Latest News

മഞ്ചേരിയിലെ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി; ഒരു കുട്ടി മരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സയാമീസ് ഇരട്ടകള്‍ക്ക് ബുധനാഴ്ച നടത്തിയ ശസ്ത്രക്രിയ പാതിവിജയം. സയാമീസ് ഇരട്ടകളില്‍ ഒരാള്‍ മരണത്തിനു കീഴടങ്ങി. മഞ്ചേരി പാണ്ടിക്കാട് വള്ളുവങ്ങാട് വടക്കാങ്ങര സുകുമാരന്‍-സുചിത്ര ദമ്പതികള്‍ക്കു ജനിച്ച സയാമീസ് ഇരട്ടകള്‍ക്കാണ് ശസ്ത്രക്രിയ നടന്നത്. 

മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ മെയ് 24നു ജനിച്ച സയാമീസ് ഇരട്ടകളെ അന്നുതന്നെ മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വിദഗ്ധ പരിശോധനയ്ക്കു ശേഷമാണ് ശസ്ത്രക്രിയക്കു തീരുമാനമെടുത്തത്. നട്ടെല്ലും ഇടുപ്പുകളും ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. ഒരു കുട്ടിക്ക് ഹൃദയത്തിന് രണ്ടറകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

രണ്ടും പെണ്‍കുട്ടികളാണ്. ഒരു ശിശു നേരത്തെ തന്നെ അവശനിലയിലായിരുന്നു. രണ്ടാഴ്ച മുമ്പേ കുടലിനു നടത്തിയ ശസ്ത്രക്രിയയില്‍ ആരോഗ്യനില മെച്ചപ്പെട്ടതിനാലാണ് ഒരു ശിശുവിനു മുലപ്പാല്‍ കുടിക്കാന്‍ സാധിച്ചിരുന്നത്. 

രാവിലെ എട്ടുമണി മുതല്‍ തുടര്‍ച്ചയായ ആറു മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെയാണ് ശിശുക്കളെ വേര്‍പെടുത്തിയത്. പീഡിയാട്രിക് സര്‍ജറി വിഭാഗം ഡോ. പ്രതാപ്, ഡോ. ദില്‍ജിത്ത്, ഡോ. മുരളീകൃഷ്ണന്‍, അനസ്തീസ്യ വിഭാഗത്തിലെ ഡോ. സുവര്‍ണ, ഡോ. മുബാറക്, ന്യൂറോസര്‍ജറിയിലെ ഡോ. ജേക്കബ് ആലപ്പാട്ട്, ഡോ. രാജീവ്, റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലെ ഡോ. വി ആര്‍ രാജേന്ദ്രന്‍, ഡോ. ദേവരാജന്‍, പീഡിയാട്രിക് ഡോക്ടര്‍മാര്‍, ഗൈനക്കോളജിസ്റ്റുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.

ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയ കുഞ്ഞിനെ സര്‍ജറി ഐ.സി.യു. വെന്റിലേറ്ററിലേക്കു മാറ്റി. കുഞ്ഞ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണുള്ളത്. ശസ്ത്രക്രിയയിലൂടെ രക്ഷപ്പെട്ട കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോ. പ്രതാപ് പറഞ്ഞു. വേര്‍പെടുത്തിയതിനെത്തുടര്‍ന്ന് മരിച്ച കുഞ്ഞിനെ ബന്ധുക്കള്‍ക്കു സംസ്‌കരിക്കാനായി വിട്ടുകൊടുത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.