Latest News

വഖഫ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് - പരാമര്‍ശങ്ങളും നടപടികളും ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ജില്ലാ ജഡ്ജ് എം. എ. നിസാര്‍ അദ്ധ്യക്ഷനായുള്ള വഖഫ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങളും നടപടികളും നീക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് സി.ഇ.ഒ. ബി. എം. ജമാല്‍ ഫയല്‍ ചെയ്തിരുന്ന റിട്ട് ഹര്‍ജിയില്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും നടപടികളും റദ്ദു ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 

ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച കമ്മീഷന്‍ യാതൊരു അടിസ്ഥാനവും ഇല്ലാതെ തന്നെയും വഖഫ് ബോര്‍ഡിനെയും പൊതുജന മദ്ധ്യത്തില്‍ മേശക്കാരായി കാണിക്കുന്നതിനും, ദുരുദ്ദേശപരമായും സമര്‍പ്പിച്ചിട്ടുള്ളതാണ് റിപ്പോര്‍ട്ടെന്നും പരാമര്‍ശങ്ങള്‍ നടത്തുന്നതിനു മുമ്പ് തന്നെ കേള്‍ക്കുകപോലും ചെയ്യാതെ സാമാന്യ നീതിപോലും നിഷേധിച്ചു കൊണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും, അത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ചുകൊണ്ടാണ് ബി.എം.ജമാല്‍ കേസ് ഫയല്‍ ചെയ്തത്. 

ബി. എം. ജമാല്‍
1952ലെ എന്‍ക്വയറി കമ്മീഷന്‍ ആക്ട് പ്രകാരമുള്ള നടപടി ക്രമങ്ങള്‍ അന്വേഷണ വേളയില്‍ പാലിച്ചിട്ടില്ലെന്നും സാമാന്യ നീതിക്കനുസൃതമായി ഹര്‍ജിക്കാരന്റെ ഭാഗം കേള്‍ക്കുകപോലും ചെയ്യാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് കണ്ട ജസ്റ്റിസ് എ,എം. ഷഫീഖ് റിപ്പോര്‍ട്ടിലെ ഹര്‍ജിക്കാരനെതിരെയുള്ള പരാമര്‍ശങ്ങളും നടപടികളും റദ്ദാക്കുകയായിരുന്നു. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ബാബു കറുകപ്പാടത്ത്, അഡ്വ. വഹീദ ബാബു കറുകപ്പാടത്ത് എന്നിവര്‍ ഹാജരായി.

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് 2007ലാണ് ജഡ്ജ് എം.എ. നിസാര്‍ ചെയര്‍മാനായുള്ള വഖഫ് അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചത്. 33 മാസക്കാലം പ്രവര്‍ത്തിച്ച അന്വേഷണ കമ്മീഷന്‍ 24 റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍, വഖഫ് ബോര്‍ഡ് യോഗങ്ങളില്‍ എം.പി. എം.എല്‍.എ മാരുടെ ഹാജരില്ലായിമ തുടങ്ങിയ 5 റിപ്പോര്‍ട്ടുകളില്‍ സി.ഇ.ഒ വഖഫ് ആക്ടിലെ 26-ാം വകുപ്പ് പ്രയോഗിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. 

എറണാകുളത്തെ വഖഫ് ബോര്‍ഡ് ആസ്ഥാന മന്ദിരത്തന്റെ നിര്‍മ്മാണത്തെ സംബന്ധിച്ച് കമ്മീഷന്‍ ചെയര്‍മാന്റെ റിപ്പോര്‍ട്ടിന് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് മെമ്പര്‍ സെക്രട്ടറി പ്രത്യേക റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. കമ്മീഷന്റെ അവസാന കാലഘട്ടത്തിലാണ് കമ്മീഷന്‍ ചെയര്‍മാന്റെ കൂടെ 22 റിപ്പോര്‍ട്ടുകളില്‍ ഒപ്പുവെച്ച മെമ്പര്‍ സെക്രട്ടറി കെട്ടിടത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് വിയോജിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വഖഫ് ബോര്‍ഡ് സി.ഇ.ഒക്ക് എതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഏകപക്ഷികമായിരുന്നന്നും അവസരം നല്‍കാതെയായിരുന്നെന്നും ഹൈക്കോടതി കണ്ടെത്തുകയും അന്വേഷണ റിപ്പോര്‍ട്ടുകളിലെ സി.ഇ.ഒ. ബി.എം.ജമാലിനെതിരെയുള്ള എല്ലാ പരാമര്‍ശങ്ങലും റദ്ദു ചെയ്യുകയും ചെയ്തിട്ടുണ്ട്. 

എല്‍.കെ. അധ്വാനിയുടെ 2003ലെ കേസില്‍ ബഹു. സുപ്രീം കോടതി വിധി ഉദ്ധരിച്ചുകൊണ്ടാണ് ഹൈക്കോടി വഖഫ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം റദ്ദ് ചെയ്തിട്ടുള്ളത്. അന്വേഷണ കമ്മീഷന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെത്തന്നെ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ആയിരുന്ന അബൂബക്കര്‍ ചേങ്ങാട്ടിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി അഴിമതി കുറ്റത്തിന് കേസ് എടുക്കുകയും അന്വേഷണം നടന്നു വരുന്നതുമാണ്.

കോടതി ഇടപെടലിലൂടെ സി.ഇ.ഒ. സ്ഥാനത്തെത്തിയ തന്നോട് അധികൃതല്‍ മുന്‍ വൈരാഗ്യം തീര്‍ക്കുകയാണെന്നും തന്റെ മുന്‍കാല വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളിലുള്ള ബന്ധങ്ങളാണ് ഇതിനു കാരണമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 2000ലെ ഇടതുപക്ഷ ഭരണ കാലത്ത് നടന്ന വഖഫ് ബോര്‍ഡ് സി.ഇ.ഒ. സ്ഥാനത്തേക്കുള്ള റിക്രൂട്ട്‌മെന്റില്‍ ബി.എം. ജമാലിനായിരുന്നു ഒന്നാം റാങ്ക് ലഭിച്ചിരുന്നത്. എന്നാല്‍ തല്‍സമയം യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡണ്ട് ആയിരുന്ന ബി.എം. ജമാലിന്റെ നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് റാങ്ക് ലിസ്റ്റ് ക്യാന്‍സല്‍ ചെയ്തിരുന്നെങ്കിലും ഹൈക്കോടതിയെ സമീപിച്ച ജമാലിന് പിന്നീടുവന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ കാലത്താണ് നിയമനം ലഭിച്ചത്.

എന്നാല്‍ 2006ല്‍ വീണ്ടും അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഉമറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായിരുന്ന വഖഫ് ബോര്‍ഡിനെതിരെയും സി.ഇ.ഒക്ക് എതിരെയും അന്വേഷണ കമ്മീഷന്‍ രൂപീകരിച്ച് നടപടി സ്വീകരിക്കുകയാണുണ്ടായത്. അനേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം അച്ചടക്ക നടപടി സ്വീകരിക്കാന്‍ ശ്രമമുണ്ടായപ്പോള്‍ 2010 ആഗസ്റ്റില്‍ ഹൈക്കോടതി ബി.എം. ജമാലിനെതിരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

അതേ സമയം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന് പുറമെ വഖഫ് ബോര്‍ഡ് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണത്തെ സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടാണ് ഇടതു പക്ഷ സര്‍ക്കാര്‍ തിരിച്ചടിച്ചത്. പ്രസ്തുത വിജിലന്‍സ് അന്വേഷണത്തില്‍ 2012 ഒക്‌ടോബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുയും കെട്ടിട നിര്‍മ്മാണത്തില്‍ യാതൊരു സാമ്പത്തിക ക്രമക്കേടുകളും ഇല്ലെന്നും കണ്ടെത്തിയിരുന്നു.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.