Latest News

അടിയന്തിരാസവസ്ഥയും സ്വാതന്ത്ര്യമെന്ന സ്ഫടിക പാത്രവും


ഒരു ജൂണ്‍ 25 കൂടി കടന്നു പോയി. 1975 ജൂണ്‍ 25നാണ് ഇന്ദിരാ ഗാന്ധി ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. സംഭവം കഴിഞ്ഞ് മൂന്ന് വ്യാഴവട്ടത്തിലധികം പിന്നിടുന്നു. 1960ന് ശേഷം ജനിച്ചവര്‍ക്ക് അതിനെക്കുറിച്ച് വേണ്ടത്ര അറിവുണ്ടായെന്ന് വരില്ല. എന്റെ ഓര്‍മ്മയിലത് സ്വതന്ത്ര ഇന്ത്യയുടെ അനുസ്യൂതമായ പ്രയാണത്തില്‍ വന്ന വിഗ്നമാണ്. എ ബ്രെയ്ക്ക്. നമ്മള്‍ പറയാറില്ലെ സ്വാതന്ത്ര്യാനന്തര ഭാരതം, അല്ലെങ്കില്‍ ബ്രിട്ടീഷ് ഇന്ത്യ എന്നൊക്കെ അതു പോലെ സ്വതന്ത്ര ഭാരതം അടിയന്തിരാവസ്ഥയ്ക്ക് മുമ്പും ശേഷവും എന്ന് വേണം വിലയിരുത്താന്‍. അടിയന്തിരാവസ്ഥയ്ക്ക മുമ്പ് ഇന്ത്യ ദരിദ്രമെങ്കിലും ലോകത്തെ സ്‌വ്ന്തമായ ഒരു നയമുള്ള അവികസിത രാജ്യങ്ങളിലൊന്നായിരുന്നു. എഴുപതുകള്‍ പൊതുവെ കലുഷിതമായിരുന്നു. രാഷ്ട്രീയമായി പ്രത്യേകിച്ചും. അടിയന്തിരാവസ്ഥയ്ക്ക് ശേഷം അത് ഒന്ന് കൂടി കലങ്ങി മറിഞ്ഞു. എന്ത് വരെ പ്രക്ഷുബ്ധമെന്ന് തന്നെ പറയാം.

ആ ഓര്‍മ്മകള്‍ എതായാലും എന്നെപ്പോലെയുള്ളവരെ വേട്ടയാടുക തന്നെ ചെയ്യുന്നുണ്ടാവുമെന്ന് കരുതുന്നു. അന്നൊരു ബുധനാഴ്ച. ഉച്ച നേരത്താണെന്ന് തോന്നുന്നു. ക്ലാസ് വിട്ട സമയം. കോളേജ് വരാന്തയിലൂടെ പുറം വാതില്‍ ലക്ഷ്യമാക്കി നടക്കുമ്പോഴാണ് ഒരു പ്രഹരം പോലെ ആ വാര്‍ത്ത കാതില്‍ വന്ന് പതിച്ചത്. അതെങ്ങനെയാണെന്നൊന്നും ഇപ്പോഴോര്‍ക്കുന്നില്ല. എന്തായാലും എന്റെ ഹൃദയമിടിപ്പ് കൂടിയിരുന്നു. ഒരു തരം ഭയം പിടികൂടുകയും ചെയ്തിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മൈക്ക് കെട്ടിയ പോലീസ് ജീപ്പിലെ അണൗണ്‍സ്‌മെന്റ് ശ്രദ്ധിച്ചപ്പോള്‍ എന്റെ ഭയം യഥാര്‍ത്ഥമാണെന്ന് തോന്നി. പിന്നീടെന്തൊക്കെയാണ് നടന്നത്? ഏറെയും അഹിതമായത്. അടിയന്തിരാവസ്ഥയെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി നേതാക്കളായ പല സഹപാഠികളേയും പോലീസ് ഒരു കാരണവുമില്ലാതെ പിടിച്ചു കൊണ്ട് പോകുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. അന്നിയാള്‍ അടിയന്തിരാവസ്ഥ കൊണ്ട് വന്ന രാഷ്ട്രിയ പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാളായിട്ടും ഒരിക്കലും അതിനെ അനുകൂലിക്കാന്‍ മനസനുവദിച്ചില്ല. മനസാ വാചാ കര്‍മ്മണാ, സാധ്യമായ വഴികളിലെല്ലാം അതിനെതിരെ തിരിഞ്ഞുമിരുന്നു. തീര്‍ച്ചയായും അന്ന് നടമാടിയ ജനാധിപത്യ ധ്വംസനവും പോലീസിന്റെ നെറികേടുകളും നിശ്ശബ്ദമായി പ്രതിഷേധിക്കാനെ
സാധിച്ചുള്ളൂ എന്നത് നേരാണ്. പോലീസ് മുകളില്‍ നിന്ന് ഓഡര്‍ കിട്ടാന്‍ കാത്തിരിക്കുന്ന പോലെയായിരുന്നു. സഹജീവികളോട് അതിക്രമം കാട്ടാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് തോന്നിപ്പോയ സന്ദര്‍ഭങ്ങളുണ്ട്. പിന്നീടാണെങ്കിലും ഇയാള്‍ അടിയന്തിരാവസ്ഥയെ, പോലീസിന്റെ മനുഷ്യത്വ രഹിതമായ നടപടികളെ ആധാരമാക്കി രചിച്ച ചെറുകഥ ചന്ദ്രികാ വാരികയില്‍ വളരെ പ്രാധാന്യതയോടെ പ്രസിദ്ധീകരിച്ചു വന്നത് ഇത്തരുണത്തില്‍ ഓര്‍ത്തു പോകുന്നു.

അടിയന്തിരാവസ്ഥ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ, ജനാധിപത്യത്തെ ഒരിടക്കാലത്തേയ്ക്ക് തടഞ്ഞു വെയ്ക്കുകയാണുണ്ടായത്. ശ്രീമതി ഇന്ദിരാ ഗാന്ധി ഭാരത ദേശത്തിന് ഗുണം കാംക്ഷിച്ചു തന്നെയാവും എമര്‍ജെന്‍സി ഇംപോസ് ചെയ്തത്. പക്ഷെ ഇരുനൂറ് കൊല്ലത്തെ, വിവിധ തലമുറകളുടെ നിരന്തര യാതനകള്‍ക്കൊടുവില്‍ കൈവന്ന സ്വാതന്ത്ര്യമെന്ന ആ സ്ഫടിക പാത്രത്തെ, അവര്‍ തന്റെ നേരെ വരുന്ന എതിര്‍പ്പുകളെ തടയാന്‍ വേണ്ടി -സ്വാര്‍ത്ഥ മോഹങ്ങളോടെ, നിലത്തിട്ടു പൊട്ടിച്ചു കളഞ്ഞത്, ഒരൊറ്റ ദേശസ്‌നേഹിക്കും ഉള്‍ക്കൊള്ളാനാവുന്നതായിരുന്നില്ല. മാത്രമല്ല, അവരുടെ മകന്‍ സഞ്ജയ് ഗാന്ധിയും ഒരുപജാപക സംഘവും കൂടി അവരുടെ ലക്ഷ്യതയെ വഴി തെറ്റിക്കുകയും കൂടി ചെയ്തു. അതിനാല്‍ എല്ലാ ഭാഗത്ത് നിന്നും, പല വീക്ഷണ കോണുകളില്‍ നിന്നും ആ കാലഘട്ടത്തെ നോക്കിക്കാണുന്ന കുറിപ്പുകള്‍ വരണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. . ചരിത്രത്തില്‍ അവ രേഖപ്പെടുത്തപ്പെടുന്നതിലുപരി വര്‍ത്തമാന തലമുറ ചര്‍ച്ച ചെയ്യുകയും വേണം. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുകയുണ്ടായി. എന്നാലും വരും തലമുറ അതിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ അടിയന്തിരാവസ്ഥ, അതിടയ്ക്കിടെ ചര്‍ച്ചയാവണമെന്ന് ഈ കുറിപ്പിലൂടെ ഉണര്‍ത്തിക്കോട്ടെ...


  എ എസ് മുഹമ്മദ്കുഞ്ഞി

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.