Latest News

73ലും നോമ്പു കഞ്ഞിയുടെ രുചിക്കൂട്ടുമായി മുഹമ്മദ് ഹനീഫ


തിരുവനന്തപുരം: 73ാം വയസിലും ഹനീഫയുടെ തിരക്കിന് കുറവില്ല. പാളയം പള്ളിയില്‍ നോമ്പുതുറക്കാനെത്തുന്ന നൂറ് കണക്കിന് പേര്‍ക്ക് നോമ്പുകഞ്ഞി ഉണ്ടാക്കാനുള്ള ചുമതല ഹനീഫക്കാണ്. നാല് പതിറ്റാണ്ടിലേറെയായി ഹനീഫ ഈ ജോലി ഏറ്റെടുത്തിട്ട്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ മുഹമ്മദ് ഹനീഫ തന്റെ ജ്യേഷ്ഠനോടൊപ്പം സഹായിയായാണ് പാളയം പള്ളിയില്‍ കഞ്ഞിവെക്കുന്ന ജോലി ആരംഭിച്ചത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജ്യേഷ്ഠന്‍ ഷംസുദീന്‍ മരിച്ചതോടെ പിന്നീട് കഞ്ഞി തയാറാക്കുന്നതിന്റെ പൂര്‍ണ ചുമതല ഹനീഫക്കായി.

നാല് പതിറ്റാണ്ടുകൊണ്ട് ഒരുപാട് മാറ്റങ്ങള്‍ നോമ്പുകാലത്തിനുണ്ടായെന്ന് ഹനീഫ സാക്ഷ്യപ്പെടുത്തുന്നു. നോമ്പു തുറക്കാനെത്തുന്നവരുടെ എണ്ണം മുതല്‍ വിഭവങ്ങള്‍ വരെ. എങ്കിലും നോമ്പുകഞ്ഞിയുടെ ചേരുവകള്‍ക്ക് ഇപ്പോഴും വലിയ മാറ്റമില്ല.
നോമ്പുതുറ സമയത്ത് നഗരത്തിലുള്ള നോമ്പുകാരില്‍ ഏറെപ്പേരും മഗ്‌രിബ് നമസ്‌കാരത്തിനെത്തുന്നത് പാളയം പള്ളിയിലാണ്. ഓരോ ദിവസവും നോമ്പുതുറക്കാനെത്തുന്നവരുടെ എണ്ണത്തില്‍ മാറ്റമുണ്ടാകുമ്പോഴും അതൊന്നും ഹനീഫ കാര്യമാക്കാറില്ല.

സ്‌പെഷല്‍ ബിരിയാണി കഞ്ഞിയാണ് ഹനീഫ നോമ്പുകാരനായി ഒരുക്കിവെക്കുന്നത്. ഏറെ ഔഷധഗുണമുള്ളതാണ് നോമ്പുകഞ്ഞി. പച്ചരി, ചുക്ക്, കുരുമുളക്, ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട, മുക്കോലം, ഉടച്ച പയറ്, സവോള, ചെറിയ ഉള്ളി, വെളുത്തുള്ളി, തുണ്ടന്‍മുളക്, തക്കാളി, മല്ലിയില, പൊതിനയില, വേപ്പില, ഉലുവ, നെയ്യ്, വെളിച്ചെണ്ണ, തേങ്ങ, കൈതച്ചക്ക തുടങ്ങിയ ചേരുവകള്‍ ചേര്‍ത്തതാണ് ഹനീഫ സ്‌പെഷല്‍ ബിരിയാണികഞ്ഞി തയാറാക്കുന്നത്. ഇതില്‍ കൈതച്ചക്കയും തേങ്ങയും മറ്റും അരച്ച് ചേര്‍ത്തും മറ്റ് ചേരുവകള്‍ ചതച്ച് ചേര്‍ത്തുമാണ് ബിരിയാണികഞ്ഞിക്കൊപ്പം ചേര്‍ക്കുന്നത്.

ബിരിയാണികഞ്ഞി കൂടാതെ നോമ്പുതുറക്കായി റൊട്ടിയും മട്ടന്‍കറിയും ഉണ്ടാകും.
73 ാം വയസിലും റമസാനെത്തിയാല്‍ ഹനീഫക്ക് ഇരിപ്പുറക്കില്ല. നോമ്പു പോലെ പുണ്യമാണ് നോമ്പു തുറപ്പിക്കുന്നതും. അതില്‍ ഭാഗഭാക്കാകുക എന്ന ചിന്ത ഹനീഫക്ക് ചെറുപ്പം നല്‍കുന്നു.
സഹായികളായി വട്ടിയൂര്‍ക്കാവ് സ്വദേശികളായ നാലുപേര്‍കൂടി ഹനീഫക്കൊപ്പമുണ്ട്. അതില്‍ രണ്ടുപേരായ ആഷീബും നാസറും ഹനീഫയുടെ ചെറുമക്കളാണ്. ഭാര്യയും മൂന്ന് പെണ്‍മക്കളും ഒരു മകനുമുള്‍ക്കൊള്ളുന്നതാണ് ഹനീഫയുടെ കുടുംബം.




Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasaragod News, Kerala Vartha, Kannur Vartha.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.