Latest News

നിലവിളക്കിനെ ന്യായീകരിച്ച് കെ ടി ജലീല്‍ വീണ്ടും

കോഴിക്കോട്: ചടങ്ങുകളുടെ ഭാഗമായി നിലവിളക്ക് കൊളുത്തുന്നതിനെ ന്യായീകരിച്ച് കെ ടി ജലീല്‍ എം എല്‍ എ വീണ്ടും രംഗത്ത്. നിലവിളക്ക് കൊളുത്തുന്നതിനെ ഒരു മുസ്ലിം പണ്ഡിതനും ഇതുവരെ എതിര്‍ത്തതായി കേട്ടിട്ടില്ലെന്ന് പറയുന്ന ജലീല്‍ നിലവിളക്ക് എന്ന് കേള്‍ക്കുമ്പോഴേക്ക് എന്തിനാണ് ഹാലിളക്കമെന്ന് ചോദിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് നിലവിളക്കിനെ എതിര്‍ക്കുന്നവരെ ജലീല്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്. വെള്ളിയാഴ്ച, നാടകത്തിലും സിനിമയിലും അഭിനയിക്കുന്നതിനെ എതിര്‍ക്കുന്നത് യാഥാസ്ഥിതിക നിലപാടാണെന്ന് ജലീല്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച നിലവിളക്കിന് ന്യായീകരണവുമായി ജലീല്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നിലവിളക്കിനെ മഹത്വവത്കരിച്ച് മാതൃഭൂമിയില്‍ ജലീല്‍ എഴുതിയ ലേഖനം വിവാദമായിരുന്നു.

കേരളത്തിലെ പുരാതനമായ പള്ളികളില്‍ വൈദ്യുതി ബള്‍ബുകള്‍ പ്രകാശിക്കുന്ന ഇക്കാലത്തും നിലവിളക്ക് കത്തിക്കുന്നുണ്ടെന്നാണ് നിലവിളക്കിനെ അനുകൂലിക്കുന്നതിന് ജലീലിന്റെ ന്യായം. നിലവിളക്ക് കത്തിക്കുന്നതിനെ എതിര്‍ത്താല്‍ മതചിട്ടയില്‍ ജീവിക്കുന്ന മുസ്ലിം ജനപ്രതിനിധികളായ എം ഐ ഷാനവാസ് എം പിയും എം എം. ഹസ്സനും, എം എല്‍ എമാരായ എം.എ വാഹിദ് , വര്‍ക്കല കഹാര്‍ , സി.പി.മുഹമ്മദ് അങ്ങനെ പലരും ഇസ്ലാമിന്റെ പടിക്ക് പുറത്താകുമെന്നും ഇവരാരും കമ്മ്യൂണിസ്റ്റ്കാരല്ലെന്നുകൂടി ഓര്‍ക്കണമെന്നും ജലീല്‍ പറയുന്നു. തലച്ചോറ് ചിന്തിക്കാനുള്ളതാണ് , ആര്‍ക്കെങ്കിലും വാടകക്ക് കൊടുക്കാനുള്ളതല്ലെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ജലീലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
‘നിലവിളക്ക് ‘എന്ന് കേള്‍ക്കുമ്പോഴേക്ക് എന്തിനാണീ ഹാലിളക്കം(അസഹിഷ്ണുത)? ഒരു ചടങ്ങിന്റെ ഭാഗമായി നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് ഒരു മതപണ്ഡിതനും ഇതുവരെ പറഞ്ഞതായി കേട്ടിട്ടില്ല . കേരളത്തിലെ പുരാതനമായ എല്ലാ പള്ളികളിലും വൈദ്യുതി ബള്‍ബുകള്‍ പ്രകാശിക്കുന്ന ഇക്കാലത്തൂം നിലവിളക്ക് കത്തിക്കുന്നുണ്ട് . അഗ്‌നി ആരാധനയുടെ ഭാഗമായാണ് പൊന്നാനിയിലെ ചിരപുരാതനമായ മഖ്ദൂം പള്ളിയിലും , കൊടുങ്ങല്ലൂരിലെ മാലിഖ്ബിനുദീനാര്‍ പള്ളിയിലും നിലവിളക്ക് കൊളുത്തിവെക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ നാമെന്താണ് വിളിക്കുക? ഒരു പൊതുചടങ്ങില്‍ നിലവിളക്ക് കത്തിക്കുന്ന മുസ്ലിംജനപ്രതിനിധികളെ മതത്തില്‍ നിന്ന് പുറത്താക്കാന്‍ നിന്നാല്‍ ആരൊക്കെ പുറത്ത് നിര്‍ത്തപ്പെടുമെന്ന് ‘വിളക്ക് ‘(വെളിച്ച) വിരോധികള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ ? മതചിട്ടയില്‍ ജീവിക്കുന്ന മുസ്ലിം ജനപ്രതിനിധികളായ എം.ഐ ഷാനവാസ് എം.പിയും എം.എം. ഹസ്സനും , എം.എല്‍.എമാരായ എം.എ വാഹിദ് , വര്‍ക്കല കഹാര്‍ , സി.പി.മുഹമ്മദ് അങ്ങനെ പലരും ഇസ്ലാമിന്റെ പടിക്ക് പുറത്താകും . ഇവരാരും കമ്മ്യൂണിസ്റ്റ്കാരല്ലെന്നുകൂടി ഓര്‍ക്കണം . ഇസ്ലാമിക വിരുദ്ധമാണ് ഭദ്രദീപം കൊളുത്തുന്നതെങ്കില്‍ ആ മതനിന്ദ ചെയ്യുന്ന ഇത്തരക്കാരെ എല്ലാ മതസംഘടനകളും അവരവരുടെ പരിപാടികളിലേക്ക് ക്ഷണിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ? പട്ടിക്കാട് ജാമിഅ നൂരിയാ അറബിക്ക് കോളേജ് സനദ് ദാനസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയും , റഹ്മാന്‍ ഖാനും , ഗുലാംനബി ആസാദും പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നവരാണെന്ന കാര്യം അവരെ ക്ഷണിച്ചുകൊണ്ട് പോകുന്ന പണ്ഡിതകേസരികള്‍ക്ക് അറിയില്ലേ? ഇവരോടൊന്നുമില്ലാത്ത വിരോധം എന്നോടുമാത്രമായി എന്തിനാണെന്ന് മനസ്സിലാകുന്നില്ല ! ഒരു നിലവിളക്ക് കൊളുത്തിയാല്‍ തകരുന്നതല്ല ഇസ്ലാം . സ്‌നേഹാദരങ്ങളോടെ ഒന്നു കൈകൂപ്പിയാല്‍ ഒലിച്ചു പോകുന്നതല്ല വിശ്വാസം . ‘ഗംഗ’ എന്ന് പേരിട്ട വീട്ടില്‍ താമസിച്ചാല്‍ ഇല്ലാതാകുന്നതല്ല മതം . ഒരു മഹാസാഗരം പോലെ വിശാലമായ ഇസ്ലാമിനെ എന്തിനാണ് അതിസങ്കിചുതമാക്കി ഒരു പൊട്ടക്കിണറ്റിലേക്ക് പരിമിതപ്പെടുത്തുന്നത് . ആര്‍ക്ക് എന്ത് ആത്മസായൂജ്യമാണ് ഇതിലൂടെ ലഭിക്കുക? തലച്ചോറ് ചിന്തിക്കാനുള്ളതാണ് , ആര്‍ക്കെങ്കിലും വാടകക്ക് കൊടുക്കാനുള്ളതല്ല .

ജലീലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ജലീലിന്റെ വാദത്തെ ചിലര്‍ അനുകൂലിക്കുമ്പോള്‍ ഭൂരിഭാഗം പേരും ശക്തമായി വിമര്‍ശിക്കുകയാണ്. നിലവിളക്കിന് വെളിച്ചതില്‍ കവിഞ്ഞ ജാതിയോ മതമോ കാണേണ്ടതില്ലെന്ന് അസ്മാ ബീവി പ്രതികരിക്കുമ്പോള്‍, അങ്ങിനെയെങ്കില്‍ ഈ നിലവിളക്ക് ടോയ്‌ലെറ്റില്‍ തെളിയിച്ചുവെച്ചാല്‍ ഈ ശുദ്ധ മതേതര വാദികളുടെ പ്രതികരണമെന്താകുമെന്ന് ബഷീര്‍ വരിക്കോടന്‍ ചോദിക്കുന്നു. എം എല്‍ എ എന്ന മൂന്നക്ഷരങ്ങള്‍ക്ക് വേണ്ടി പണയം വെക്കാനുള്ളതല്ല തലച്ചോര്‍ എന്നാണ് മുഹമ്മദ് ഇഖ്ബാലിന്റെ പ്രതികരണം.

നിലവിളക്ക് ഭാരതസംസ്‌കാരത്തിന്റെ ഭാഗമാണെന്നും താലികെട്ട്, വിവാഹ സംബന്ധമായ മറ്റു ചടങ്ങുകള്‍, മുണ്ട്, സാരി തുടങ്ങിയ വസ്ത്രധാരണ രീതികളും ചില ആഘോഷങ്ങളും ഈ സംസ്‌കാരം തന്നെയാണെന്നും റോണി കുര്യന്‍ ജോറി പ്രതികരിക്കുന്നു. ഇസ്ലാം മഹാസാഗരം പോലെ വിശാലമാണെന്നും അതിനെ അതിസങ്കുചിതമാക്കി പൊട്ടക്കിണറ്റിലേക്ക് പരിമിതപ്പെടുത്തുന്നതിലൂടെ എന്ത് ആത്മസായൂജ്യമാണ് ലഭിക്കുന്നതെന്നും ചോദിക്കുന്ന ജലീല്‍ ഇസ്ലാമിക വിശ്വാസ സംഹിതകളെ അന്യ മതസ്ഥരുടെ ആലയില്‍ കൊണ്ടുചെന്ന് കെട്ടേണ്ട ആവശ്യം മുസ്ലിം സമൂഹത്തിന് ഇല്ലെന്ന് മനസ്സിലാക്കണമെന്ന് സി ടി അബ്ദുല്‍ ജലീല്‍ പറയുന്നു. അതേസമയം, ഈ പ്രതികരണങ്ങളോടൊന്നും കെ ടി ജലീല്‍ ഇതുവരെയായി പ്രതികരിച്ചിട്ടില്ല.

വെള്ളിയാഴ്ചത്തെ ജലീലിന്റെ കുറിപ്പും വന്‍ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. മതവിരുദ്ധമെന്ന് പണ്ട് കരുതിപ്പോന്ന പലതും ഇന്ന് നമുക്ക് അനുവദനീയമായിരിക്കുന്നുവെന്ന് പറയുന്ന ജലീല്‍, ഒരു ചടങ്ങിന്റെ ഭാഗമായി നിലവിളക്ക് കൊളുത്തുന്ന കാര്യത്തിലും, സ്‌നേഹാദരങ്ങളോടെ ഒന്ന് കൈകൂപ്പുന്ന വിഷയത്തിലും, അന്ധമായ കമമ്യൂണിസ്റ്റ് വിരോധ മാനസികാവസ്ഥയിലും ഇങ്ങിനെ ഒരു പരിണാമം ഇന്നല്ലെങ്കില്‍ നാളെ ഉണ്ടാകുമെന്നത് തീര്‍ച്ചയാണെന്നും പറയുന്നുണ്ട്.

    ജലീലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്        

നിലവിളക്കിനെ മഹത്വവത്കരിച്ച് ജലീല്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനം വായിക്കാം.Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.