Latest News

അഗ്നിഗോളങ്ങള്‍ ചുട്ടുചാമ്പലാക്കിയ ചാലയില്‍ വിതുമ്പുന്ന ഓര്‍മ്മകളുമായി ഒത്തുചേരും


കണ്ണൂര്‍: അഗ്നിഗോളങ്ങള്‍ ചുട്ടുചാമ്പലാക്കിയ ചാലയില്‍ ചൊവ്വാഴ്ച നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരും ഒത്തുചേരും. വേര്‍പിരിഞ്ഞ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി അശ്രുപൂജ അര്‍പ്പിക്കാന്‍. ചാല ടാങ്കര്‍ ദുരന്തത്തിന് ചൊവ്വാഴ്ച ഒരുവര്‍ഷം തികയുകയാണ്. 

നാട് നിദ്ര പുല്‍കുമ്പോള്‍ കടന്നുവന്ന ടാങ്കര്‍ ദുരന്തില്‍ പൊലിഞ്ഞത് 20പേര്‍. ചാല ശ്രീനിലയത്തില്‍ ശ്രീലത, നരോളില്‍ അബ്ദുള്‍ അസീസ്,ആറ്റടപ്പ എന്‍ കെ രമ, സഹോദരി ഗീത, വി വി ഓമന, ദേവി നിവാസില്‍ പ്രസാദ്, ആര്‍ പി കൃഷ്ണന്‍, ഭാര്യ ദേവി, കൃഷ്ണന്റെ സഹോദരന്‍ ലക്ഷ്മണന്‍, ഭാര്യ നിര്‍മല, തീരദേശ എസ് ഐ രാജന്‍, മകള്‍ നീഹരാജ്, റംല നിവാസില്‍ റമീസ്, റംലത്ത്, ഭര്‍ത്താവ് അബ്ദുള്‍ റഷീദ്, നിര്‍മല തുടങ്ങി 20 പേരാണ് മരണത്തിന് കീഴടങ്ങിയത്. കൂടാതെ 30ഓളം പേര്‍ക്ക് മാരകമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞവര്‍ഷം ആഗസ്ത് 27ന് അര്‍ധരാത്രിയില്‍ ദുരന്തവുമായി കടന്നുവന്ന ഐ ഒസിയുടെ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് അഗ്നിഗോളങ്ങള്‍ വാരിവിതറി ഒരു ഗ്രാമത്തെയാകെ ചുട്ടെരിക്കുകയായിരുന്നു. 20 വിലപ്പെട്ട ജീവനുകളെടുത്തെന്ന് മാത്രമല്ല ദേശീയപാതക്കിരുവശങ്ങളിലും മീറ്ററുകള്‍ക്കപ്പുറവുമുള്ള വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കും തീ പടര്‍ന്നു. ഉയര്‍ന്നുപൊങ്ങിയ ടാങ്കര്‍ ലോറിയുടെ വലിയൊരു ഭാഗം ചെന്ന് പതിച്ചത് കിലോമീറ്ററുകള്‍പ്പറം നടാല്‍ ബൈപ്പാസ് റോഡിലായിരുന്നു. ഒരു ഉപഗ്രഹം കണക്കെയായിരുന്നു ഇതിന്റെ പതനം. 

കാട്ടുതീ പോലെ പടര്‍ന്ന ദുരന്തവാര്‍ത്തയറിഞ്ഞ് നാടിന്റെ പല ഭാഗങ്ങളില്‍ നിന്നും അന്യ ജില്ലകളില്‍ നിന്നും സംസ്ഥാനത്തിന്റെ പലയിടങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ജനസഞ്ചയത്തെ നിയന്ത്രിക്കാന്‍ തന്നെ നാട്ടുകാരും പോലീസും ഏറെ പണിപ്പെട്ട നാളുകള്‍ക്കാണ് കഴിഞ്ഞവര്‍ഷം ആഗസ്ത് 27മുതല്‍ ചാല സാക്ഷ്യം വഹിച്ചത്. 

രാഷ്ട്രീയ നേതൃത്വവും സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവരും പോലീസും നാട്ടുകാരും കൈ മെയ് മറന്നാണ് ചാലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മാസങ്ങള്‍ നീണ്ടുനിന്ന ശ്രമകരമായ ദൗത്യത്തിന് ശേഷമാണ് ചാലയില്‍ അല്‍പമെങ്കിലും സാധാരണ നില പുനസ്ഥാപിക്കാന്‍ സാധിച്ചത്. 

ഇടക്കുവെച്ച് തങ്ങളെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചാലയില്‍ ചൊവ്വാഴ്ച പതിനായിങ്ങള്‍ ഒത്തുചേരുമ്പോള്‍ വേര്‍പിരിഞ്ഞവരെയോര്‍ത്ത് മനസ് വിങ്ങിപ്പൊട്ടും. ഇനിയൊരു ദുരന്തം താങ്ങാനുള്ള കരുത്ത് തങ്ങള്‍ക്കില്ലെന്ന പ്രാര്‍ത്ഥനയില്‍ ചൊവ്വാഴ്ച ചാലയില്‍ മനസുകള്‍ ഒന്നായിത്തീരും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.