Latest News

മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ ഉടന്‍ നല്‍കണം: എം.പി


കാസര്‍കോട്: ട്രോളിങ് നിരോധനവും കടല്‍ക്ഷോഭവും കാരണം ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സൗജന്യറേഷന്‍ ഉടന്‍ നല്‍കണമെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സൗജന്യറേഷന്‍ നല്‍കണം. ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് കസബ, ഉദുമ, നീലേശ്വരം അഴിത്തല കടപ്പുറങ്ങള്‍ സന്ദര്‍ശിച്ച ശേഷം കലക്ടറോടും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോടും എംപി ആവശ്യപ്പെട്ടു.

കര കടലെടുക്കുന്നത് തടയാന്‍ കടല്‍ഭിത്തി കെട്ടുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കണം. ലക്ഷക്കണക്കിന് രൂപ മുടക്കി കെട്ടുന്ന കടല്‍ഭിത്തി നിര്‍മാണത്തിലെ പിഴവ് കാരണം തകരുന്ന സ്ഥിതിക്ക് പരിഹാരമുണ്ടാകണം. കടലാക്രമണ ഭീഷണി നേരിടുന്ന വീടുകളിലുള്ളവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണമെന്നും അവര്‍ക്കാവശ്യമായ ജീവിതസൗകര്യം ഒരുക്കണമെന്നും എംപി ആവശ്യപ്പെട്ടു. 

അഴിത്തലയില്‍ രൂക്ഷമായ കടലാക്രമണമാണ്. 25 മീറ്ററിലധികം കടല്‍ഭിത്തി തകര്‍ന്നു. പത്തോളം കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധിയില്‍ പണം അടച്ചിട്ടുണ്ടെങ്കിലും ഒരുവര്‍ഷമായി അതില്‍നിന്നുള്ള സഹായം ഇവര്‍ക്ക് കിട്ടിയിട്ടില്ല. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട സഹായം ഉടന്‍ നല്‍കണം. പി കരുണാകരന്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് കസബ കടപ്പുറത്ത് സിപിഐ എം ഏരിയാസെക്രട്ടറി എസ് ഉദയകുമാര്‍, ഏരിയാകമ്മിറ്റി അംഗം ടി എം എ കരീം എന്നിവരും എംപിക്കൊപ്പമുണ്ടായി. ഉദുമ കൊവ്വല്‍ ബീച്ചില്‍ ലോക്കല്‍ സെക്രട്ടറി എന്‍ വി രാമകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഹമ്മദ്ഷാഫി എന്നിവരും എംപിക്കൊപ്പം ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.