന മലയാള സിനിമയില്‍ അഭിനയിച്ച യു.എ.ഇ.യിലെ പ്രമുഖരായ അറബിതാരങ്ങളുടെ കൂടെയാണ് അസ്‌കര്‍ അഭിനയിച്ചിരിക്കുന്നത്. പത്ത് വര്‍ഷമായി ഷാര്‍ജയിലുള്ള അസ്‌കറിന് നന്നായി അറബി സംസാരിക്കാനുള്ള കഴിവും അറബികളുമായുള്ള ബന്ധവുമാണ് സിനിമയിലേക്ക് വാതില്‍ തുറന്നത്. പള്ളിക്കര സ്വദേശികളായ ഉമ്മാലിയുടെയും മുഹമ്മദിന്റെയും മകനാണ് അസ്‌കര്‍. തുടര്‍ന്നും സിനിമയിലേക്ക് ക്ഷണം ലഭിച്ചാല്‍ അഭിനയിക്കുമെന്ന് പറയുന്ന അസ്‌കര്‍, ഇതൊരു തൊഴിലാക്കിമാറ്റാന്‍ താത്പര്യമില്ലെന്ന നയവും വ്യക്തമാക്കുന്നു.
(കടപ്പാട്: മാതൃഭൂമി)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.