Latest News

എയര്‍ ഇന്ത്യയ്‌ക്കെതിരെ പ്രവാസി സംഘടനകള്‍ രംഗത്ത്

ദുബൈ: യാത്രക്കാരുടെ ബാഗേജ് പരിധി കുറച്ച എയര്‍ ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ പ്രവാസി സംഘടനകള്‍ രംഗത്ത്. ബാഗേജ് പരിധി മുപ്പതു കിലോ ഗ്രാമില്‍ നിന്ന് ഇരുപതായി കുറച്ച എയര്‍ ഇന്ത്യയുടെ നടപടി സാധാരണക്കാരായ പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് അനുകൂല പ്രവാസ സംഘടനയായ ഒ.ഐ.സി.സി കുറ്റപ്പെടുത്തി.

കേന്ദ്ര മന്ത്രി കെ സി വേണുഗോപാല്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു.

ബാഗേജിന്റെ പരിധി കുറച്ചത് എന്തിനെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുപ്പത് കിലോ ബാഗേജിന് അമ്പത് ദിര്‍ഹം യാത്രക്കാരില്‍നിന്ന് ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് എയര്‍ ഇന്ത്യ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടത് അനുകൂല പ്രവാസ സംഘടനയായ ദലയും എയര്‍ ഇന്ത്യ നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

പെരുന്നാളിന് നാട്ടില്‍ പോകുന്ന സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കാനാണ് എയര്‍ ഇന്ത്യ ശ്രമിക്കുന്നതെന്ന് ദല സെക്രട്ടറി മാത്തുകുട്ടി കടോണ്‍ കുറ്റപ്പെടുത്തി. എയര്‍ ഇന്ത്യ ബാഗേജിന്റെ പരിധി കുറച്ചത് സ്വകാര്യ വിമാന കമ്പനികളെ സഹായിക്കാനാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ കൊള്ള നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.