Latest News

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മ്യൂസിയത്തിന് അനുമതി

Kannur-central-jail-malabarflash
കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ മ്യൂസിയം സ്ഥാപിക്കാന്‍ ജയില്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ് അനുമതിനല്കി. 1869ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ജയിലില്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഉപകരണങ്ങളും രേഖകളുമുണ്ട്. ഇവ നശിക്കാതെ സൂക്ഷിക്കാന്‍ ജയിലധികൃതര്‍ നടത്തിയ ആലോചനയിലാണ് ജയിലില്‍ മ്യൂസിയമെന്ന ആശയം ഉരുത്തിരിഞ്ഞത്. കഴിഞ്ഞയാഴ്ചയാണ് മ്യൂസിയം സ്ഥാപിക്കാന്‍ ജയില്‍ വകുപ്പിന്റെ അനുമതി ലഭിച്ചത്.

ജയിലിന്റെ പ്രധാന പ്രവേശനകവാടത്തോട് ചേര്‍ന്ന സ്ഥലത്തുള്ള പഴയ ക്വാറന്‍ൈറന്‍ ബ്ലോക്കാണ് മ്യൂസിയമാക്കി മാറ്റുക. ഈ കെട്ടിടം വര്‍ഷങ്ങളായി ഉപയോഗിക്കാതെകിടക്കുകയാണ്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഈ കെട്ടിടം ആദ്യകാലത്ത് പകര്‍ച്ചവ്യാധികള്‍ ബാധിച്ച തടവുകാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്. 150 മീറ്ററോളം നീളത്തിലുള്ള കൂറ്റന്‍ ഇരുനിലക്കെട്ടിടമാണിത്. കെട്ടിടം നവീകരിച്ച് ജയിലിലെ പുരാവസ്തുക്കളും മറ്റും പൊതുജനങ്ങള്‍ക്ക് കാണാന്‍ പറ്റുന്നവിധം സജ്ജീകരിക്കുകയാണ് ലക്ഷ്യം.

ബ്രിട്ടീഷുകാര്‍ വെള്ളം പമ്പുചെയ്യാന്‍ ഉപയോഗിച്ചിരുന്ന, കൈകൊണ്ട് തിരിച്ച് പ്രവര്‍ത്തിപ്പിക്കുന്ന രണ്ട് കൂറ്റന്‍ മോട്ടോറുകള്‍, മദ്രാസ് ഗവണ്മെന്‍റിന്റെ കാലത്തുള്ള ഗസറ്റുകള്‍, 1856 മുതലുള്ള ജയില്‍നിയമങ്ങളുടെ രേഖകള്‍, ആദ്യകാല ജയില്‍സൂപ്രണ്ടുമാരുടെ ചരിത്രം, ജയില്‍ തുടങ്ങിയ കാലംതൊട്ടുള്ള രജിസ്റ്ററുകള്‍, ജയില്‍ രേഖകള്‍, ബ്രിട്ടീഷുകാര്‍ ജയിലിനുള്ളില്‍ ഉപയോഗിച്ചിരുന്ന നൂറ്റാണ്ട് പഴക്കമുള്ള ഒട്ടേറെ ഉപകരണങ്ങള്‍, സെന്‍ട്രല്‍ ജയിലില്‍ ഇതുവരെ തൂക്കിക്കൊന്നവരുടെ പേരുവിവരങ്ങളടങ്ങിയ രേഖകള്‍ എന്നിങ്ങനെ ഒട്ടേറെ വസ്തുക്കളും രേഖകളും ജയിലിലുണ്ട്. തൂക്കിക്കൊന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ആദ്യകാലത്ത് ദിവസം അഞ്ചുപേരെവരെ തൂക്കിക്കൊന്നതായി രേഖകളുണ്ട്. ഇവയുടെ സംരക്ഷണം വലിയൊരു തലവേദനതന്നെയാണ്. മ്യൂസിയമുണ്ടാക്കിയാല്‍ അതിപുരാതന രേഖകളും ചരിത്രവസ്തുക്കളും നാശംവരാതെ സൂക്ഷിക്കാനാകും. 70 ശതമാനം പഴയ രജിസ്റ്ററുകളും രേഖകളും മറ്റും എടുത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇവ ബൈന്‍ഡ്‌ചെയ്ത് സൂക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങി. വലിയ വരാന്തയുള്ള സ്‌കൂള്‍പോലെ നീളമുള്ള കെട്ടിടം മ്യൂസിയമാക്കി മാറ്റിയാല്‍ അത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെക്കുറിച്ച് അറിയാനുള്ള ഒരു പഠനകേന്ദ്രംകൂടിയാവും. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയമായി ഒട്ടേറെ മലയാള സനിമകള്‍ ചിത്രീകരിച്ച കെട്ടിടംകൂടിയാണിത്.

മ്യൂസിയത്തിന് അനുവാദം ലഭിച്ച സാഹചര്യത്തില്‍ തുടര്‍നടപടി ഉടന്‍ സ്വീകരിക്കുമെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ജയിലിനെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിയാന്‍പറ്റുന്നവിധമാണ് സജ്ജീകരിക്കുക.

Mathrubhumi
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.