കാഞ്ഞങ്ങാട്: ഇരു വൃക്കകളും നഷ്ടപ്പെട്ട് ശരീരം തളര്‍ന്ന പിഞ്ചുബാലികയെ ചികിത്സിക്കാന്‍ വഴിയില്ലാതെ കുടുംബം ദുരിതത്തില്‍. ചെങ്കള ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ പെട്ട നെല്ലിക്കട്ട ബിലാല്‍ നഗറിലെ ബി എം കുഞ്ഞബ്ദുളളയുടെ മകന്‍ ബഷീറിന്റെയും അമ്പലത്തറ പാറപ്പളളി കല്ലാന്തോലിലെ മൈമൂനയുടെയും മകളായ ഫെബിനയെന്ന പത്തുവയസുകാരിയാണ് മാരക രോഗങ്ങള്‍ കൊണ്ട് വലയുന്നത്.
രണ്ടു വൃക്കകള്‍ക്കും തകരാറായതിനു പുറമെ ഫെബിനയുടെ കാലുകളും കൈകളും തളര്‍ന്നിരിക്കുകയാണ്. സംസാരശേഷിയുമില്ല. ഫെബിനയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മംഗലാപുരം ഫാദര്‍ മുളേളഴ്‌സ് ആശുപത്രിയിലും വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ചികിത്സയ്ക്കായി ഇതിനകം രണ്ടുലക്ഷത്തോളം രൂപ ചെലവായിക്കഴിഞ്ഞു. രണ്ടു വൃക്കകളും പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായി തുടങ്ങിയതിനാല്‍ ചികിത്സകള്‍ ഫലം കാണുന്നില്ല.
എന്റോസള്‍ഫാന്‍ ദുരിതബാധിത കൂടിയാണ് ഫെബിന. ആഴ്ചയില്‍ രണ്ടു തവണ ഡയാലിലിസ് ചെയ്യണം. ഒരു തവണ ഡയാലിസിസ് ചെയ്യണമെങ്കില്‍ തന്നെ 2500 രൂപയോളം ആവശ്യമായി വരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആഴ്ചയില്‍ ഒരു തവണ മാത്രമേ കുട്ടിയെ ഡയാലിസിസിന് വിധേയമാക്കാന്‍ കഴിയുന്നുളളൂവെന്ന് ഫെബിനയുടെ മാതാപിതാക്കള്‍ പറഞ്ഞു.
പിതാവ് ബഷീര്‍ സൈക്കിളില്‍ മത്സ്യ വില്‍പ്പന നടത്തി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. പ്രായമായ പിതാവും വിധവകളായ രണ്ടു സഹോദരിമാരും ഉള്‍പ്പെടെ എട്ടോളം പേരടങ്ങുന്ന കുടുംബമാണ് ബഷീറിന്റേത്. ഇവരുടെ സംരക്ഷണ ചുമതലയും ബഷീറിനാണുളളത്. മകളുടെ ചികിത്സയും കുടുംബത്തിന്റെ സംരക്ഷണവും കൂടി ഏറ്റെടുത്തതിനാല്‍ ബഷീറിന് താന്‍ ജോലി ചെയ്ത് കിട്ടുന്ന പണം ഒന്നിനും തികയാത്ത സ്ഥിതിയാണുളളത്.
പലരോടും പണം കടംവാങ്ങിയാണ് ബഷീര്‍ കുട്ടിയുടെ ചികിത്സ ഇതുവരെ നടത്തിയത്. ഇനിയും കടം വാങ്ങാന്‍ ഈ കുടുംബത്തിന് നിര്‍വ്വാഹമില്ല. ബഷീറിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ല. ആകെയുളളത് കുടുംബവകയിലുളള പത്തുസെന്റ് ഭൂമിയും ചെറിയ വീടും. എന്റോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രതിമാസം രണ്ടായിരം രൂപ ലഭിക്കുന്നുണ്ടെങ്കിലും ഒരു തവണ കുട്ടിക്ക് ഡയാലിസിസ് ചെയ്യാന്‍ തന്നെ ഈ തുക പര്യാപ്തമല്ല.
മറ്റു പഞ്ചായത്തുകളില്‍ എന്റോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആദ്യഗഡുവായി ഒന്നരലക്ഷം രൂപ ലഭിച്ചിരുന്നുവെങ്കിലും ചെങ്കള പഞ്ചായത്തില്‍ ഇതും ലഭിച്ചിട്ടില്ല. സ്വന്തം വിഷമതകള്‍ സമൂഹത്തെ അറിയിക്കുന്നതില്‍ ഈ കുടുംബത്തിന് പ്രയാസമുണ്ടെങ്കിലും അധികൃതരുടെയും രാഷ്ട്രീയസാമൂഹികസാംസ്‌കാരിക സംഘടനകളുടെയും നല്ലവരായ വ്യക്തികളുടെയും സഹായമുണ്ടെങ്കില്‍ ഫെബിനയ്ക്ക് തുടര്‍ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. ഫെബിനയുടെ സഹോദരി മഹ്ജബി നെല്ലിക്കട്ട അതിര്‍ക്കുഴി സ്‌കൂളില്‍ നാലാംതരംവിദ്യാര്‍ത്ഥിനിയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment