Latest News

വൃദ്ധ സഹോദരിമാരുടെ കണ്ണീരൊപ്പാന്‍ കെ.എം.സി.സിയുടെ കാരുണ്യ സ്പര്‍ശം


കാസര്‍കോട്: നിരാലംബരായ ബേള കിളിങ്കാര്‍ മജീര്‍പള്ളക്കട്ടയിലെ വൃദ്ധ സഹോദരിമാരായ ഉമ്മുസല്‍മ (70), ബീഫാത്തിമ (60) എന്നിവര്‍ക്ക് കനിവിന്റെ തിരിനാളവുമായി ദുബായ് കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി രംഗത്തെത്തി.

ആരോരുമില്ലാതെ പട്ടിണിയില്‍ കഴിഞ്ഞിരുന്ന സഹോദരിമാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ സ്വരൂപിച്ച 50,000 രൂപ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മഹ്മൂദ് കുളങ്കര, ദുബായ് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം, ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ജില്ലാ സെക്രട്ടറിമാരായ ടി.ആര്‍. ഹനീഫ്, ഹസൈനാര്‍ ബീജന്തടുക്ക, മണ്ഡലം വൈസ് പ്രസിഡണ്ട് സലീം ചേരങ്കൈ, മണ്ഡലം മുന്‍ സെക്രട്ടറി അഷ്‌റഫ് തങ്ങള്‍ എന്നിവര്‍ ഉത്തരദേശം ഡയരക്ടര്‍ മുജീബ് അഹ്മദിനെ ഏല്‍പിച്ചു. ഷാഫി തെരുവത്ത്, ജാബിര്‍ കുന്നില്‍, എം.വി. സന്തോഷ് സന്നിഹിതരായിരുന്നു.
ജീവകാരുണ്യ രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളിലൂടെ മാതൃക കാണിക്കുന്ന ദുബായ് കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെ റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നൂറോളം തയ്യല്‍ മെഷീനുകള്‍, എട്ട് ഓട്ടോറിക്ഷകള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായം തുടങ്ങിയവ കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയിട്ടുണ്ട്. വിവാഹ-വിദ്യാഭ്യാസ-ഭവന-ചികിത്സാ സഹായങ്ങളും ചെയ്തുവരുന്നു. മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണം കിറ്റുകളും നല്‍കിയിരുന്നു. ആക്ടിങ്ങ് പ്രസിഡണ്ട് ഷരീഫ് പൈക്ക, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ഗഫൂര്‍ എരിയാല്‍ തുടങ്ങിയവര്‍ ദുബായില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു
പട്ടിണിയില്‍ കഴിഞ്ഞിരുന്ന സഹോദരിമാര്‍ കാണുന്നവരില്‍ നൊമ്പരമുണര്‍ത്തിയിരുന്നു. റമസാനില്‍ നോമ്പുതുറ വിഭവങ്ങള്‍ വാങ്ങിക്കാന്‍ പോലും നിര്‍വാഹമില്ലാതെ കാരക്കയും പച്ചവെള്ളവും കൊണ്ട് തൃപ്തിപ്പെട്ടിരുന്ന ഇവരുടെ ദുരിതകഥ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍നിന്ന് സുമനസ്സുകള്‍ സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്. 

സഹോദരിമാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നാട്ടുകാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സഹായ സമിതി രൂപീകരിച്ച് ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. ഇതിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് വീട് പണിത് നല്‍കാനും പരിചരിക്കാന്‍ ആളെ ഏര്‍പ്പാടാക്കാനുമാണ് സമിതി ഉദ്ദേശിക്കുന്നത്. ഉമ്മുസല്‍മ-ബീഫാത്തിമ സഹായസമിതിയുടെ പേരില്‍ കര്‍ണാടക ബാങ്ക് നീര്‍ച്ചാല്‍ ശാഖയിലാണ് ബാങ്ക് അക്കൗണ്ട് തുറന്നത്. 

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.