Latest News

ഓണക്കാലത്തിന്റെ വരവറിയിച്ച് ചിങ്ങം പിറന്നു

കാസര്‍കോട്: ചിന്നിച്ചിതറിയൊളിച്ച മഴത്തുള്ളികള്‍ക്കിടയിലൂടെ എത്തിനോക്കുന്ന ചിങ്ങപ്പൊന്‍വെയില്‍. മണ്ണിനും മനസിനും കുളിര്‍മയായി ഓണനിലാവ്. ചിരിക്കുന്ന പൂക്കള്‍. പാടുന്ന കിളികള്‍. ആയത്തില്‍ ആടിവരുന്ന ഊഞ്ഞാല്‍. കളിക്കളങ്ങളില്‍ ഉല്‍സാഹത്തിന്റെ ആര്‍പ്പുവിളികള്‍. മലയാളിയുടെ മനസില്‍ ഓണത്തിന്റെ കുളിരോര്‍മകള്‍ സമ്മാനിച്ച് ചിങ്ങം പുലര്‍ന്നു.

പ്രതീക്ഷയുടെ പുതുനാമ്പായതിനാല്‍ ചിങ്ങപ്പുലരിക്ക് ഇന്നും മലയാളിയുടെ മനസില്‍ സുവര്‍ണശോഭ. എല്ലാ പ്രധാന ക്ഷേത്രങ്ങളിലും പ്രത്യേക പൂജകള്‍ നടക്കും. ഐശ്വര്യത്തിളക്കത്തില്‍ മലയാള മാസക്രമത്തില്‍ ശനിയാഴ്ച കൊല്ലവര്‍ഷത്തിനും തുടക്കം.

കര്‍ക്കടകക്കെടുതിയില്‍ നിന്നുള്ള പ്രതിക്ഷയുടെ പുതുനാമ്പാണ് ഓരോ ചിങ്ങപ്പുലരിയും. ചിങ്ങം പിറന്നാല്‍ പിന്നെ സമൃദ്ധിയുടെ കാലം. പൂവിളികളുടെയും പൂക്കളങ്ങളുടെയും കാലം. ചിങ്ങപ്പുലരിയില്‍ പൂക്കള്‍ക്കെല്ലാം പുതുശോഭയാണ്. 

കാര്‍ഷിക സമൃദ്ധിയുടെ വിളവെടുപ്പു കൂടിയാണ് ചിങ്ങമാസത്തിലെ ഓണക്കാലവും. അതുകൊണ്ട് തന്നെയാണ് തിരുവോണസദ്യയുണാന്‍ ഗൃഹാതുരത്വയുടെ വിങ്ങലുമായി ഓരോ മലയാളിയും മനസുകൊണ്ടെങ്കിലും നാട്ടിലെത്തുന്നത്. ഓണത്തെ വരവേല്‍ക്കാന്‍ വിപണിയും ഒരുങ്ങിക്കഴിഞ്ഞു. നിറവിന്റെയും ആഹ്ലാദത്തിന്റെയും സമാധാനത്തിന്റെയും പുതിയ വര്‍ഷത്തിനായാണ് പ്രാര്‍ത്ഥനയോടും പൂവിളിയോടും കേരളം കാത്തിരിക്കുന്നത്. കാര്‍ഷികസമൃദ്ധിയുടെ ഓര്‍മകളുണര്‍ത്തി ശനിയാഴ്ച കര്‍ഷകദിനമായും ആചരിക്കുന്നു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.