Latest News

ഭാര്യയുടെ പേരില്‍ ഷരീഫ് പത്തുലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസി എടുത്തു

മഞ്ചേരി: യുവതിയെയും കുട്ടികളെയും കൊലപ്പെടുത്തുന്നതിനു മുമ്പ് ഭര്‍ത്താവ് മുഹമ്മദ് ഷരീഫ് ഭാര്യയുടെ പേരില്‍ പത്തുലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസി എടുത്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പ്രതിയുടെ വീട്ടിലെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് ഭദ്രമായി സൂക്ഷിച്ച നിലയില്‍ പോളിസി രേഖകള്‍ പൊലീസ് കണ്ടെടുത്തത്.

കഴിഞ്ഞ മെയ് 26-നാണ് കോഴിക്കോട് ഓഫീസില്‍ നേരിട്ടെത്തിഭാര്യ സാബിറയുടെ പേരില്‍ ആദ്യ പ്രീമിയമായ 24,755 രൂപ അടച്ച് രസീതി കൈപ്പറ്റിയത്. രണ്ട് കുട്ടികളുടെ പേരിലും പോളിസിയെടുത്തതായി സംശയിക്കുന്നുണ്ട്. ഇത് മറ്റേതെങ്കിലും ഓഫീസിലായിരിക്കാം അടവാക്കിയതെന്ന് സംശയിക്കുന്നു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

വാഹനാപകടത്തില്‍ പെടുത്തി ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തണമെന്നാണ് പ്രതി തീരുമാനിച്ചിരുന്നത്. അപകടത്തില്‍ മരണം സംഭവിക്കുന്നതോടെ വാഹന ഇന്‍ഷൂറന്‍സ് ഇനത്തിലും വന്‍ സംഖ്യ നഷ്ടപരിഹാരമായി ലഭിക്കുമെന്ന് പ്രതീക്ഷിച്ച പ്രതി ഇതുവഴി വന്‍ സാമ്പത്തികലാഭം ലക്ഷ്യംവെച്ചു. കൊലപാതകം മെയ് മാസത്തില്‍ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്ന് കണ്ടെടുത്ത രേഖകളില്‍ നിന്ന് വ്യക്തമാണ്.

മഞ്ചേരി സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം കൊല്ലപ്പെട്ട സാബിറയുടെ ഒളവട്ടൂര്‍ മായാക്കരയിലെ വീട്ടിലുമെത്തി തെളിവെടുപ്പ് നടത്തി. സ്വര്‍ണാഭരണത്തിന്റെ പേരില്‍ വഴക്കിട്ട് സാബിറ രണ്ടാഴ്ചയോളം സ്വന്തം വീട്ടില്‍ പോയി നിന്നിരുന്നു. പിന്നീട് ഉമ്മയ്ക്കു സുഖമില്ലെന്ന് പറഞ്ഞ് ഇയാള്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവത്രെ. 

ആറ് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ രണ്ടാംപ്രസവത്തിനു മുമ്പേ തന്നെ വഴക്കിടാറുണ്ടായിരുന്നുവെന്നും ഇത് കൊലപാതകത്തില്‍ എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും സാബിറയുടെ പിതാവ് തടത്തില്‍ മുഹമ്മദ് പൊലീസിനോട് പറഞ്ഞു.
രണ്ടാമത്തെ പ്രസവശേഷം ഷരീഫിന്റെ വീട്ടില്‍വെച്ച് സാബിറക്ക് മാരകമായ തളര്‍ച്ച ബാധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സാബിറയുടെ വീട്ടില്‍ വിവരമറിയിക്കുകയും അവരെത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഇത് അന്നു തന്നെ മകളെ അപായപ്പെടുത്താന്‍ ഷരീഫ് ചെയ്തതായിരിക്കാമെന്ന് വൃദ്ധയായ മാതാവ് ഫാത്തിമ വിങ്ങിപ്പൊട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

വാഹനാപകടമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെയും മക്കളെയും കൊല: ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.