Latest News

ഈജിപ്തില്‍ സൈന്യം അധികാരം പിടിച്ചു


കൈറോ: ഈജിപ്തില്‍ ഒരു വര്‍ഷമായി ഭരണത്തിലിരുന്ന ജനാധിപത്യ സര്‍ക്കാറിനെതിരെ സൈനിക അട്ടിമറി. സര്‍ക്കാറും പ്രതിപക്ഷവും തമ്മിലുള്ള സംഘര്‍ഷം രാജ്യമെങ്ങും വ്യാപകമായതിനൊടുവിലാണ് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുടെ സര്‍ക്കാറിനെതിരെയുള്ള അട്ടിമറി.

പ്രതിസന്ധി പരിഹരിക്കാന്‍ സൈന്യം നല്‍കിയ സമയപരിധി ബുധനാഴ്ച വൈകുന്നേരം അവസാനിച്ചതോടെ ഏതു സമയവും സൈനിക അട്ടിമറി നടക്കുമെന്ന അവസ്ഥയായിരുന്നു.
കഴിഞ്ഞ ദിവസം മുര്‍സി നടത്തിയ പ്രസംഗം ജനങ്ങളുടെ ആഗ്രഹത്തിനും പ്രതീക്ഷക്കും എതിരെയുള്ളതാണെന്ന് അട്ടിമറിക്ക് ശേഷം നടത്തിയ പ്രസംഗത്തില്‍ സെനികതലവനായ ജനറല്‍ അബ്ദുല്‍ ഫതഹ് അല്‍ സിസി പറഞ്ഞു.

ഭരണഘടന റദ്ദാക്കിയതായും പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി സൈന്യത്തിന് കൂടി പങ്കാളിത്തമുള്ളഇടക്കാല സര്‍ക്കാറുണ്ടാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സൈനിക അട്ടിമറിയെ ജനകീയമായി ചെറുക്കുമെന്ന് മുസ്ലിം ബ്രദര്‍ഹുഡ് പ്രഖ്യാപിച്ചതോടെ ഈജിപ്ത് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു. പട്ടാള അട്ടിമറിയിലേക്ക് നീങ്ങുന്നതായി ദേശീയ സുരക്ഷാ ഉപദേശകനായ ഇസാം അല്‍ ഹദാദ് തന്‍െറ ഒൗദ്യോഗിക വെബ്പേജില്‍ എഴുതി. രക്തച്ചൊരിച്ചിലുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതിനിടെ, പ്രസിഡന്‍റിന്‍െറ കൊട്ടാരം സൈന്യം വളഞ്ഞ് മുര്‍സിയെ വീട്ടുതടങ്കലിലാക്കിയതായി റിപ്പോര്‍ട്ടുണ്ട്. കവചിത വാഹനങ്ങളില്‍ നൂറുകണക്കിന് സൈനികര്‍ പ്രസിഡന്‍റിന്‍െറ കൊട്ടാരത്തിനു മുന്നിലൂടെ പരേഡ് നടത്തി. രാജ്യം വിട്ടു പോകരുതെന്ന് സൈന്യം പ്രസിഡന്‍റിനും ബ്രദര്‍ഹുഡ് നേതാക്കള്‍ ക്കും അന്ത്യശാസനം നല്‍കി. 

സൈനിക അട്ടിമറിയുടെ ആശങ്കകളെ മൂര്‍ച്ഛിപ്പിച്ചുകൊണ്ട് വൈകുന്നേരം സൈന്യം ഒൗദ്യോഗിക ടെലിവിഷന്‍ ആസ്ഥാനത്തിന്‍െറ സ്റ്റുഡിയോയുടെ നിയന്ത്രണം പിടിച്ചെടുത്തിരുന്നു. കൈറോയുടെ പ്രാന്തപ്രദേശത്ത് തന്‍െറ ഓഫിസിന് സമീപത്തെ റിപ്പബ്ളിക്കന്‍ ഗാര്‍ഡിന്‍െറ ബാരക്കിലുണ്ടായിരുന്ന മുര്‍സി കൊട്ടാരത്തിലേക്കു നീങ്ങിയോയെന്ന് വ്യക്തമല്ലെന്ന്‌ പ്രസിഡന്‍റിന്‍െറ സഹായി അറിയിച്ചു. 

അതിനിടെ, മുര്‍സിക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രദര്‍ഹുഡ് കൈറോ യൂനിവേഴ്സിറ്റി പരിസരത്ത് നടത്തിയ റാലിക്കുനേരെയുണ്ടായ വെടിവെപ്പില്‍ 16പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരും മുബാറക് അനുകൂലികളായ സ്വകാര്യ സേനാ സംഘങ്ങളുമാണ് ആക്രമണത്തിനു പിന്നില്‍. ചൊവ്വാഴ്ച രാത്രി വൈകി ഒൗദ്യോഗിക ടെലിവിഷനിലൂടെ രാജ്യത്തോട് നടത്തിയ പ്രഭാഷണത്തില്‍ സൈനിക അന്ത്യശാസനത്തെ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. ‘ജനാധിപത്യവും നിയമസാധുതയും’ സംരക്ഷിക്കാന്‍ മരണം വരിക്കാനും തയാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 

എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ദേശീയ സര്‍ക്കാര്‍ രൂപവത്കരിക്കുക, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നേരത്തേ നടത്തുക, യുവാക്കള്‍ക്ക് ഭരണത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മുര്‍സി ആവര്‍ത്തിച്ച് മുന്നോട്ടുവെച്ചു.

അതേസമയം, തങ്ങളുടെ റോഡ്മാപ് ചര്‍ച്ച ചെയ്യാന്‍ സൈന്യം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെ ക്ഷണിച്ചു വരുത്തി. മുന്‍ ആണവോര്‍ജ തലവനും പ്രതിപക്ഷ സഖ്യത്തിന്‍െറ നേതാവുമായ അല്‍ബറാദിയടക്കം പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍, ബ്രദര്‍ഹുഡിന്‍െറ രാഷ്ട്രീയ വിഭാഗമായ എഫ്.ജെ.പി അധ്യക്ഷന്‍ സഅദ് അല്‍ഖതാതിനി ചര്‍ച്ചക്കുള്ള ക്ഷണം നിരസിച്ചു.
സര്‍ക്കാറിനെ പുറത്താക്കാന്‍ പട്ടാളം അട്ടിമറിക്കു മുതിര്‍ന്നാല്‍ ‘ടാങ്കുകള്‍ക്കും പ്രസിഡന്‍റിനുമിടയില്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ സുരക്ഷാ കവചമായി നില്‍ക്കുമെന്ന്’ ബ്രദര്‍ഹുഡ് നേതാവ് ബെല്‍താഗി ഫേസ്ബുക്കിലൂടെ അറിയിച്ചു. പട്ടാളനീക്കങ്ങളെ ബ്രദര്‍ഹുഡ്-എഫ്.ജെ.പി നേതാക്കള്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. പ്രശ്നപരിഹാരത്തിന് ഈജിപ്തിലെ എല്ലാ ജനങ്ങളുടെയും അഭിപ്രായം കേള്‍ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ മുര്‍സിയോട് ഫോണില്‍ ആവശ്യപ്പെട്ടു. മുര്‍സിയെ അനുകൂലിച്ചും എതിര്‍ത്തും പതിനായിരങ്ങള്‍ തെരുവില്‍ നിലകൊള്ളുകയാണ്.
സൈന്യത്തിന്‍െറ അന്ത്യശാസനം കഴിഞ്ഞതോടെ പതിനായിരങ്ങളാണ് തഹ്രീര്‍ ചത്വരത്തില്‍ തടിച്ചുകൂടിയത്. 2012 ജൂണ്‍ 30നാണ് മുര്‍സി അധികാരമേറ്റത്. ‘മുല്ലപ്പൂവിപ്ളവ’ത്തില്‍ ഹുസ്നി മുബാറക് പുറത്തായതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് മുര്‍സി ഈജിപ്തിന്‍െറ അഞ്ചാമത്തെ പ്രസിഡന്‍റായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.