Latest News

പി. കെ.ബഷീറിന്റെ വിവാദപ്രസംഗം: നടപടി പിന്‍വലിച്ചതിന് എതിരായ ഹര്‍ജി തള്ളി

കൊച്ചി: വിവാദ പ്രസംഗത്തിന്റെ പേരില്‍ പി. കെ. ബഷീര്‍ എം.എല്‍.എ.ക്ക് എതിരായുള്ള കേസ് നടപടി പിന്‍വലിച്ചതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കുനിയില്‍ ഇരട്ടക്കൊലക്കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുംവിധമുള്ള പ്രസംഗത്തിന്റെ പേരില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്താണ് പി.കെ. ബഷീറിനെതിരെ കേസെടുത്തിരുന്നത്. കേസില്‍ കക്ഷിയല്ലാത്ത ഹര്‍ജിക്കാര്‍ക്ക് ഈ ആവശ്യവുമായി കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്നും കണ്ടെത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

യു.ഡി.എഫ്. സര്‍ക്കാര്‍ വന്ന ശേഷം കേസ് നടപടി പിന്‍വലിച്ചതിനെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്. മലപ്പുറം കിഴുപറമ്പ് സ്വദേശി അബ്ദുള്‍ വഹാബ്, എറണാകുളം കാക്കനാട് സ്വദേശി എം.എന്‍. ഗിരി എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. ക്രിമിനല്‍ നടപടിക്രമങ്ങളെ രാഷ്ട്രീയപകപോക്കലിനുള്ള ഉപകരണമാക്കരുതെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

ക്രിമിനല്‍ നടപടിക്രമങ്ങളുടെ കാര്യത്തില്‍ കോടതിക്കും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങളിലെ ദുരുപയോഗം തടയുകയും വേണം. കോടതി വസ്തുതകള്‍ സ്വതന്ത്രമായി വിലയിരുത്തണം. പിന്‍വലിക്കല്‍ നടപടി ഉത്തമവിശ്വാസത്തോടെയാണെന്ന് കണ്ടാല്‍ അതിന് അനുമതി നല്‍കാവുന്നതാണ്. ബഷീറിനെതിരായ പ്രോസിക്യൂഷന്‍ നടപടി പിന്‍വലിക്കാന്‍ മഞ്ചേരി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതില്‍ തെററ് കാണാനാവില്ലെന്ന് കോടതി വിലയിരുത്തി.

കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ സാക്ഷി പറയുന്നവര്‍ക്കു നേരെ ഭീഷണിയുയര്‍ത്തിയ പ്രസംഗത്തിന്റെ പേരിലാണ് മുന്‍ സര്‍ക്കാര്‍ ബഷീറിനെതിരെ നിയമ നടപടി ആരംഭിച്ചിരുന്നത്. എന്നാല്‍ 2012-ല്‍ ഇത് പിന്‍വലിക്കുന്നതായി പ്രോസിക്യൂഷന്‍ മഞ്ചേരി മജിസ്‌ട്രേട്ട് കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ച മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിനെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.