Latest News

സിംകാര്‍ഡ് എടുക്കാന്‍ ഇനിമുതല്‍ വിരലടയാളം വേണം.

ന്യൂഡല്‍ഹി: ഇനി മുതല്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ ആര്‍ക്കും യഥേഷ്ടം വാങ്ങാന്‍ കഴിയില്ല. സിം കാര്‍ഡുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുമ്പോള്‍ അതില്‍ ഉപഭോക്താവിന്റെ വിരലടയാളമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ബയോമെട്രിക് വിവരങ്ങളോ കര്‍ശനമായും രേഖപ്പെടുത്തി വയ്ക്കണമെന്ന് ആഭ്യന്തര മന്ത്രയാലയം ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനെ അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷയെ കണക്കിലെടുത്താണ് പുതിയ നീക്കത്തിനായി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

2011 ലെ മുംബൈ തീവ്രവാദി ആക്രമണ കേസില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്നത് ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ആയിരുന്നു. പ്രാദേശിക ബന്ധങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ ഇത്തരത്തില്‍ സിം കാര്‍ഡുകള്‍ കൈക്കലാക്കിയത്.ദില്ലി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സിം കാര്‍ഡ് വിതരണത്തിലെ സുരക്ഷ പാളിച്ചകളെപ്പറ്റിയും അത് പരിഹരിക്കാന്‍ വിരലടയാളം രേഖപ്പെടുത്തി വയ്ക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാനും ശുപാര്‍ശ ചെയ്തിരുന്നു.

2013 മെയ് 15 ന് ദില്ലി പൊലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചത്. നിലവില്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ, എന്നിങ്ങനെ കുറച്ച് വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ തന്നെ രണ്ടോ മൂന്നോ ദിവസത്തിനകം ഉപഭോക്താവിന് സിം ലഭ്യമാകും.എന്നാല്‍ ഇനി മുതല്‍ ഉപഭോക്താവിന്റെ വിരലടയാളമോ മറ്റ് ബയോമെട്രിക് വിവരങ്ങളോ കൂടി രേഖപ്പെടുത്തിയ ശേഷമ മാത്രമേ സിം അനുവദിക്കുകയുള്ളൂ.

മാത്രമല്ല ഇത്തരത്തില്‍ രേഖപ്പെടുത്തുന്ന വിരലടയാളം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുകയും ചെയ്യും. അതിനാല്‍ തന്നെ സുരക്ഷാ കാര്യങ്ങളില്‍ കുറച്ച് കൂടി ശ്രദ്ധിക്കാം. തീവ്രവാദി ആക്രമണങ്ങളില്‍ പ്രതികളെ കണ്ടെത്താന്‍ വളരെ എളുപ്പത്തില്‍ സാധ്യമാവുകയും ചെയ്യും.

എന്നാല്‍ നിലവില്‍ മൊബൈല്‍ കമ്പനികള്‍ തമ്മില്‍ നിലനില്‍ക്കുന്ന കിടമത്സരങ്ങള്‍ക്കിടയില്‍ ഇക്കാര്യം എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് അറിയില്ല. ടെലിക്കോം വകുപ്പിനോട് ബയോമെട്രിക് വിവരങ്ങളുടെ ഡാറ്റാബെയ്‌സ് ഉണ്ടാക്കാനും അതിനെ നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡുമായി ബന്ധിപ്പിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.


Keywords: Newdelhi, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.