Latest News

എന്‍ഡോസള്‍ഫാന്‍ തളിക്കുമ്പോള്‍ ജനങ്ങള്‍ മാറിനില്‍ക്കേണ്ടതായിരുന്നു


തലക്കെട്ടിലെ വാചകങ്ങള്‍ ഒരു സാധാരണ മനുഷ്യന്‍േറതല്ല, കേരളത്തിലെ അനേകം പരിസ്ഥിതിക്കേസുകളില്‍ വിധി പ്രസ്താവിച്ചിട്ടുള്ള ഒരു ന്യായാധിപന്‍േറതാണ്. ഇപ്പോള്‍ അദ്ദേഹത്തിന് പെന്‍ഷന്‍പറ്റി പിരിഞ്ഞവര്‍ക്കു മാത്രമുള്ള ഒരു ചുമതലകൂടിയുണ്ട്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ട്രൈബ്യൂണലിന്‍െറ സാധ്യതകള്‍ പഠിക്കാനുള്ള സമിതിയുടെ ചെയര്‍മാനാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍. 2013 ജൂലൈ 20ന് നടന്ന സിറ്റിങ്ങിനു തലേന്നാള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പൊട്ടിച്ച, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ ഇപ്പോള്‍ യൂടൂബില്‍ കിടപ്പുണ്ട്. അതിന്‍െറ പൂര്‍ണരൂപം ഇപ്രകാരമാണ്:

‘‘എന്തുകൊണ്ട് ഗവണ്‍മെന്‍റ് ഇതിന് (എന്‍ഡോസള്‍ഫാന്‍) ലൈസന്‍സ് ചെയ്തു എന്നു ചോദിച്ചാല്‍, സെന്‍ട്രല്‍ ഇന്‍സെക്റ്റിസൈഡ് ആക്ട് അനുസരിച്ച് ചെയ്തു... ഫണ്ടമെന്‍റല്‍ ക്വസ്റ്റ്യന്‍ അവിടെയാണ്. അതുകൊണ്ട് മാനുഫാക്ചറിങ് കമ്പനിയെയോ അത് അപൈ്ള ചെയ്ത കമ്പനിയെയോ (കേരള പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍) കുറ്റപ്പെടുത്തുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. അല്ല, അങ്ങനത്തെ ബോധവത്കരണമില്ലാതിരുന്നതുകൊണ്ട് ഇങ്ങനത്തെ ഭവിഷ്യത്തുണ്ടാകുമെന്ന് അവര്‍ക്കും അറിയില്ലല്ലോ. ഈ ജനവിഭാഗം ഇതിനുചുറ്റും താമസിച്ചത് ഈ പെസ്റ്റിസൈഡ് അടിക്കുമ്പോള്‍ ഇങ്ങനെയൊരു അപകടസാധ്യതയുണ്ടെങ്കില്‍ അവര്‍ക്ക് അവിടെനിന്ന് മാറിനിന്നാല്‍ മതിയായിരുന്നല്ലോ. ആ സ്ഥലത്തുനിന്നും മാറിനിന്നാല്‍ ശ്വസിക്കുന്ന പ്രശ്നമില്ലല്ലോ, ആ എയര്‍. ഒരുപക്ഷേ, ഒരു കോടതിയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇത് ഒരു മെഡിക്കല്‍ പ്രോബ്ളമാണ്.’’

കഴിഞ്ഞ നൂറ്റാണ്ടില്‍ ആരംഭിച്ച ഏറ്റവും പ്രമാദമായ ഒരു ആഗോള പാരിസ്ഥിതിക വ്യവഹാരം ഈ നൂറ്റാണ്ടില്‍ എന്‍ഡോസള്‍ഫാനെ നിരോധിച്ചതിന്‍െറ ഫലമായി കൈവന്ന നൈതികവും ആരോഗ്യശാസ്ത്രപരവുമായ നഷ്ടപരിഹാരത്തിന്‍െറ സാധ്യതകളെക്കുറിച്ച് തെളിവെടുക്കാന്‍ വന്ന ഒരു ന്യായാധിപന്‍ തെളിവെടുപ്പിനു മുമ്പേ വിക്ഷേപിച്ച ഈ അന്യായങ്ങള്‍ ഒരു താല്‍പര്യാധിപന്‍േറതാണോ? തെളിവെടുക്കുന്നതിന് മുമ്പേതന്നെ കീടനാശിനിക്കമ്പനിയെയും പ്ളാന്‍േറഷന്‍ കോര്‍പറേഷനെയും കുറ്റവിമുക്തമാക്കുകയും ഇത് കൈകാര്യംചെയ്യാന്‍ കോടതിയുടെ ആവശ്യമില്ലെന്നും കീടനാശിനി ആകാശത്തുനിന്ന് തളിക്കുമ്പോള്‍ ജനങ്ങള്‍ മാറിനില്‍ക്കാത്തതുകൊണ്ടാണ് പ്രശ്നങ്ങളുണ്ടായതെന്നും ഒന്നര ദശകത്തിലധികമായി ലോകമാകെ ശ്രദ്ധിച്ച ഒരു ഭരണകൂടഭീകരതയെപ്പറ്റി സാമാന്യ ബോധമെങ്കിലുമുള്ള ഒരാള്‍ ഇങ്ങനെ വിളിച്ചുപറയുമോ? ഒരു ജസ്റ്റിസിന്‍െറ ഇത്തരം ലളിതവത്കരണങ്ങള്‍ ഹിരോഷിമയില്‍ ബോംബ് വീഴുമ്പോള്‍ ജപ്പാനിലെ ജനങ്ങള്‍ മുഴുവന്‍ മാറിത്താമസിച്ചാല്‍ മതിയായിരുന്നുവെന്ന് പറയുന്നതുപോലെ ഒരു ജനതയെ മുഴുവന്‍ കീടനാശിനി പരീക്ഷണശാലയാക്കി മാറ്റിയ കോര്‍പറേറ്റ് ഭീകരതയെ ന്യായീകരിക്കുന്ന അപഹാസ്യതയായി മാറുന്നു.

ഒരു ജില്ലയുടെ മൂന്നിലൊരു ഭാഗം മുഴുവന്‍ പരന്നുകിടക്കുന്ന പതിനൊന്നിലധികം പഞ്ചായത്തുകളിലെ മനുഷ്യരും മൃഗങ്ങളും മറ്റു ജന്തുജീവിവര്‍ഗങ്ങള്‍ മുഴുവനും വര്‍ഷത്തില്‍ രണ്ടുതവണയായി ഇരുപത്തിരണ്ടുവര്‍ഷം സ്വന്തം വാസസ്ഥലങ്ങളില്‍നിന്ന് പലായനംചെയ്ത് മാറിത്താമസിക്കണമെന്നു പറഞ്ഞ് ജനങ്ങളുടെമേല്‍ കുറ്റം സ്ഥാപിക്കുന്ന ഈ പഠനവിദഗ്ധനുവേണ്ടി ചെലവാക്കുന്ന തുകയും എന്‍ഡോസള്‍ഫാന്‍ ഇരകള്‍കൂടി നല്‍കുന്ന നികുതിയില്‍നിന്നാണെന്നത് ഓര്‍ക്കുക.

ഒരു ന്യായാധിപന്‍ വിധി പ്രസ്താവിക്കേണ്ടത് കേസ് മുഴുവനായി പഠിച്ചതിനുശേഷമാണ്. പിറ്റേന്നാള്‍ നടക്കുന്ന തെളിവെടുപ്പില്‍ കേട്ട കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതിനുപകരം തലേന്നാള്‍തന്നെ അദ്ദേഹം നിലപാട് വ്യക്തമാക്കി; താന്‍ സാധ്യതാപഠനം നടത്തുന്ന ട്രൈബ്യൂണല്‍ നിലനില്‍ക്കില്ല എന്ന് മുന്‍കൂര്‍ പ്രഖ്യാപിച്ചു. എന്നിട്ടും പിറ്റേന്നാള്‍ തെളിവെടുപ്പ് പ്രഹസനം നടന്നു. അങ്ങനെ താന്‍ സാധ്യതാപഠനം നടത്തുന്ന ട്രൈബ്യൂണല്‍ അദ്ദേഹംതന്നെ റദ്ദാക്കി. ഇതൊരു ഏകപക്ഷീയമായ കളിയാണ്. കളി തുടങ്ങുന്നതിനുമുമ്പുതന്നെ അദ്ദേഹം ഗോളടിച്ചുകഴിഞ്ഞു. റഫറിതന്നെയാണ് ഗോളടിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി കീടനാശിനിക്കമ്പനികളും കൃഷിശാസ്ത്രജ്ഞരും പ്ളാന്‍േറഷന്‍ കോര്‍പറേഷനും നടത്തുന്ന ഈ കളിയില്‍ ആഗോള എന്‍ഡോസള്‍ഫാന്‍ നിരോധശേഷം ഇന്ത്യയില്‍ സുപ്രീംകോടതി ഇടപെട്ട് താല്‍ക്കാലിക നിരോധം നിലനില്‍ക്കേ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന ഈ ആസന്നതയില്‍ പരിശുദ്ധ നീതിപീഠത്തില്‍ വിരാജിച്ച ഒരു ന്യായാധിപന്‍തന്നെ ഈ പ്രസ്താവനയിലൂടെ അവരോടൊപ്പംപങ്കുചേരുന്നത് ആശാസ്യമാണോ?

അല്ലയോ ന്യായാധിപാ, അങ്ങയുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ കുറിക്കട്ടെ:
1971ലാണ് ഇന്ത്യയില്‍ ആദ്യമായി ഒരു കീടനാശിനി നിയമം നടപ്പില്‍ വരുന്നത്. ഉപയോഗിക്കാമെന്ന് സാക്ഷ്യപ്പെടുത്തിയ കീടനാശിനികളെപ്പറ്റി പരാതി ഉണ്ടായാല്‍ ആറു മാസത്തിലൊരിക്കല്‍ റിവ്യൂ കമ്മിറ്റികൂടി അവ നിരോധിക്കാനോ നിരോധിക്കാതിരിക്കാനോ അധികാരമുള്ള ഒരു ആക്ടാണിത്. എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ ഉപയോഗിക്കാവുന്ന കീടനാശിനിയുടെ പട്ടികയില്‍പെട്ടതാണ്. എന്നാല്‍, പരാതികളുണ്ടായിട്ടും 2001 വരെ ഒരു റിവ്യൂ കമ്മിറ്റിയും ചേര്‍ന്നില്ല.

എന്‍ഡോസള്‍ഫാന്‍ സസുഖം വാണു. അതു തളിക്കുന്നതുമൂലമുണ്ടായ പ്രത്യാഘാതങ്ങള്‍ ആഗോളവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിട്ടും കാസര്‍കോട്ടെ ഭീകരത പുറത്തുവന്നിട്ടും റിവ്യൂ കമ്മിറ്റികള്‍ ചേര്‍ന്നില്ല. കാസര്‍കോട്ടെ ഭീകരത തെളിവായി സ്വീകരിച്ച് 2001ല്‍ ആകാശത്തളി താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് മുന്‍സിഫ് കോടതി വിധി വന്നു. 2002ല്‍ കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷനല്‍ ഹെല്‍ത്ത് (എന്‍.ഐ.ഒ.എച്ച്) കാസര്‍ക്കോട്ട് വന്ന് എപ്പിഡെമിയോളജി പഠനം നടത്തി ഇവിടെ എന്‍ഡോസള്‍ഫാന്‍മൂലം ജനിതകവൈകല്യങ്ങളും നാഡീസംബന്ധമായ വൈകല്യങ്ങളും പ്രത്യുല്‍പാദന വ്യവസ്ഥാ തകരാറും സംഭവിച്ചതായി ആധികാരിക പഠനം പുറത്തിറക്കി. ഇതേ വര്‍ഷംതന്നെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം പൂര്‍ണമായും തടഞ്ഞുകൊണ്ട് ഹൈകോടതി ഉത്തരവിട്ടു.

ഈ കാലങ്ങളിലെല്ലാം ഇന്ത്യന്‍ കീടനാശിനി നിയമം പുനര്‍വിചിന്തനംചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അതു ചെയ്തില്ല. എന്‍. ഐ.ഒ.എച്ച് റിപ്പോര്‍ട്ട് അംഗീകരിച്ചുമില്ല. Pesticide Management Bill എന്ന പേരില്‍ ഒരെണ്ണം പാര്‍ലമെന്‍റില്‍ എത്തിയെങ്കിലും ഇനിയും ചര്‍ച്ചചെയ്യപ്പെട്ടില്ല. 2007ഓടെ അന്താരാഷ്ട്രതലത്തില്‍ എന്‍ഡോസള്‍ഫാന്‍ വിഷകാരിയാണെന്ന് നിരവധി പരാതിയുള്ളതിനാല്‍ യൂറോപ്യന്‍ യൂനിയന്‍ എന്‍ഡോസള്‍ഫാനെ സ്റ്റോക്ഹോം കണ്‍വെന്‍ഷന്‍െറ പോപ്സ് റിവ്യൂ കമ്മിറ്റിയുടെ പരിഗണനക്കായി വിട്ടു.

ഇന്ത്യ പൊതുമേഖലയില്‍ (Hindustan insecticide Limited) ഇത് നിര്‍മിക്കുന്നതിനാല്‍ പോപ്പ്സ് റിവ്യൂ കമ്മിറ്റിയില്‍ എപ്പോഴും എന്‍ഡോസള്‍ഫാനുവേണ്ടി വാദിച്ചു. എന്‍.ഐ.ഒ.എച്ച് റിപ്പോര്‍ട്ടിനെ അംഗീകരിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ 2010ല്‍ പുതിയൊരു പഠനകമ്മിറ്റിയെ നിയോഗിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്‍െറ നിര്‍ദേശമനുസരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി ഹെല്‍ത്ത് വിഭാഗം കാസര്‍കോട്ടെ രോഗങ്ങളും മരണങ്ങളും എന്‍ഡോസള്‍ഫാന്‍മൂലമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2011 ഏപ്രില്‍ 30ന് സ്റ്റോക്ഹോമിലെ പോപ്പ്സ് റിവ്യൂ കമ്മിറ്റി എന്‍ഡോസള്‍ഫാന്‍ ആഗോളവ്യാപകമായി നിരോധിച്ചു. അതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള നിയമപരമായ സാധ്യത തെളിഞ്ഞു.

2010 ഡിസംബറില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ കീടനാശിനി ഇരകള്‍ക്ക് ആശ്വാസധനം നല്‍കാന്‍ കേന്ദ്ര-കേരള സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. 2012 ജൂണ്‍ അഞ്ചിന് കേരള പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ആശ്വാസധനത്തിന്‍െറ ആദ്യവിഹിതമായി 27 കോടി കാസര്‍കോട് കലക്ടര്‍ക്ക് കൈമാറി. ഇന്ത്യാ ഗവണ്‍മെന്‍റ് പാര്‍ലമെന്‍റില്‍ ഒരു ബില്ലിലൂടെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വഴിയുണ്ടായിട്ടും അതു ചെയ്തില്ല. രാഷ്ട്രീയ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ സമ്പൂര്‍ണ നിരോധം ആവശ്യപ്പെട്ട് സുപ്രീംകോടതി കയറി. അതിലെ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട അന്തിമറിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ കുറ്റവാളിയാണ്. താല്‍ക്കാലിക നിരോധം നിലവിലുണ്ട്.
ഒന്നര ദശകം നീളുന്ന ഒരു പ്രതിരോധ ഇടപെടലിന്‍െറ ഈ നാള്‍വഴി ഒരു ന്യായാധിപന്‍ ഗൃഹപാഠം ചെയ്ത് പഠിക്കേണ്ടതായിരുന്നു. പകരം, അദ്ദേഹം ഈ കീടനാശിനിക്ക് കേന്ദ്ര കീടനാശിനി ആക്ട് അനുസരിച്ച് ലൈസന്‍സുള്ളതുകൊണ്ട് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ തളിച്ചതാണ് എന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു.

നിയമപരമായ ഇടപെടലിന്‍െറ ഈ നാള്‍വഴിക്കൊപ്പം അതിന് വിരുദ്ധമായ രീതിയില്‍ നടന്ന കോര്‍പറേറ്റ് അതിക്രമങ്ങളും അങ്ങ് അറിയേണ്ടതുണ്ട്. തെളിവെടുപ്പ് കാലമായതിനാല്‍ അതും ഞാന്‍ ബോധിപ്പിക്കാം: സ്റ്റേറ്റിന് ഒരു അധികാരവുമില്ലാത്ത കേന്ദ്ര ഗവണ്‍മെന്‍റില്‍ മാത്രം അധികാരം നിക്ഷിപ്തമായതാണ് ഇന്ത്യന്‍ ഇന്‍സെക്റ്റിസൈഡ് ആക്ട്. അതനുസരിച്ച് ഒരു കീടനാശിനി, ഏത് കീടത്തെ നശിപ്പിക്കാനാണ് അല്ലെങ്കില്‍ ഏത് കൃഷിക്കാണ് ഉപയോഗിക്കുന്നത് എന്ന് ആദ്യംതന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. 1976ല്‍ കാസര്‍കോട്ട് കേരള പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ കശുവണ്ടി കൃഷി തുടങ്ങിയ സമയം മുതല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന 2001 വരെ ഇന്ത്യയില്‍ കശുമാവിലെ തേയിലക്കൊതുകിനെ നശിപ്പിക്കാനുള്ള കേന്ദ്ര കൃഷിവകുപ്പിന്‍െറ അനുമതി ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കേന്ദ്ര കൃഷിവകുപ്പ് അത് നല്‍കിയിട്ടുമില്ല. ആര്‍ക്കും കീടനാശിനിയുടെ ആകാശത്തളിയും അനുവദിച്ചിരുന്നില്ല. എന്നിട്ടും കേരള പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ 22 വര്‍ഷം ആകാശത്തുനിന്ന് കശുമാവിന് എന്‍ഡോസള്‍ഫാന്‍ തളിച്ചു.

കേരളത്തിലെ കൃഷിവകുപ്പാണ് അവര്‍ക്ക് അനുമതി നല്‍കിയതെങ്കില്‍ അവര്‍ക്കതിന് അധികാരവുമില്ല. കേരള പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ഒരു സ്വതന്ത്രാധികാര സ്ഥാപനംപോലെ കീടനാശിനി കമ്പനികളുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ, നിയന്ത്രണങ്ങള്‍ പാലിക്കാതെ ചെയ്ത ഒരു മഹാപാതകമാണ് ജീവിച്ചിരിക്കുന്ന തെളിവുകള്‍സഹിതം താങ്കളുടെ മുന്നില്‍ നില്‍ക്കുന്നത്. 1991ല്‍ ബാനര്‍ജി കമ്മിറ്റി കീടനാശിനികള്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ തളിക്കരുതെന്നുകൂടി നിര്‍ദേശിച്ചിരുന്നു. കാസര്‍കോട് എന്ന കൊച്ചു പ്രവിശ്യയില്‍ പതിമൂന്നു നദികളുണ്ടെന്ന കാര്യം അങ്ങ് മറന്നുപോകുന്നു. ഈ പതിമൂന്നു നദികള്‍ക്കു മുകളിലൂടെ നിയമവിരുദ്ധമായി തൂറ്റിപ്പോയ വിഷത്തിന്‍െറ സൃഷ്ടിയാണ് അങ്ങ് ബോധിക്കാനത്ത് കണ്ട ദയനീയ കാഴ്ചകള്‍. ഇനി ഇത് തളിക്കുമ്പോള്‍ പാലിക്കേണ്ട കീടനാശിനി കമ്പനികള്‍തന്നെ പറയുന്ന നിബന്ധനകള്‍ അങ്ങയുടെ അറിവിലേക്കായി എഴുതാം:

1. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ കീടനാശിനി തളിക്കാനേ പാടില്ല.

2. കാറ്റുള്ളപ്പോള്‍ തളിക്കരുത്.

3. കുളങ്ങള്‍, കിണറുകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവ മൂടണം. ജനവാസ കേന്ദ്രങ്ങളില്‍ തളിക്കരുത്.

4. മുഖം, കണ്ണ് എന്നിവ മറയ്ക്കണം. കൈയുറകള്‍ ഉപയോഗിക്കണം.

5. രാവിലെ പത്തു മണിക്ക് മുമ്പായി തളിച്ചിരിക്കണം. 6. നാട്ടുകാരെ മുഴുവന്‍ മുന്‍കൂട്ടി വിവരമറിയിക്കണം.

7. ആകാശത്തളി പാടില്ല.

പ്ളാന്‍േറഷന്‍ അതിര്‍ത്തികളില്‍ കൊടികള്‍ നാട്ടി അതിരുകള്‍ തിരിച്ച് ഹെലികോപ്ടര്‍ പറന്നു. ഈ അതിരുകള്‍പോലും മിക്കപ്പോഴും ഉണ്ടായില്ല. കിണറോ കുളമോ മൂടിയില്ല. രാവിലെ മുതല്‍ നട്ടുച്ചവരെ തളിച്ചു. മിശ്രിതമുണ്ടാക്കുന്നവര്‍ കണ്ണും മുഖവും മറച്ചില്ല. കൈയുറകള്‍ ധരിച്ചില്ല. വെള്ളക്കെട്ടിനുമുകളിലൂടെ ഒരു നിയന്ത്രണവുമില്ലാതെ കാറ്റുള്ളപ്പോഴും തളിച്ചു. കിലോമീറ്ററുകളോളം എന്‍ഡോസള്‍ഫാന്‍ കാറ്റില്‍ സഞ്ചരിച്ചു. ഏതാണ്ട് മൂന്നു ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പതിനൊന്നിലധികം പഞ്ചായത്തുകളില്‍ സഞ്ചരിച്ച ഹെലികോപ്ടറിനു ജീവനുണ്ടായിരുന്നെങ്കില്‍ അത് അങ്ങയുടെ മുന്നില്‍ തെളിവുനല്‍കാന്‍ വന്നേനെ.

ബോധവത്കരണമില്ലാതിരുന്നതുകൊണ്ട് ഇങ്ങനത്തെ ഭവിഷ്യത്തുണ്ടാകുമെന്ന് അവര്‍ക്കും അറിയില്ലല്ലോ എന്ന് പ്ളാന്‍േറഷനുവേണ്ടി വക്കാലത്ത് പറയുന്ന അങ്ങ് ഏഴു ഭാഷകള്‍ സംസാരിക്കുന്ന സാക്ഷരത തീരെ കുറഞ്ഞ ഇവിടത്തെ ജനങ്ങള്‍ക്ക് ആ ആനുകൂല്യം നല്‍കാതെ മാറിത്താമസിക്കണമെന്ന് പറയുമ്പോള്‍ ന്യായാധിപനായ അങ്ങ് ഈ ജനങ്ങള്‍ക്ക് ഭരണഘന നല്‍കിയിട്ടുള്ള അന്തസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കാനുള്ള അവകാശത്തിനുമേലാണ് കൈകടത്തുന്നത്.

2001 നവംബര്‍ 21ന് പുറത്തുവന്ന അച്യുതന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ‘‘ഏതോ ഒരു ഹെലികോപ്ടര്‍ കമ്പനി വന്ന് തോന്നിയപോലെ ആകാശത്തുനിന്ന് എന്‍ഡോസള്‍ഫാന്‍ തളിച്ചു’’ എന്നും ‘‘നിയമബോധമോ ശാസ്ത്രബോധമോ ഉള്ള ഒരു കെമിസ്റ്റ്പോലും പ്ളാന്‍േറഷന്‍ കോര്‍പറേഷനില്ലെ’’ന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേരള സര്‍ക്കാറിന്‍െറ ഒരു മെഷിനറിയായ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ സ്വമേധയാ നടത്തിയ ഒരു ‘ഇന്‍ഡസ്ട്രിയല്‍ ക്രൈമാ’ണിത്. ഓരോ എസ്റ്റേറ്റുകളിലും ഇപ്പോഴും തെളിവായി കാണാം വിഷം കലക്കുന്ന ടാങ്കുകളും ഹെലിപ്പാഡുകളും. 2001ല്‍ നിരോധം വന്നപ്പോള്‍ ബാക്കിവന്ന എന്‍ഡോസള്‍ഫാന്‍ നിയമപരമായി നിര്‍വീര്യമാക്കുന്നതിനുപകരം കുഴിച്ചിട്ട നെഞ്ചംപറമ്പ് ഇന്ന് ജനിച്ചുമരിക്കുന്ന അവയവരഹിതരായ അരുമക്കുഞ്ഞുങ്ങളുടെ ശ്മശാനമാണ്. പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ചെയ്ത കൊടുംപാതകത്തിന്‍െറ നിഷ്കളങ്കരായ ബലിമൃഗങ്ങള്‍. അവരുടെ അമ്മമാരുടെ ഗര്‍ഭപാത്രങ്ങളില്‍ ബാക്കിനില്‍ക്കുന്ന വിഷം എത്രയോ തലമുറകളിലേക്ക് പടരും, ഹിരോഷിമയിലേതുപോലെ. എന്നിട്ടും താങ്കള്‍ പറയുന്നു: ‘‘തളിക്കുന്ന സ്ഥലത്തുനിന്ന് മാറിനിന്നാല്‍, ശ്വസിക്കുന്ന പ്രശ്നമില്ലല്ലോ, ആ എയര്‍.’’

ഇതൊരു ലായനിയാണ് സര്‍. തുറന്ന പൊതുസ്ഥലത്തുവെച്ച് വിഷവും വെള്ളവും ചേര്‍ത്ത് കലക്കി ആകാശക്കപ്പലിന്‍െറ പള്ളയില്‍ നിറക്കും. അത് പൊന്തുമ്പോള്‍ തളി തുടങ്ങും. ആ തൂറ്റലിനും രാജ്യാതിര്‍ത്തികളില്ല, ജാതിയില്ല, മതമില്ല, മരമില്ല, മാനില്ല, മണ്ണില്ല, വെള്ളമില്ല, ഭക്ഷണമില്ല, കണ്ണും മൂക്കുമില്ല. വായുവില്‍ ധൂളികളായി മാത്രം പായുന്നതാണ് എന്ന് അങ്ങ് തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ ദയവായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് തിരുത്തുക. തുള്ളി തുള്ളിയായി വീഴും വിഷമഴ, മണ്ണില്‍, വെള്ളത്തില്‍, ഭക്ഷണത്തില്‍, സ്പര്‍ശത്തില്‍, ശ്വാസത്തില്‍. മണ്ണില്‍നിന്ന് ചെടികളിലേക്ക്. പിന്നെ അതിന്‍െറ ഫലങ്ങളിലേക്ക്, പശുക്കളുടെ അകിടിലേക്ക്, ആ പാല്‍ കുടിക്കുന്ന മനുഷ്യന്‍െറ ശരീരത്തിലേക്ക്. ഭക്ഷ്യശൃംഖല (food chain) എന്നും കേട്ടിട്ടില്ലേ സര്‍? അതാണ് സര്‍ ദിനംപ്രതി ഇത്രയും രോഗികള്‍ ഉണ്ടാകുന്നതും മരിക്കുന്നതും. ഈ ശാസ്ത്രീയ സത്യത്തിന്‍െറ മുന്നിലാണ് സര്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച പ്ളാന്‍േറഷന്‍ കോര്‍പറേഷനും ഇതിലെ പ്രതിയാകുന്നത്.

ഇന്ത്യന്‍ പെസ്റ്റിസൈഡ് ആക്ട് നിര്‍ദേശിച്ച രീതിയില്‍നിന്ന് വ്യത്യസ്തമായി പ്രാകൃതമായ രീതിയില്‍ ആകാശത്തളി നടത്തിയ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ നാളിതുവരെ ശിക്ഷിക്കപ്പെട്ടില്ല. അവര്‍ നെഞ്ചംപറമ്പില്‍ കുഴിച്ചിട്ടതിനും ശിക്ഷയില്ല. കേന്ദ്ര നിയമത്തിനു വിരുദ്ധമായി സംസ്ഥാന കൃഷിവകുപ്പ് അനുമതി നല്‍കിയതിനും ശിക്ഷയില്ല. അവര്‍ കുറ്റവാളിയല്ലെന്ന് ഇപ്പോള്‍ താങ്കളും പറയുന്നു. പിന്നെ എന്തിനാണ് സര്‍ 2012 ജൂണ്‍ അഞ്ചിന് കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച ആശ്വാസധനത്തിന്‍െറ ആദ്യഗഡുവായ 27 കോടി രൂപ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ കാസര്‍കോട്ടെ ഇരകള്‍ക്ക് നല്‍കിയത്? ഇരകള്‍ക്കായി വീതിച്ചുനല്‍കിയ ആ തുക തിരിച്ചുപിടിക്കാന്‍ ഉത്തരവിടാന്‍ ട്രൈബ്യൂണലിന് അധികാരമുണ്ടോ സര്‍? 2006 മുതല്‍ ഈ സഹജീവികള്‍ക്ക് ലഭ്യമായ പെന്‍ഷന്‍, മരിച്ചവര്‍ക്കുള്ള സഹായം, ആശ്വാസധനം എന്നിവ തിരിച്ചുപിടിക്കാനും ഇനി വിധിയുണ്ടാകുമോ? 50 വര്‍ഷം ആഘോഷിച്ച പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ (മരണ വ്യാപാരത്തിന്‍െറ രജതജൂബിലി!) 2012ലെ വര്‍ഷാന്ത റിപ്പോര്‍ട്ടിന്‍െറ പേജ് 28ല്‍ പറയുന്ന ഒരുകാര്യവും താങ്കളുടെ ഈ വാചകമേളയും കാണുമ്പോള്‍ പേടിതോന്നുന്നു സര്‍. അതിപ്രകാരമാണ്: Regarding balance amount of Rs 60.21 crore we have requested the govt. to reconsider the matter and exempt the plantation corporation for paying compensation.

കേന്ദ്ര മനുഷ്യാവകാശ കമീഷന് കേരള സര്‍ക്കാര്‍ നല്‍കിയ സ.ഇ (എം.എസ്) നം. 147/12/ആ.ക.വ തീയതി 26.05.2012 എന്ന ഉത്തരവ് പ്രകാരം ആശ്വാസധനത്തിന്‍െറ നേര്‍ പകുതി അതായത് 87.40 കോടി പ്ളാന്‍േറഷന്‍ കോര്‍പറേഷനാണ് വഹിക്കേണ്ടത്. അതിലെ ആദ്യഗഡു 27 കോടിയാണ് നല്‍കിയത്. അതനുസരിച്ച് ആശ്വാസധന വിതരണം തുടങ്ങിക്കഴിഞ്ഞു. രണ്ടാം ഗഡുവായ 60 കോടി വന്നാലേ ബാക്കിയുള്ളവര്‍ക്ക് നല്‍കാന്‍ പറ്റൂ. എന്നാല്‍, ഒരു മുഴം മുമ്പേ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ എറിഞ്ഞിരിക്കുന്ന മനുഷ്യാവകാശ കമീഷന് കൊടുത്ത ഉറപ്പാണ് ഇപ്പോള്‍ ലംഘിക്കപ്പെടുന്നത്. അതിന് താങ്കളും പച്ചക്കൊടികാട്ടിയിരിക്കുന്നു. കഴിഞ്ഞവര്‍ഷം യുദ്ധംചെയ്ത് നേടിയെടുത്തതാണ് ഈ പ്ളാന്‍േറഷന്‍ പങ്കാളിത്തം. 27 കോടി നല്‍കുന്നതിലൂടെ പ്ളാന്‍േറഷന്‍ സ്വയം പ്രതിയാകുകയും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ആദ്യത്തെ നിയമപരമായ ബാധ്യത ഏറ്റെടുക്കുകയും ചെയ്തത് ഭാവിയിലെ നഷ്ടപരിഹാര സാധ്യതയാണ് തുറന്നിട്ടത്. അതിനെ മുഴുവന്‍ അട്ടിമറിക്കുന്നതാണ് അങ്ങയുടെ പ്രസ്താവനയും പ്ളാന്‍േറഷന്‍െറ വര്‍ഷാന്ത റിപ്പോര്‍ട്ടിലെ പരാമര്‍ശവും.

ഇതൊരു ഒത്തുകളിയാണോ എന്ന് തോന്നിപ്പോകുന്നത് അങ്ങ് കാസര്‍കോട്ട് സിറ്റിങ്ങിനുവന്ന അതേ ദിവസംതന്നെ പ്ളാന്‍േറഷന്‍ ചെയര്‍മാനും കാസര്‍കോട്ടെത്തി പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ രജത ജൂബിലി പ്രഖ്യാപനങ്ങള്‍ നടത്തിയത് കൂട്ടിവായിക്കുമ്പോഴാണ്. പെരിയയില്‍ ആധുനിക സൗകര്യങ്ങളോടെ ഒരു ഷോപ്പിങ് കോംപ്ളക്സാണ് കോര്‍പറേഷന്‍ തുടങ്ങാന്‍ പോകുന്നത്. 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഒരു കോടി രൂപ ചെലവില്‍ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് പെരിയയിലെ കേന്ദ്ര യൂനിവേഴ്സിറ്റിക്കു സമീപം പത്തു കോട്ടേജുകളും അഞ്ചു കോടി രൂപ ചെലവില്‍ എന്‍മകജെ പഞ്ചായത്തില്‍ ആധുനിക ഡെയറിഫാമും, മില്‍ക് പ്രൊഡക്ഷന്‍ യൂനിറ്റും തീറ്റപ്പുല്‍ കൃഷിക്കും പശുക്കളെ വാങ്ങേണ്ടുന്നതിനും എന്‍ഡോസള്‍ഫാന്‍ പീഡിത കര്‍ഷകര്‍ക്ക് സഹായം നല്‍കലും ആണത്രെ നടപ്പാക്കാന്‍ പോകുന്നത്.

പെരിയയിലെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് കിട്ടേണ്ട ആശ്വാസധനം തട്ടിപ്പറിച്ച് ടൂറിസ്റ്റുകള്‍ക്ക് കോട്ടേജ് പണിയുന്നത് ഈ ശവഫാക്ടറികള്‍ക്ക് രാജ്യാന്തര പ്രശസ്തി നേടാനാണോ? പെരിയയിലെ ബഡ്സ് സ്കൂളില്‍ അശരണരായ 76 കുഞ്ഞുങ്ങള്‍ ഒരു കൊച്ചുമുറിയില്‍ തടവുകാരെപ്പോലെ കഴിയുന്നു. അവരെയും മറന്ന് ആശ്വാസധനവും പിടുങ്ങി പോകുന്ന കുറ്റവാളിയായ കോര്‍പറേറ്റിന് വഴിതുറന്നുകൊടുക്കുകയാണ് അങ്ങ് ചെയ്യുന്നത്. ഈ ഇരകള്‍ക്ക് ആശ്വാസമായ സെന്‍ട്രല്‍ മെഡിക്കല്‍ കോളജ് വരേണ്ടത് പെരിയയിലാണ്. അതിനുപകരം ടൂറിസ്റ്റ് കോട്ടേജുകള്‍ നല്‍കി ഇരകളെ മയക്കുന്ന കോര്‍പറേറ്റ് വാണിഭ തന്ത്രത്തിന് അങ്ങ് കൂട്ടുനില്‍ക്കരുത്. സെന്‍ട്രല്‍ യൂനിവേഴ്സിറ്റിക്കുവേണ്ടി പെരിയയിലെ പ്ളാന്‍േറഷന്‍ സ്ഥലം രാഷ്ട്രീയ പാര്‍ട്ടികളോട് യുദ്ധംചെയ്ത് വാങ്ങിയവരാണ് കാസര്‍കോട്ടെ ജനങ്ങള്‍. ഒടുവില്‍ ഭൂമി അളന്നു തിട്ടപ്പെടുത്തിയപ്പോള്‍ ‘‘ആ മണ്ണില്‍ എന്‍ഡോസള്‍ഫാന്‍ അംശമില്ലെന്ന് സാക്ഷ്യപ്പെടുത്തിയാലേ കെട്ടിടംപണിയൂ’’ എന്ന് ശാഠ്യംപിടിച്ച ഭരണകൂട ഭീകരത തന്നെയാണ് ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി ഹെല്‍ത്ത് വിഭാഗം പഠനം നടത്തി കീടനാശിനി അംശമില്ലെന്ന് സാക്ഷ്യപ്പെടുത്തി- ഇനി എന്‍മകജെയിലെ ഡെയറിഫാമും മില്‍ക് പ്രോഡക്റ്റ് യൂനിറ്റും നേരിടാന്‍ പോകുന്നതെന്ന് താങ്കളറിയണം. നിയമവിരുദ്ധമായ ഒരു കീടനാശിനി പ്രയോഗം സൃഷ്ടിച്ച രോഗാവസ്ഥകള്‍ക്കുമപ്പുറം ഒരു ജനതക്ക് അതേല്‍പിച്ച സാമൂഹികമായ കളങ്കത്തിനു വിലയിടാന്‍ പറ്റുമോ സര്‍? അമൂര്‍ത്തമായ ഇത്തരം പ്രശ്നങ്ങള്‍കൂടിനിലനില്‍ക്കുന്ന, ജൈവനീതിയെതന്നെ തകര്‍ത്ത ഒരു കോര്‍പറേറ്റ് അതിക്രമത്തെ അതിന്‍െറ ശാസ്ത്രീയ യുക്തിയിലും നൈതിക പരിപ്രേക്ഷ്യത്തിലും നോക്കിക്കാണാന്‍ താങ്കള്‍ക്ക് കഴിയണം.

കുറ്റവാളിയായ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ ആസ്തിയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. കീടനാശിനി ഉല്‍പാദക കമ്പനിക്കെതിരെ കേസുകൊടുക്കാന്‍ സര്‍ക്കാര്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന് അനുമതി നല്‍കിയിട്ടുണ്ട്. അവര്‍ കമ്പനിക്കെതിരെ ഇരകള്‍ക്കുവേണ്ടി കേസ് കൊടുക്കട്ടെ. കേസ് ജയിച്ച് നഷ്ടപരിഹാരം വരുന്നതുവരെ ഇരകള്‍ക്ക് കാത്തിരിക്കാന്‍ ആവില്ല. അവരുടെ വംശംതന്നെ കുറ്റിയറ്റുപോകും. അതുകൊണ്ട് ഈ ഇരകളുടെ അവകാശങ്ങള്‍ സ്ഥാപിക്കാന്‍ പ്ളാന്‍േറഷന്‍തന്നെ പുനരധിവാസവും നഷ്ടപരിഹാരവും നല്‍കണം. അല്ലാതെ താങ്കള്‍ ഒരു പത്രപ്രസ്താവനയില്‍ പറയുന്നപോലെ: ‘‘കേസുകള്‍ക്ക് പോയാല്‍ ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കിക്കൊണ്ടിരിക്കുന്ന സര്‍ക്കാറുകള്‍ മാറിനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. എന്‍ഡോസള്‍ഫാനാണ് ദുരന്തകാരണമെന്ന് തെളിയിക്കേണ്ട ബാധ്യത ഇരകള്‍ക്ക് വന്നുചേരും. അവര്‍ക്കുവേണ്ടി ആര് കേസ് നടത്തും?’’
ഇരകളെ ഇങ്ങനെ ഭയപ്പെടുത്താന്‍ ആരാണ് അങ്ങക്ക് അധികാരം തന്നത്? ഇപ്പോള്‍ സര്‍ക്കാര്‍ തരുന്നത് നഷ്ടപരിഹാരമല്ല, ആശ്വാസധനമാണ്. അത് നിയമപരമാണ്. രണ്ടും രണ്ടാണ്. ദുരന്തകാരണം എന്‍ഡോസള്‍ഫാനാണെന്ന് തെളിയിക്കേണ്ട ബാധ്യത ഇരകള്‍ക്കല്ല, പ്ളാന്‍േറഷന്‍ കോര്‍പറേഷനാണ്. അവരാണ് കേസ് നടത്തേണ്ടത്. അതിനാണ് അവര്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നത്.

ഭോപാലില്‍ ഒരു വിദേശ കമ്പനിയായിരുന്നു പ്രതി. ഇവിടെ പ്രതി സ്വദേശിയാണെന്നോര്‍ക്കുക. അതും സര്‍ക്കാറിന്‍െറ മെഷിനറി. അവര്‍ക്ക് വേണ്ടത്ര ആസ്തിയുമുണ്ട്. അത് പിടിച്ചെടുക്കുക. ആദ്യം പ്ളാന്‍േറഷന്‍ കോര്‍പറേഷനെ പ്രോസിക്യൂട്ട് ചെയ്യുക. താങ്കളുടെ പ്രസ്താവനകളില്‍ വല്ലാതെ എന്‍ഡോസള്‍ഫാന്‍ മണക്കുന്നു. അത് ഞങ്ങളെ ഭയപ്പെടുത്തുന്നു. അതിനാല്‍ ഇത്രയും എഴുതട്ടെ: 1992ലെ റിയോ സമ്മിറ്റിന്‍െറ ആഹ്വാനപ്രകാരമുണ്ടായ ദേശീയ പരിസ്ഥിതി ട്രൈബ്യൂണല്‍ നിയമപ്രകാരം (National Enviornmental Tribunal- NET-Bill 1992) പരിസ്ഥിതിക്കുണ്ടായ ആഘാതത്താല്‍ ഇരകളായി മാറിയവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയുള്ളവര്‍ക്ക് 2(0)ല്‍ പറയുന്ന ഉടമ എന്ന പദം കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്:
‘‘വിനാശകരമായ വസ്തുവിന്മേല്‍ ഉടമസ്ഥതയോ നിയന്ത്രണാധികാരമോ അപകടസമയം പ്രസ്തുത സ്ഥാപനത്തിന്‍െറ പങ്കാളിയോ അംഗമോ ഡയറക്ടറോ മാനേജരോ എക്സിക്യൂട്ടിവ് ഉദ്യോഗസ്ഥരോ ആയിരിക്കുകയും ചെയ്യുന്ന ആള്‍.’’ എന്‍ഡോസള്‍ഫാന്‍ വിലകൊടുത്തു വാങ്ങി കീടനാശിനി തളിക്കുന്നതിന്‍െറ നിയമങ്ങളും പ്രോട്ടോകോളുകളും ലംഘിച്ച് ആകശത്തളി നടത്തി ഒരു ജനതയെയും ജന്തുജീവിവര്‍ഗങ്ങളെയും ഉന്മൂലനംചെയ്ത കേരള പ്ളാന്‍േറഷന്‍ കോര്‍പറേഷനാണ് ഈ ഉടമ -പ്രതി. 2011ലെ ആഗോളനിരോധത്തിലൂടെ ഇതുല്‍പാദിപ്പിച്ച് വിറ്റ കമ്പനിയും പ്രതിയായി.
പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ തങ്ങള്‍ക്ക് വിഷം വിറ്റ കമ്പനിയോട് നഷ്ടപരിഹാരം വാങ്ങണം. അതിനുള്ള നിയമയുദ്ധങ്ങള്‍ നടത്തേണ്ടത് കോര്‍പറേഷനാണ്, ഇരകളല്ല, ജനങ്ങളല്ല.

കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം കിട്ടിയാലും ഇല്ലെങ്കിലും പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ തങ്ങളുടെ ആസ്തിയില്‍നിന്ന് നഷ്ടപരിഹാരം നല്‍കണം. ഇതാണ് ന്യായവിധി. അങ്ങ് പ്രതികള്‍ക്കുവേണ്ടി സംസാരിക്കരുത്. കോര്‍പറേറ്റുകളുടെ മയക്കുവെടിയില്‍ വീണുപോയ ഓരോ കാലത്തെയും രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും കൃഷിശാസ്ത്രജ്ഞരും ആരോഗ്യശാസ്ത്രജ്ഞരും ജനങ്ങളുടെ മുന്നില്‍ മുട്ടുമടക്കിയ ചരിത്രമാണ് എന്‍ഡോസള്‍ഫാന്‍ പ്രതിരോധത്തിന്‍േറത്. താങ്കള്‍ക്കും അവരെപ്പോലെ തോറ്റുമടങ്ങേണ്ടിവരും. അങ്ങ് പ്രതികള്‍ക്കുവേണ്ടി സംസാരിക്കരുത്.
(കടപ്പാട്: മാധ്യമം)

എം.എ റഹ്മാന്‍ 













Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.