Latest News

28 ലക്ഷത്തിന്റെ വ്യാജ ഡോളര്‍ പിടിച്ചു; വനിതാ ഡോക്ടറും മകനും അറസ്റ്റില്‍

കോട്ടയം: തിരുവാര്‍പ്പിലെ വാടകവീട്ടില്‍നിന്ന് വ്യാജ വിദേശകറന്‍സി ശേഖരം കണ്ടെടുത്തതുമായി ബന്ധപ്പെട്ട് വിരമിച്ച വനിതാ ഡോക്ടറും മകനും അറസ്റ്റിലായി. 2.8 ദശലക്ഷത്തിന്റെ വ്യാജ ഡോളറാണ് പോലീസ് പിടിച്ചെടുത്തത്.

കോട്ടയം തിരുവാര്‍പ്പ് കൊച്ചുപറമ്പില്‍ കൃഷ്ണകുമാരി(60), മകന്‍ ജിതേന്ദ്രവേണുഗോപാല പിഷാരടി(35) എന്നിവരാണ് പിടിയിലായത്. വ്യാജ കറന്‍സിയുടെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലാത്ത മറുപടിയാണ് ഇരുവരും നല്‍കുന്നതെന്ന് പോലീസ് പറയുന്നു.

കൃഷ്ണകുമാരി പണം തട്ടിയെടുത്തുവെന്ന, കോട്ടയം വടവാതൂര്‍ തടത്തില്‍ എ.കെ.സദാനന്ദന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇവിടെ അന്വേഷണത്തിനെത്തിയത്. തന്റെ മകന് ജോലി വാഗ്ദാനംചെയ്ത് കൃഷ്ണകുമാരി ആറുലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് സദാനന്ദന്റെ പരാതി. ഏറെനാള്‍ കഴിഞ്ഞിട്ടും ജോലി ശരിയാക്കി നല്‍കിയില്ല.

അതേസമയം, ബാംഗ്ലൂരിലെത്തിയാല്‍ പണം തിരികെനല്‍കാമെന്ന് അറിയിച്ചതിനാല്‍ സദാനന്ദന്‍ ജിതേന്ദ്രനൊപ്പം അവിടെയെത്തി. വില്യം എന്ന പേരിലെത്തിയ നൈജീരിയന്‍ സ്വദേശി, ജിതേന്ദ്രന് ഒരു പെട്ടിയില്‍ ഡോളര്‍ കൈമാറുന്നത് കണ്ടെന്നും സദാനന്ദന്‍ ഈസ്റ്റ് പോലീസ്‌സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. വാങ്ങിയ ആറുലക്ഷത്തിനുപകരം തത്തുല്യമായ ഡോളര്‍ നല്‍കാമെന്ന ജിതേന്ദ്രന്റെ നിര്‍ദേശം താന്‍ അംഗീകരിച്ചില്ലെന്നും സദാനന്ദന്‍ പറഞ്ഞു. ബാംഗ്ലൂരില്‍നിന്ന് തിരിച്ചെത്തി ഒരു മാസം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെയാണ് സദാനന്ദന്‍ പോലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചനാകുറ്റം ചുമത്തിയ പോലീസ്, കൃഷ്ണകുമാരിയുടെ വീട് പരിശോധനയ്ക്കായി കോട്ടയം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് സെര്‍ച്ച്‌വാറണ്ട് വാങ്ങിയിരുന്നു. ബുധനാഴ്ച രാവിലെ കൃഷ്ണകുമാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പെട്ടികളിലായി സൂക്ഷിച്ചിരുന്ന വ്യാജ വിദേശ കറന്‍സികള്‍ കണ്ടെടുത്തത്.

കമ്പ്യൂട്ടര്‍ എന്‍ജിനിയറായ താന്‍ ഇന്‍റര്‍നെറ്റ് മുഖേന സമര്‍പ്പിച്ച പ്രോജക്ടിന് ലഭിച്ചതാണ് വിദേശ കറന്‍സിയെന്നാണ് ജിതേന്ദ്രന്‍ പോലീസിനോട് പറയുന്നത്. 2.8 മില്യന്‍ ഡോളര്‍ ലഭിക്കുന്നതിന് മുന്നോടിയായി പത്തുലക്ഷം രൂപ ബാങ്ക് മുഖേന വിദേശത്തേക്ക് അയച്ചതായും ജിതേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് ഈസ്റ്റ് എസ്.ഐ. കെ.പി.ടോംസണ്‍ പറഞ്ഞു.

വഞ്ചനാക്കുറ്റത്തിനും വ്യാജ വിദേശകറന്‍സി കൈവശംവച്ചതിനുമുള്ള കേസാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഡിവൈ.എസ്.പി. സി. അജിത്തിന്റെ മേല്‍നോട്ടത്തില്‍ സി.ഐ. റിജോ ജോസഫ്, എസ്.ഐ. കെ.പി.ടോംസണ്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.


Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Vyaja Dolar, Kottayam, Doctor 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.