Latest News

ഭര്‍ത്താവിനെത്തേടി എറണാകുളത്തെത്തിയ ബേക്കലിലെ യുവതിക്ക് ജനമൈത്രി പോലീസ് തുണയായി

ബേക്കല്‍: കൈക്കുഞ്ഞുങ്ങളുമായി ഭര്‍ത്താവിനെത്തേടി ബേക്കലില്‍ നിന്നും 450 കിലോമീറ്റര്‍ താണ്ടി എറണാകുളം ജില്ലയിലെ കടുത്തുരുത്തിയിലെത്തിയ യുവതിക്ക് ജനമൈത്രി പോലീസ് തുണയായി. ഭര്‍ത്താവ് നല്‍കിയ വിലാസം വ്യാജമാണെന്നു അറിഞ്ഞ് തളര്‍ന്നിരുന്ന യുവതിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ കണ്ടുപിടിച്ചു നല്‍കാനും പോലീസിനായി.

കടുത്തുരുത്തിയില്‍ തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് രണ്ടു വയസും ആറു മാസവും പ്രായമുള്ള രണ്ടു ആണ്‍കുട്ടികളുമായി യുവതി എത്തിയത്. വിവരമറിഞ്ഞ നാട്ടുകാരാണ് യുവതിയെയും കുഞ്ഞുങ്ങളെയും സ്റ്റേഷനിലെത്തിച്ചത്. ഭര്‍ത്താവ് നല്‍കിയ കടുത്തുരുത്തിയിലെ വിലാസം അന്വേഷിച്ചപ്പോഴാണ് ഇത് വ്യാജമാണെന്നു യുവതിയും പോലീസും മനസിലാക്കുന്നത്. തുടര്‍ന്ന് യുവതിയുടെ ഫോണില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിളിച്ചിരുന്ന ലാന്‍ഡ് ഫോണ്‍ നമ്പര്‍ ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചില്‍ നല്‍കിയാണ് ഇവരുടെ വിലാസം പോലീസ് തപ്പിയെടുത്തത്.

ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും ഉള്‍പ്പെടെയുള്ളവരുടെ കുടുംബഫോട്ടോയും യുവതിയുടെ കൈയിലുണ്ടായിരുന്നു. വീട്ടിലെത്തിയ പോലീസിനെ കണ്ട് യുവാവ് ഓടി രക്ഷപ്പെട്ടു. പിന്നീട് യുവാവിന്റെ ബന്ധുക്കള്‍ എസ്‌ഐ എം.എസ്. ഷാജഹാനുമായി സ്റ്റേഷനിലെത്തി ചര്‍ച്ച ചെയ്തതിനെത്തുടര്‍ന്ന് യുവതിയെയും കുഞ്ഞുങ്ങളെയും യുവാവിന്റെ വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയാറായി.

ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാനായി കാസര്‍കോട് എത്തിയപ്പോഴാണ് മൂന്നരവര്‍ഷം മുമ്പ് അന്യമതസ്ഥയായ യുവതിയുമായി യുവാവ് പ്രണയത്തിലാകുന്നത്. ഇവിടെ ഹോട്ടലില്‍ ജോലി ചെയ്തുവരവെ ഇവര്‍ കൂടുതല്‍ അടുക്കുകയും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ഒരുമിച്ച് താമസമാരംഭിക്കുകയും ചെയ്തു. ഇതിനിടെ രണ്ടു കുട്ടികളും ജനിച്ചു. പഠനം കഴിഞ്ഞ് കാസര്‍കോട് തന്നെയുള്ള ഹോട്ടലില്‍ ജോലി ചെയ്തിരുന്ന യുവാവ് വാടകവീടെടുത്തു യുവതിക്കും മക്കള്‍ക്കുമൊപ്പമായിരുന്നു താമസം.

മൂന്നു മാസം മുമ്പ് യുവതിയുടെ സഹോദരനുമായി വഴക്കിട്ടശേഷം വീട്ടില്‍നിന്നും പോയ യുവാവ് പിന്നീട് ഇവിടെ ചെന്നിരുന്നില്ല. പലപ്രാവിശ്യം ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെത്തുടര്‍ന്ന് യുവതി കൈക്കുഞ്ഞുങ്ങളുമായി തിങ്കളാഴ്ച രാവിലെ കടുത്തുരുത്തിയിലെത്തുകയായിരുന്നു. രാത്രിയിലെ ട്രെയിന് യുവാവിനൊപ്പം യുവതിയെയും കുഞ്ഞുങ്ങളെയും കാസര്‍കോടിനു പറഞ്ഞയച്ചു. വരുംദിവസം നിയമപരമായി ഇവരുടെ വിവാഹം നടത്തിക്കൊള്ളാമെന്നു യുവാവിന്റെ പിതാവ് അറിയിച്ചിട്ടുണ്ടെ ന്നും കടുത്തുരുത്തി എസ്‌ഐ പറഞ്ഞു..


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.