Latest News

ശാലു കൂടുതല്‍ വെളിപ്പെടുത്തിയാല്‍ മന്ത്രിസഭ നിലംപൊത്തും

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ്‌ പ്രതിക്കൂട്ടിലായിരിക്കുന്ന സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യപങ്കുണ്ടെന്ന്‌ ആരോപണവിധേയയായ സീരിയല്‍ നടി ശാലുമേനോനെ പോലീസ്‌ തൊടില്ല. ശാലുവിനെ തൊട്ടാല്‍ മന്ത്രിസഭ തന്നെ നിലംപൊത്തിയേക്കാവുന്നത്ര കടുത്ത പ്രത്യാഘാതങ്ങളാണ്‌ സര്‍ക്കാര്‍ ഭയക്കുന്നത്‌.

ശാലു കൂടുതല്‍ വെളിപ്പെടുത്തിയാല്‍ കേരളത്തില്‍ മാത്രമല്ല, കേന്ദ്രമന്ത്രിസഭയുടെ പോലും പ്രതിഛായ തകരുന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുമെന്നാണ്‌ പ്രാഥമിക ചോദ്യം ചെയ്യലില്‍ നിന്നും പോലീസിന്‌ ലഭിച്ചിരിക്കുന്ന വിവരം. ഇക്കാര്യം പോലീസ്‌ അറിയിച്ചതോടെ ആഭ്യന്തരമന്ത്രിയുടെ ഓഫീസ്‌ ശാലുവിനെ നോവിക്കരുതെന്ന്‌ അന്വേഷണസംഘത്തിന്‌ നിര്‍ദേശം ന ല്‍കിയതായാണ്‌ വിവരം.

ശാലുവുമായി രണ്ടു കേ ന്ദ്രമന്ത്രിമാര്‍ക്കും സംസ്‌ഥാനമന്ത്രിമാര്‍ക്കും ഘടക കക്ഷികളിലെയും ഹരിതവിഭാഗത്തിലെയും ചില എം.എല്‍.എമാര്‍ക്കുമുള്ള ബന്ധം എന്തെന്ന്‌ വിശദീകരിക്കാന്‍ സര്‍ക്കാര്‍ നന്നേ വിയര്‍ക്കേണ്ടിവരും. സെന്‍സര്‍ ബോര്‍ഡ്‌ അംഗത്വം മുതല്‍ സോളാര്‍ തട്ടിപ്പുകേസില്‍ പങ്കുണ്ടെന്ന്‌ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും അറസ്‌റ്റ്‌ ചെയ്യാത്തതുള്‍പ്പെടെ ശാലുവിനോട്‌ ചില ഉന്നതര്‍ക്കുള്ള ആത്മബന്ധത്തെക്കുറിച്ച്‌ ഒട്ടേറെ വിവരങ്ങള്‍ പോലീസിന്റെ പക്കലുണ്ട്‌.

സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതി സരിതയുടെ ഒരു ലാപ്‌ടോപ്പും സി.ഡിയും ശാലുവിന്റെ െകെവശമുണ്ടെന്നും സൂചനയുണ്ട്‌. ശാലുവിനെ നോവിച്ചാല്‍ ഇതെല്ലാം വെളിച്ചത്തുവരാനുള്ള സാധ്യതയേറെയാണെന്നാണ്‌ ആഭ്യന്തര വകുപ്പ്‌ ഭയക്കുന്നത്‌. ഒട്ടേറെ തെളിവുകള്‍ പുറത്തുവന്നിട്ടും ശാലുവിന്റെ അറസ്‌റ്റ്‌ നടക്കാത്തതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിപറയാന്‍ ഇന്നലെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നന്നേ വിയര്‍ത്തിരുന്നു.

സോളാര്‍ തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഓഹരി ശാലുമേനോന്‌ ലഭിച്ചതായി സരിതയുടെ മൊഴിയുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. തട്ടിപ്പില്‍ നേരിട്ട്‌ പങ്കുണ്ടെന്നാരോപിച്ച്‌ ശാലുവിനെതിരേ പോലീസ്‌ കേസുമുണ്ട്‌. കൂടാതെ, ക്രിമിനല്‍ കേസ്‌ പ്രതി ബിജു രാധാകൃഷ്‌ണന്‌ സ്വന്തം ഫോണ്‍ കൈമാറി രക്ഷപ്പെടാന്‍ സഹായിച്ചതും ശാലുവിനെതിരായ തെളിവാണ്‌. ബിജുവിനെ രക്ഷപ്പെടാന്‍ സഹായിച്ചെന്നു മാത്രമല്ല, കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചതും കുറ്റകരമാണ്‌.

ശാലുവിന്റെ അറസ്‌റ്റ്‌ ഒഴിവാക്കാനാകില്ലെന്ന്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ പറഞ്ഞതും ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌. ഇത്രയേറെ തെളിവുകള്‍ ഉണ്ടായിട്ടും ശാലുവിനെതിരേ നടപടിയില്ലാത്തത്‌ അറസ്‌റ്റ്‌ ചെയ്‌താലുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഭയന്നാണെന്ന്‌ പോലീസിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. കേസിലെ ഇടപെടലുകളില്‍ എ.ഡി.ജി.പി. ഹേമചന്ദ്രന്‍ കടുത്ത അതൃപ്‌തിയിലാണെന്നാണ്‌ അറിയുന്നത്‌.


Mangalam
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.