കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ചതോടെ ഏറെ ആശ്വാസത്തിലായിരുന്ന ഇരുവരുടേയും കുടുംബങ്ങള്‍ ഇവര്‍ എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്നതായിരുന്നു പിന്നീടുള്ള പ്രാര്‍ത്ഥന. ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍നിന്ന് വിമാനമാര്‍ഗം മോചിതരായ 24 ജീവനക്കാരും ദുബായിലെത്തി. അവിടേനിന്ന് മുംബൈ വഴി മംഗലാപുരത്തെത്തി. പിന്നീട് റോഡുമാര്‍ഗം കാസര്‍കോടെത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെ വസന്തകുമാറിന്റെ അടുക്കത്ത്ബയലിലെ ഭാര്യ വീട്ടിലെത്തുകയായിരുന്നു. ബാബു പാലക്കുന്നിലെ വീട്ടിലെത്തുമ്പോഴേക്കും സമയം മൂന്നുമണിയോടടുത്തിരുന്നു. ഇരുവരുടേയും വീട്ടുകാര്‍ വരവും കാത്ത് ഉറക്കമിളച്ചിരുന്നിരുന്നാണ് വരവേറ്റത്. വീട്ടുകാരുടേയും ബന്ധുക്കളുടേയും നാട്ടുകാരുടേയും പ്രാര്‍ത്ഥനകള്‍ തങ്ങളുടെ മോചനം എളുപ്പമാക്കിയതിന്റെ സന്തോഷം ഇരുവരും മറച്ചുവെക്കുന്നില്ല.
ഇക്കഴിഞ്ഞ 17നാണ് തുര്‍ക്കിയില്‍നിന്ന് മധ്യ ആഫ്രിക്കയിലെ ഗാബോണിലെ പോര്‍ട്ട് ജെന്റില്‍ തുറമുഖത്തേക്കുളള യാത്രിയ്ക്കിടെ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. ജീവനക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് കടല്‍ക്കൊള്ളക്കാര്‍ കപ്പലിലേക്ക് കയറി റാഞ്ചിയത്. ഇതിനിടയില്‍ ഞെട്ടിയുണര്‍ന്ന ജീവനക്കാരെ തോക്ക് ചൂണ്ടി വധഭീഷണി മുഴക്കുകയും എല്ലാവരേയും കപ്പലിലെ ബ്രിഡ്ജ് ഹൗസിലേക്ക് കൊണ്ടുപോയി ബന്ധനസ്ഥരാക്കുകയായിരുന്നു. പിന്നീട് ജീവനക്കാരുടെ പക്കലുണ്ടായിരുന്ന പണവും മൊബൈലും സ്വര്‍ണാഭരണങ്ങളും മറ്റും തട്ടിയെടുത്തു. സി സി ടി വി കാമറയും ഹാര്‍ഡ് ഡിസ്‌ക്കും തകര്‍ത്ത് കടലിലേക്കെറിഞ്ഞു. സാറ്റലറ്റ് ഫോണ്‍ ബന്ധവും വിച്ഛേദിച്ചു. കപ്പലില്‍നിന്ന് ഡീസലും കാര്‍ഗോ ബ്ലാക്ക് ഓയിലും ഊറ്റിയെടുത്തു. ഇതിനിടയില്‍ എം ടി കോട്ടണ്‍ എന്ന കപ്പലിന്റെ പേരും ഐ എം ഇ നമ്പറും മാറ്റി അറാമി എന്നാക്കിയശേഷം നൈജീരിയന്‍ തീരത്തെത്തിച്ചു. പിന്നീട് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. തോക്ക് ചൂണ്ടി മുള്‍മുനയില്‍ നിര്‍ത്തി കൊള്ളക്കാര്‍ക്ക് വേണ്ട എല്ലാ ജോലികളും കപ്പലിലെ ജീവനക്കാരെ കൊണ്ടാണ് ചെയ്യിച്ചത്.
സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ കപ്പലിനെ നൈജീരിയയിലേക്ക് കൊണ്ടുപോയതിനാല്‍ ഇതിനു സാധ്യതയില്ലെന്നാണ് കരുതുന്നത്. വസന്തകുമാറും ബാബുവും അടക്കം ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, കൊല്‍ക്കത്ത, ഒറീസ, ഗോവ എന്നിവിടങ്ങളില്‍നിന്നുള്ള 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment