Latest News

മസ്ജിദുല്‍ഹറാമില്‍ പുതിയ മൂന്നുനിലകള്‍ പ്രാര്‍ഥനക്ക്

ജിദ്ദ: വികസനപ്രവര്‍ത്തനം ത്വരിതഗതിയില്‍ മുന്നേറുന്ന മക്കയിലെ മസ്ജിദുല്‍ഹറാമില്‍ നിര്‍മാണം പൂര്‍ത്തിയായ മൂന്നു നിലകള്‍ വിശ്വാസികള്‍ക്ക് പ്രാര്‍ഥനക്കായി തുറന്നുകൊടുത്തു. തറനിലക്കു പുറമെ ഹറം പള്ളിയുടെ വടക്കും തെക്കും പടിഞ്ഞാറുമുള്ള നിര്‍മാണം പൂര്‍ത്തിയായ ഇരുനിലകള്‍ കൂടിയാണ് റംസാനിലെ നമസ്കാരത്തിനു തുറന്നുകൊടുക്കുന്നത്.

റംസാനില്‍ ഉംറക്കും കഅ്ബാപ്രദക്ഷിണത്തിനുമായി എത്തിച്ചേരുന്ന ജനലക്ഷങ്ങളുടെ സൗകര്യം പരിഗണിച്ച് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഇതിന് പ്രത്യേകനിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ നാലു ലക്ഷം പേര്‍ക്കു കൂടി ഹറമില്‍ നമസ്കാരത്തിന് സൗകര്യം ലഭിക്കും. 

കഅ്ബക്കു ചുറ്റും താത്കാലികമായി സംവിധാനിച്ച പ്രദക്ഷിണപഥവും (മതാഫ്) പ്രായമായവര്‍ക്കും അവശര്‍ക്കുമുള്ള നടപ്പാതയും തുറന്നുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഇരുഹറം ഭരണകാര്യാലയത്തിന്‍െറ ഉപമേധാവി മുഹമ്മദ് ബിന്‍ നാസര്‍ അല്‍ഖുസൈം അറിയിച്ചു. മുറ്റങ്ങളില്‍ പുതുതായി 8050 ടോയ്ലറ്റുകളും അംഗശുദ്ധിക്കുള്ള വിശാലമായ സൗകര്യങ്ങളും തണുപ്പിച്ച സംസം പാനസൗകര്യങ്ങളും ഏര്‍പ്പെടുത്തി.
നിലവില്‍ 356,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഹറമില്‍ 770,000 പേര്‍ക്ക് നമസ്കരിക്കാന്‍ സൗകര്യമുണ്ട്. 12 ലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ 456,000 ചതുരശ്രമീറ്ററിലേക്കു കൂടി വിപുലപ്പെടുത്തിയാണ് ഹറമിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ വികസനപ്രവര്‍ത്തനം നടക്കുന്നത്. ഇതു പൂര്‍ത്തിയാകുന്നതോടെ ഹറമിന്‍െറ ചുറ്റുഭാഗത്തെയും മുറ്റങ്ങളില്‍ രണ്ടര ലക്ഷത്തിലേറെ പേരെ ഉള്‍ക്കൊള്ളാനാവും. നേരത്തേ 44,000 പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാവുന്ന സഫാ, മര്‍വാ കുന്നുകള്‍ക്കിടയിലെ പ്രയാണഭാഗം 1,18,000 പേരെ ഉള്‍ക്കൊള്ളും വിധം വികസിപ്പിച്ചുകഴിഞ്ഞു.
വികസനപ്രവൃത്തികള്‍ നടന്നുവരുന്ന ഹറമില്‍ വമ്പിച്ച തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറില്‍ 48,000 പേര്‍ക്ക് നിലവില്‍ പ്രദക്ഷിണസൗകര്യമുള്ള കഅ്ബയുടെ ചുറ്റും 1,30,000 പേരെ ഉള്‍ക്കൊള്ളാവുന്ന വിധമാണ് വികസിപ്പിക്കുന്നത്. ഈ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ മണിക്കൂറില്‍ 22,000 പേരെ മാത്രമേ മതാഫില്‍ ഉള്‍ക്കൊള്ളാനാവുന്നുള്ളൂ. തിരക്ക് നിയന്ത്രണാതീതമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് ഈ വര്‍ഷം ഹജ്ജിന് സ്വദേശത്തുള്ളവരുടെ ക്വോട്ട 50 ശതമാനവും വിദേശരാജ്യങ്ങളുടേത് 20 ശതമാനവും സൗദി ഭരണകൂടം വെട്ടിക്കുറച്ചത്. റംസാനില്‍  അവസാന പത്ത് ആകുന്നതോടെ ഒരേ സമയത്ത് ഹജ്ജു വേളയിലേതിലും കൂടുതല്‍ ജനത്തിരക്കാണ് മസ്ജിദുല്‍ ഹറമില്‍ അനുഭവപ്പെടുക. 

സ്വദേശികളും സൗദിയില്‍ താമസക്കാരായ വിദേശികളും റംസാനില്‍  ഉംറക്കു വേണ്ടി തിക്കിത്തിരക്കിയെത്തുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച് കഴിഞ്ഞ ദിവസം സൗദി ഗവണ്‍മെന്‍റ് എസ്.എം.എസ് സന്ദേശമയച്ചിരുന്നു.




Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasaragod News, Kerala Vartha, Kannur Vartha.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.