Latest News

മഴ പറയാതെപറയുന്നത്...


കൊതിപ്പിച്ചു കൊതിപ്പിച്ച് കബളിപ്പിച്ചൊടുവില്‍ മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു...വറ്റിവരണ്ട പുഴകളും വെന്തുരുകിയ ചെടികളും വരള്‍ച്ചകണ്ടു തകര്‍ന്ന മനസ്സുകളും ഓരോ മഴത്തുള്ളിയേയും പാട്ടുപാടി വരവേല്‍ക്കുമ്പോള്‍ ആടിപാടിവരുന്ന മഴ ഇടിമിന്നലിന്റെ താളമേളങ്ങളില്‍ ഭൂമിയില്‍ നൃത്തം ചെയ്യുകയാണ്....ഇനി നമുക്ക് മഴയെ ആസ്വദിക്കാം, മതിവരുവോളം...

മഴ വല്ലാത്തൊരനുഭൂതിയാണ്. എത്ര കണ്ടാലും കൊതിതീരാത്ത പ്രതിഭാസവും...മഴക്കുവേണ്ടിയുള്ള കാത്തിരിപ്പിനുപോലും ഒരു പ്രണയത്തിന്റെ സുഖമുണ്ട്. ആദ്യ മഴപെയ്യുമ്പോള്‍ ഓടിവരുന്ന മണ്ണിന്റെ ഗന്ധം ഉള്ളിലേക്കടിച്ചുകേറുന്ന നേരം കിട്ടാക്കനിയായ ഏതോ ഒരു പലഹാരം പോലെ അത് മനസിനെ മതിപ്പിക്കും...ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങളില്‍ മഴ നല്ലൊരു കൂട്ടുകാരനാണ്, ചിലപ്പോഴൊക്കെ പാട്ടുകാരനും പലപ്പോഴുമതിന് അമ്മയുടെ മുഖമുണ്ട്, പ്രണയിനിയുടെ കുസൃതിയും കുഞ്ഞുപെങ്ങളുടെ നിഷ്‌കളങ്കതയും....എല്ലാറ്റിനുമുപരി മഴ ഒരു ലഹരിയാണ്. വീണ്ടും വീണ്ടും കാണാന്‍ കൊതിപ്പിക്കുന്ന എന്തോ ഒന്ന് മഴയിലുണ്ട്. അതുകൊണ്ടല്ലെ അനുവാദമില്ലാതെതന്നെ മഴയെ നാം ജീവന്റെ ജീവനോളം സ്‌നേഹിച്ചുപോകുന്നതും...അതെ, മഴ നമ്മുടെ ആരെക്കെയോ ആയി മാറുകയാണ്, ചിലപ്പോഴൊക്കെ കുറ്റപ്പെടുത്തുമെങ്കിലും...ആ പിറുപിറുക്കല്‍പോലും സ്‌നേഹത്തില്‍ നിന്ന് പിറവിയെടുക്കുന്നു, അമ്മയെ പരിഭവം പോലെ...
മഴ പെയ്‌തൊഴിഞ്ഞ ശേഷം ഭൂമിയില്‍ നിശബ്ദത പടരും, പെയ്യാനൊരുങ്ങുമ്പോഴും...വ്യത്യസ്തമായ ആ കാലാവസ്ഥയില്‍ സുഖമുള്ളൊരു നൊമ്പരം ഉള്ളിന്റെയുള്ളിലെവിടെയോ പൊട്ടിമുളയ്ക്കും. ഒരുപക്ഷെ അത് പ്രിയപ്പെട്ടവരെകുറിച്ചുള്ള ഓര്‍മ്മകളായിരിക്കാം, അല്ലെങ്കില്‍ നഷ്ടപ്പെട്ട പലതിനേയും കുറിച്ചുള്ള ചിന്തകളായിരിക്കാം. ഈ സമയം പ്രണയിക്കുന്നവര്‍ക്കുമാത്രമുള്ളതാണെന്ന് അവള്‍ ഇടക്കിടെ പറയാറുണ്ട്.
ഇതേ ദൃശ്യം പ്രകൃതിയെ സുന്ദരിയാക്കുമ്പോള്‍ മുത്തശ്ശിയും പറയും. എന്തോ വനം കരയുന്നു. അതെ, മഴ ഒരു നൊസ്റ്റാള്‍ജിയ തന്നെ....
തുറന്നുവെച്ച ജാലകത്തിനരികിലിരിക്കുമ്പോള്‍ അക്കരകുന്നിലൂടെ പെയ്തുവരുന്ന മഴയാണ് ഏറെ സുന്ദരി...മഴ തന്നെ സംഗീതമാണെങ്കില്‍ അതിനേക്കാള്‍ സുഖമാണ് മഴയോടൊത്ത് സംഗീതമാസ്വദിക്കാന്‍...പേടിപ്പിച്ചു വിറപ്പിക്കാതെ, ഇടിമിന്നലിന്റെ അകമ്പടിയില്ലാതെ മൃദുലമായ കാറ്റിനോടൊപ്പം മഴ അങ്ങനെ പെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു വര്‍ണ്ണചിത്രം പോലെ നാം മഴയെനോക്കികൊണ്ടിരിക്കും...
ഓരോ മഴക്കും ഓരോ മുഖമാണ്...രാത്രിയുടെ യാമങ്ങളില്‍ പെയ്തിറങ്ങുന്ന രൗദ്രഭാവംപൂണ്ട മഴതുള്ളികള്‍ വാതിലില്‍ മുട്ടിപേടപ്പിക്കുമ്പോള്‍ അമ്മയുടെ നെഞ്ചോട് ഒട്ടിപ്പിടിച്ച് കിടന്ന ആ മൂന്നാം വയസിലെ മഴയല്ല കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാടവരമ്പത്തൂടെ പെയ്യാനൊരുങ്ങുന്ന മഴയെപേടിച്ചോടുമ്പോള്‍ കണ്ടത്. കൗമാരത്തില്‍ പെയ്തിറങ്ങുന്ന മഴയക്ക് പ്രണയത്തിന്റെ നിറമാണ്. യൗവ്വനത്തില്‍ വന്നുവീഴുന്ന മഴയ്ക്ക് ഒരു പരാക്രമിയുടെ സ്വഭാവമുണ്ടെന്ന് പറഞ്ഞാല്‍ അത് തെറ്റാകുമോ(?) കാരണം ഇവിടെ മഴയെ ആസ്വദിക്കാന്‍ സമയമില്ല.ജീവിതത്തെ പച്ചപിടിപ്പിക്കാനും പണം വാരികൂട്ടാനും മാത്രമായി ഓടി തളരുമ്പോള്‍ സുഷിരം വീണ കുടയ്ക്കുള്ളിലൂടെ അറിയാതെ വന്നുനനയ്ക്കുന്നതോ കാറിന്റെ ഗ്ലാസില്‍ തട്ടിപുഞ്ചിരിക്കുന്നതോ നാം അറിയുന്നില്ല...പിന്നെ വാര്‍ദ്ധക്യത്തിലെ മഴ...അത് നീണ്ട വര്‍ഷങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന വര്‍ഷകാലത്തിന്റെ ഡയറിതാളുകളാണ്. മഴയുടെ ഓരോ കുസൃതിയും പിണക്കവും തന്റേടവും അവിടെ വായിച്ചെടുക്കാന്‍ കഴിയുന്നു. അങ്ങനെ ഓരോ രൂപത്തിലും ഭാവത്തിലുമാണ് മഴ പെയ്തുകൊണ്ടിരിക്കുന്നത്.
***                    ***                      ***                         ***                     ****
ഓരോ മഴതുള്ളിയും പെയ്തിറങ്ങുന്നത് ഓര്‍മ്മയുടെ നൈല്‍ നദിയിലേക്കാണ്. ഓരോ മഴവെള്ളത്തിലും ഒഴുകിവരുന്നത് ബാല്യത്തിന്റെ കടലാസുതോണിയാണ്. മഴ നനഞ്ഞ് പനിവന്ന് കിടപ്പിലാവാത്തൊരുബാല്യം ആരുടെ ജീവിതത്തിലും തൊട്ടുകാണിക്കാനാവില്ല. തിമിര്‍ത്തുപെയ്യുന്ന മഴയത്ത് കുട ചൂടി സ്‌കൂള്‍ തേടി നടന്ന കുട്ടികാലം നിങ്ങളും ഓര്‍ക്കുന്നില്ലെ...മഴ നനഞ്ഞ് കീറിപോയ പുസ്തകങ്ങളുടെ കണക്ക് ഇപ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നില്ലെ? അടിച്ചുവീശുന്ന കാറ്റിനെപേടിച്ചോടുമ്പോള്‍ ഒരിക്കലെങ്കിലും വഴിയില്‍ വഴുതിവീണിട്ടില്ലെ? കമ്പിവളഞ്ഞ് കുട നിവര്‍ന്ന് പോയതും പ്രകൃതിയെ പിടിച്ചുകുലുക്കുന്ന ഇടിയുടെ സംഹാരതാണ്ഡവത്തില്‍ മക്കളേ പേടിക്കല്ലേയെന്നുപറഞ്ഞ് സാന്ത്വനിപ്പിക്കുന്ന ടീച്ചറുടെ മുഖവും മനസ്സിലെവിടെയോ തിളങ്ങിനില്‍ക്കുന്നില്ലെ? ഇടമുറിയാതെ പെയ്യുന്ന കര്‍ക്കിടക മാസത്തില്‍ നിങ്ങളുടെ ക്ലാസ് മുറിയും ഒരിക്കലെങ്കിലും ഇരുട്ടില്‍ മൂടപ്പെട്ടിട്ടില്ലെ
***                    ***                      ***                         ***                     ****
പലര്‍ക്കും മഴ ഒരു ശാപമാണ്....തെരുവിന്റെ മക്കള്‍...വഴിവാണിഭക്കാര്‍...കൂലിവേലക്കാര്‍....അവരൊക്കെ മഴയെ ശപിക്കും....ഇവിടെ മഴക്ക് ഭയപ്പാടിന്റെ മുഖമാണ്...ശക്തിയും വാശിയും കൂടികൂടിവരുന്ന മഴകാണുമ്പോള്‍ സ്‌കൂളില്‍ നിന്നുവരാനുള്ള മക്കളെ കാത്തിരിക്കുന്ന അമ്മയുടെ ഉള്ള് ഒരു തീക്കനലാകും...ഹൃദയം എരിഞ്ഞെരിഞ്ഞ് തീരുമ്പോള്‍ മഴ വെറുക്കപ്പെടുന്നു...
തുടരെതുടരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മണ്ണിടിഞ്ഞ് വീഴുന്നതും ഇതേ മഴക്കാലത്ത് തന്നെയാണ്. രാജസ്ഥാനിയുടെ കമ്പിളിയില്‍ മൂടിപ്പുതച്ച് കിടന്ന് മഴയെ ശരിക്കൂമാസ്വദിക്കുമ്പോള്‍ ആ മുഖങ്ങള്‍ സങ്കടത്തിന്റെ ചൂളംവിളി മുഴക്കിക്കൊണ്ടേയിരിക്കുന്നു...
***                    ***                      ***                         ***                     ****
പ്രണയത്തെക്കുറിച്ച് പറയാതെ ഒരു മഴകുറിപ്പും പൂര്‍ത്തിയാക്കാനാവില്ല. കാരണം പ്രണയമാണ് മഴ. മഴയാണ് പ്രണയം. മലയാളത്തിന്റെ ഓരോ മഴ കവിതയിലും പ്രണയം നിറഞ്ഞ് തുളുമ്പുകയോ തൊട്ടുതലോടുകയോ ചെയ്യുന്നു...സച്ചിദാന്ദനും ചുള്ളിക്കാടും വിനയചന്ദ്രനും കൈതപ്രവുമെല്ലാം മഴയുടെ വസന്തമാണ് മലയാളമണ്ണില്‍ തീര്‍ത്തുവെച്ചത്.
കൈതപ്രത്തിന്റെ പാട്ടുകളില്‍ മഴ ആയിരം മുഖങ്ങളായി ഒരേ നേരത്ത് പെയ്തിറങ്ങും.
പ്രണയമണി തൂവല്‍ കൊഴിയും പവിഴ മഴ....എന്നു തുടങ്ങുന്ന പാട്ടില്‍ നാം ഒരിക്കലും കാണാത്ത അനേകം മഴകളെയാണ് കൈതപ്രം പരിചയപ്പെടുത്തുന്നത്.

ഇനി മഴയാണ് നമുക്ക് കൂട്ട്, കണ്‍മുന്നില്‍ മഴ പാട്ടുപാടുമ്പോള്‍ ഹൃദയം പറയുന്നു എന്നും മഴയായിരുന്നെങ്കില്‍...

പുതുമഴ മണ്ണിന്റെ ഗന്ധം
മനസ്സിനെ മതിപ്പിക്കുന്നു....
വീടിന് ചുറ്റും മഴ തുള്ളി വീഴുന്നുണ്ടാവും...
ഉമ്മ...
കൂടുതല്‍ പൊലൊഴിച്ച്
അണ്ടിപരിപ്പ് വറുത്ത് എനിക്കൊരു ഗ്ലാസ് ചായ തരുമോ(?) 



എബി കുട്ടിയാനം


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.