Latest News

ഹൈദരലി ശിഹാബ് തങ്ങള്‍ ചന്ദ്രിക പ്രസാധക സ്ഥാനമൊഴിഞ്ഞു

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ പ്രസാധക സ്ഥാനം ഒഴിഞ്ഞു. സമസ്ത ഇ കെ വിഭാഗം തുടങ്ങാനിരിക്കുന്ന ‘സുപ്രഭാതം’ ദിനപ്പത്രത്തിന്റെ പ്രസാധക സ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് ഹൈദരലി തങ്ങള്‍ പ്രസാധക സ്ഥാനം രാജിവെച്ചതെന്നാണ് സൂചന. പി കെ കെ ബാവയാണ് ചന്ദ്രികയുടെ പുതിയ പ്രസാധകന്‍.

മുസ്ലിം ലീഗിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഇ കെ വിഭാഗം പുതിയ ദിനപ്പത്രം തുടങ്ങാന്‍ പോകുന്നത്. കേരളപ്പിറവി ദിനത്തില്‍ പുതിയ പത്രം പുറത്തിറങ്ങുമെന്നാണ് നേതാക്കള്‍ പറയുന്നത്.

ചന്ദ്രികയില്‍ തങ്ങളുടെ സംഘടനാ വാര്‍ത്തള്‍ക്ക് വേണ്ടത്ര പ്രാമുഖ്യം ലഭിക്കാത്തതും കാന്തപുരം സുന്നികളുടെ വാര്‍ത്തകള്‍ക്ക് ചന്ദ്രികയില്‍ പ്രാധാന്യം നല്‍കുന്നതുമാണ് പുതിയ പത്രം തുടങ്ങാന്‍ കാരണമെന്നാണ് ഇ കെ വിഭാഗം നേതാക്കള്‍ പറയുന്നത്. ചന്ദ്രികക്ക് ഒരു സുന്നികളുടെ മാത്രം വാര്‍ത്ത കൊടുക്കാന്‍ പറ്റില്ലെന്നും കാന്തപുരം സുന്നികളെ തഴയാന്‍ പറ്റില്ലെന്നും ഒരു ഉന്നത ലീഗ് നേതാവ് പറഞ്ഞു.

ചന്ദ്രികയോട് പ്രത്യക്ഷത്തില്‍ തന്നെ യുദ്ധം പ്രഖ്യാപിച്ചാണ് സുപ്രഭാതത്തിന്റെ വരവ്. ചന്ദ്രികയിലെ പ്രമുഖനായിരുന്ന കെ.പി കുഞ്ഞിമൂസയാണ് സുപ്രഭാതത്തിന്റെ പത്രാധിപര്‍.

സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മാനേജരായ പിണങ്ങോട് അബൂബക്കറിനാണ് സുപ്രഭാതത്തിന്റെയും ചുമതല. സുപ്രഭാതത്തിന്റെ പ്രചാരണം സുന്നി യുവജന സംഘടനകള്‍ ഏറ്റെടുത്തതും ചന്ദ്രികയ്ക്ക് കടുത്ത ക്ഷീണമാകും.

ചന്ദ്രികയുടെ പ്രധാന മേഖലകളായിരുന്ന സുന്നി മദ്രസകള്‍ തന്നെയാണ് സുപ്രഭാതവും ലക്ഷ്യം വെക്കുന്നത്. ഇനി മുതല്‍ സുന്നി മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ചന്ദ്രികയ്ക്ക സ്ഥാനമുണ്ടാകില്ല.

സ്വന്തമായി ദിനപത്രം തുടങ്ങുന്ന കാര്യം ഇ.കെ വിഭാഗം ആലോചിക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് എട്ട് വര്‍ഷത്തോളമായി. മുന്‍പ് പല തവണ ഇതുസംബന്ധിച്ച ചര്‍ച്ചയും നടന്നിരുന്നു.

എന്നാല്‍ ലീഗ് നേതൃത്വവും പാണക്കാട് കുടുംബവും ഇടപെട്ടത് കൊണ്ടാണ് ഇത് യാഥാര്‍ത്ഥ്യമാകാതിരുന്നത്. എ.പി വിഭാഗത്തിന് സ്വന്തം പത്രമായ സിറാജിലൂടെ തങ്ങളുടെ ആശയങ്ങള്‍ വ്യക്തമായി പറയാന്‍ കഴിയുമ്പോള്‍ തങ്ങള്‍ക്ക് ചന്ദ്രികയില്‍ ലഭിക്കുന്നത് പരിമിതമായ അവസരം മാത്രമാണെന്ന് ഇ.കെ വിഭാഗം നേരത്തേ ആരോപിച്ചിരുന്നു.


വാര്‍ത്ത വ്യാജമെന്ന് ചന്ദ്രിക
കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റര്‍ ആന്റ് പബ്ലിഷര്‍ സ്ഥാനത്തു നിന്ന് മാനേജിംഗ് ഡയറക്ടര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഒഴിഞ്ഞുവെന്ന വാര്‍ത്ത വ്യാജമെന്ന് ചന്ദ്രിക.
ചന്ദ്രികയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ കെ.പി.മുഹമ്മദ് ഷാഫി എഴുതിയ കുറിപ്പിലാണ് വാര്‍ത്ത വ്യാജമാണെന്ന് പറയുന്നത്.

മുപ്പത് വര്‍ഷത്തിലധികം ചന്ദ്രികയുടെ പ്രിന്ററും പബ്ലിഷറുമായിരുന്ന സി.കെ താനൂര്‍ (സി. കുഞ്ഞുട്ടി) വിരമിച്ചതിനെ തുടര്‍ന്നാണ് പി.കെ.കെ ബാവ തല്‍സ്ഥാനത്ത് നിയമിതനാവുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതിനു മുമ്പുള്ള ഏതാനും മാസങ്ങള്‍, മാനേജിംഗ് ഡയറക്ടര്‍ ആയ ഹൈദരലി തങ്ങള്‍ ഈ ചുമതല വഹിച്ചിരുന്നു. 2011 അവസാനത്തിലാണ് പി.കെ.കെ ബാവയെ പ്രിന്ററും പബ്ലിഷറും ആയി നിയമിച്ചത്. ഇതിന്റെ അംഗീകാരത്തിനുള്ള അപേക്ഷ ന്യൂഡല്‍ഹിയിലെ ന്യൂസ്‌പേപ്പര്‍ രജിസ്ട്രാര്‍ ഓഫ് ഇന്ത്യ (ആര്‍ എന്‍ ഐ)ക്ക് ചന്ദ്രിക സമര്‍പ്പിക്കുകയും ചെയ്തു. ഈ അപേക്ഷയില്‍ ഹൈദരലി തങ്ങളാണ് ഒപ്പുവെച്ചിരുന്നത്. ആര്‍ എന്‍ ഐ അംഗീകാരം ലഭിച്ച മുറക്കാണ് പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ആയി പി.കെ.കെ ബാവയുടെ പേര് അച്ചടിച്ചു തുടങ്ങിയതെന്നും ''വ്യാജന്‍ വീണ്ടും; ചാനലുകള്‍ ഹൈദരലി തങ്ങളെ ചന്ദ്രികയില്‍ നിന്നു മാറ്റി" എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ ചന്ദ്രിക വിശദീകരിക്കുന്നുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.