Latest News

ഹൈദരലി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാറിനും ലീഗിനുമെതിരെ പ്രമേയം

മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന എസ്.വൈ.എസ് (ഇ.കെ. വിഭാഗം) യോഗത്തില്‍ സര്‍ക്കാറിനും ലീഗ് മന്ത്രിമാര്‍ക്കുമെതിരെ പ്രമേയം.

കോഴിക്കോടിനടുത്ത് കൈതപ്പൊയിലില്‍ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന മര്‍കസ് നോളജ് സിറ്റിക്കെതിരെയാണ് രൂക്ഷവിമര്‍ശം ഉയര്‍ന്നിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗിച്ച് സരിതാനായര്‍ നടത്തിയ തട്ടിപ്പിന് സമാനമായ തട്ടിപ്പിനാണ് നോളജ്‌സിറ്റിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടുനില്‍ക്കുന്നതെന്ന് സംഘടനയുടെ സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി മാധ്യമങ്ങളോട് പറഞ്ഞു. തിരുകേശക്കേസില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്താമെന്ന് പറയുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് ചേര്‍ന്ന സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടേറിയറ്റാണ് പ്രമേയം അംഗീകരിച്ചത്. മദ്രസകളിലും പള്ളികളിലും ശിഥിലീകരണങ്ങളുണ്ടാക്കി സമുദായത്തെ അവഹേളിക്കുന്ന കാന്തപുരം വിഭാഗത്തെ സഹായിക്കുന്ന സംസ്ഥാന ഭരണകൂടത്തിലെ ചിലരുടെ നടപടയില്‍ അമര്‍ഷം രേഖപ്പെടുത്തുന്നതായി പ്രമേയം പറയുന്നു. കാന്തപുരത്തിന്റെ തട്ടിപ്പ് കേന്ദ്രത്തിലേക്ക് റോഡ് നിര്‍മാണത്തിന് പൊതുഖജനാവില്‍നിന്ന് 27 കോടി രൂപ അനുവദിച്ച മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും നടപടി പ്രതിഷേധാര്‍ഹമാണെന്നും തുടര്‍ന്ന് പറയുന്നു.

കഴിഞ്ഞദിവസം നടന്ന നോളജ് സിറ്റി ശിലാസ്ഥാപനച്ചടങ്ങില്‍ മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, വി. കെ. ഇബ്രാഹിംകുഞ്ഞ്, മഞ്ഞളാംകുഴി അലി, ഡോ. എം. കെ. മുനീര്‍ എന്നിവരാണ് പങ്കെടുത്തത്. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.