Latest News

നിരപരാധിയാണെന്നു വ്യക്തമായിട്ടും വേട്ടയാടല്‍ തുടരുന്നു: ഇശ്‌റത് കുടുംബം


ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ നിരപരാധിയാണെന്നു വിവിധ ഏജന്‍സികള്‍ കണ്ടെത്തിയിട്ടും 'ഭീകരവാദികള്‍' എന്നു പറഞ്ഞ് കുടുംബത്തെ വേട്ടയാടുന്നത് തുടരുകയാണെന്ന് സഹോദരി നുസ്‌റത് ജഹാന്‍. 

ഏറ്റുമുട്ടല്‍ വ്യാജമാണെന്നു കണ്ടെത്തിയിട്ടും പല മാധ്യമങ്ങള്‍ക്കും ഇശ്‌റത്തിനില്ലാത്ത ഭീകരബന്ധം സ്ഥാപിച്ചെടുക്കാനാണു താല്‍പ്പര്യം. സി.ബി.ഐ. അവസാനം സമര്‍പ്പിച്ച കുറ്റപത്രത്തിലും ഇശ്‌റത്തിന്റെ നിരപരാധിത്വം വ്യക്തമാണ്. ഇപ്പോള്‍ ഹെഡ്‌ലിയുടെ കഥയുംകൊണ്ടുവരുന്നവര്‍ ഐ.ബി. ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ്. 

കുടുംബത്തിനുവേണ്ടി വളരെ ചെറുപ്പത്തിലേ ഇശ്‌റത് കഷ്ടപ്പെട്ടിരുന്നു. കുട്ടികള്‍ക്കു ട്യൂഷന്‍ നല്‍കിയാണ് ഇശ്‌റത് പഠനത്തിനും കുടുംബത്തിലെ ചെലവിനും വഴി കണ്ടെത്തിയിരുന്നത്. ട്യൂഷന്‍ നിലച്ചപ്പോഴാണ് ജാവീദ് ശെയ്ഖിന്റെ സ്ഥാപനത്തില്‍ ജോലിക്കു പോവാന്‍ തുടങ്ങിയത്. വെറും ഒരുമാസത്തേക്കു മാത്രമായിരുന്നു ആ ജോലി. അതിനു മുമ്പ് ജാവീദ് ശെയ്ഖിനെ പരിചയമില്ല. പരിചയമില്ലാത്തയാളോടൊപ്പം എന്തിനു വിട്ടെന്നാണ് പലരും ചോദിക്കുന്നത്. പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് ജോലിക്കു പോവാന്‍ പാടില്ലെന്നാണോ? എന്തുകൊണ്ടാണ് ഞങ്ങളെപ്പോലുള്ള പാവപ്പെട്ട മുസ്‌ലിംകളോട് ഭീകരവാദികളല്ലെന്നു തെളിയിക്കാന്‍ ആവശ്യപ്പെടുന്നത്? മുസ്‌ലിംകളായതുകൊണ്ടു മാത്രമാണ് ഈ വിവേചനം. 

തങ്ങളെ പിന്തുണയ്ക്കുന്നവരില്‍ കേസിന്റെ തുടക്കം മുതല്‍ കൂടെ നില്‍ക്കുന്ന അഡ്വ. വൃന്ദാ ഗ്രോവര്‍ ഉള്‍പ്പെടെ നിരവധി അമുസ്‌ലിംകളുമുണ്ട്. കേസില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുകയാണ്. നരേന്ദ്രമോഡി ഭരണം എങ്ങനെയാണെന്നതിന്റെ ഒരു ഉദാഹരണമാണ് ഇശ്‌റത് വ്യാജ ഏറ്റുമുട്ടല്‍. ഇശ്‌റത്തിന് നീതി ലഭിക്കാനുള്ള പോരാട്ടം മാത്രമല്ല ഇത്. മോഡിയുടെ ഭരണത്തിനു കീഴില്‍ നീതി നഷ്ടമായവര്‍ക്കും നീതി നിഷേധിക്കപ്പെട്ട് ജയിലറകളില്‍ കഴിയുന്ന നിരപരാധികള്‍ക്കും വേണ്ടിയുള്ള പോരാട്ടംകൂടിയാണിതെന്നും അവര്‍ പറഞ്ഞു.
തന്റെ മകളെ വധിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള നിയമപോരാട്ടത്തിന് എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുകയാണെന്ന് ഇശ്‌റത്തിന്റെ മാതാവ് ഷെമീമ കൗസര്‍ പറഞ്ഞു.

ഗുജറാത്തില്‍ കേസ് നടത്തിപ്പിനായി ചെന്ന തങ്ങള്‍ക്കു പല ഭീഷണികളും നേരിടേണ്ടിവന്നതായി ഇശ്‌റത്തിന്റെ ബന്ധു റഊഫ് ലാല പറഞ്ഞു. സഞ്ചരിച്ചിരുന്ന കാറിനുനേരെ വെടിവയ്പുണ്ടായി. അക്രമിയുടെ വാഹന നമ്പര്‍ ഉള്‍പ്പെടെ പോലിസില്‍ പരാതി കൊടുത്തു. ആളെ പിടികൂടിയെങ്കിലും അയാളുടെ കൈയിലുണ്ടായിരുന്നത് എയര്‍ ഗണ്ണായിരുന്നുവെന്ന് പറഞ്ഞ് പോലിസ് വെറുതെവിട്ടു. സുരക്ഷ ചോദിച്ചു പോലിസിനെ സമീപിച്ചപ്പോള്‍ മാസം 7000 രൂപ സുരക്ഷാ ഉദ്യോഗസ്ഥന് നല്‍കണമെന്നാണു പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പതുവര്‍ഷമായി ഇശ്‌റത്തിന്റെ കുടുംബം ഭീകരവാദികളെന്ന ലേബലില്‍ പലതും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് അഡ്വ. വൃന്ദാ ഗ്രോവര്‍ പറഞ്ഞു.


Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.