Latest News

പള്ളി കവാടത്തില്‍ മുട്ടുകുത്തി കുരിശുവരച്ച് പ്രാര്‍ഥിച്ചശേഷമാണ് മോഷണം; യുവാവ് പിടിയില്‍

കോഴിക്കോട്: നൂറോളം ക്രിസ്ത്യന്‍ പള്ളികളില്‍ കവര്‍ച്ച നടത്തിയ പ്രതി മോഷണമുതല്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ പിടിയിലായി.

കക്കിഞ്ച മംഗലാപുരം തോട്ടത്താടിയിലെ കുന്നുപറമ്പില്‍ കെ.വി. ജോര്‍ജ് (45) ആണ് കോഴിക്കോട്ട് അറസ്റ്റിലായത്. സൗത്ത് അസി. കമ്മീഷണര്‍ കെ.ആര്‍. പ്രേമചന്ദ്രന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് ടൗണ്‍ സി.ഐ. ടി.കെ. അഷ്‌റഫും ക്രൈംസ്‌ക്വാഡും ചേര്‍ന്നാണ് കമ്മത്തി ലൈനില്‍നിന്ന് ജോര്‍ജിനെ പിടികൂടിയത്.

നേരത്തേ ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ ജോര്‍ജ് രണ്ടുമാസം മുമ്പാണ് ജയിലില്‍നിന്നു പുറത്തിറങ്ങിയത്. പള്ളികളില്‍ മോഷണം നടത്തിയതിന് കണ്ണവം, വാരാപ്പുഴ, മെഡിക്കല്‍ കോളേജ്, നടക്കാവ്, ചേവായൂര്‍ എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പള്ളികളില്‍ വാതില്‍ പൊളിച്ചും ഭണ്ഡാരം തകര്‍ത്തും കവര്‍ച്ച നടത്തിയ കേസിലും പ്രതിയാണ്.

മോഷണമുതലുകള്‍ വിറ്റുകിട്ടുന്ന പണംകൊണ്ട് മംഗലാപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ആര്‍ഭാടജീവിതം നയിക്കുകയായിരുന്നു പതിവ്. പള്ളി കവാടത്തില്‍ മുട്ടുകുത്തി കുരിശുവരച്ച് പ്രാര്‍ഥിച്ചശേഷമാണ് ജോര്‍ജ് മോഷണം നടത്താറുള്ളതെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട് നടക്കാവിലെ സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയില്‍ വികാരിയുടെ മുറിയിലെ അലമാര പൊളിച്ച് ഏഴര പവന്‍ മോഷ്ടിച്ചതും സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ കവര്‍ന്നതും ജോര്‍ജാണെന്ന് പോലീസ് പറഞ്ഞു. പി.ടി. ഉഷ റോഡിലെ സെന്റ് തോമസ് ചര്‍ച്ച് അമലാപുരി പള്ളി, നടക്കാവ് സി.എസ്.ഐ. സെന്റ് മേരീസ് ഇംഗ്ലീഷ് ചര്‍ച്ച്, സെന്റ് മേരീസ് മലങ്കര സിറിയന്‍ കാത്തലിക്ക് പള്ളി, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ പള്ളി, കുണ്ടായിത്തോട് സെന്റ് ആന്റണീസ് പള്ളി എന്നിവിടങ്ങളില്‍ മോഷണം നടത്തിയതും ഇയാളാണെന്ന് തെളിഞ്ഞിട്ടുണ്ട്.

എസ്.ഐ. ടി.കെ. പ്രിയന്‍ബാബു, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ്, ടി.പി. ബിജു, കെ.ആര്‍. രാജേഷ്, എം.വി. അനീഷ്, കെ. ഹാദില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.