Latest News

പിതാവിന്റെ ക്രൂരമര്‍ദ്ദനമേറ്റ് അഞ്ചുവയസ്സുകാരി ആശുപത്രിയില്‍

കൊല്ലം: പിതാവിന്റെ ക്രൂരമര്‍ദ്ദനമേറ്റ അഞ്ചുവയസ്സുകാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇരവിപുരം ചകിരിക്കട സക്കീര്‍ഹുസൈന്‍ നഗര്‍ 156-ല്‍ വാടകയ്ക്ക് താമസിക്കുന്ന സനോഫറിന്റെയും സുബൈജത്തിന്റെയും മകള്‍ ഫാത്തിമയ്ക്കാണ് മര്‍ദ്ദനമേറ്റത്. സനോഫറിനെ (27) ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു.

കുഞ്ഞിന്റെ ഇടത്തെ കണ്ണ് അടിയേറ്റ് ചുവന്നുകലങ്ങിയിട്ടുണ്ട്. കവിള്‍ നീരുകൊണ്ട് വീര്‍ത്തു. മുഖത്തും പുറത്തും പലഭാഗത്തും അടിയേറ്റ പാടുകളുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്കുശേഷം കുഞ്ഞിനെ അമ്മ സുബൈജത്ത് ചികിത്സയ്ക്കായി ജില്ലാ ആസ്പത്രിയില്‍ കൊണ്ടുവരുകയായിരുന്നു. ഡോക്ടറെ കാണിച്ചശേഷം ആസ്പത്രിയുടെ പുറത്ത് ചെരിപ്പു കച്ചവടം നടത്തുന്ന ആഷിക്കിനോട് മരുന്നുവാങ്ങാന്‍ അമ്പതുരൂപ ആവശ്യപ്പെട്ടു. മരുന്ന് വാങ്ങിക്കൊടുത്തശേഷം ആഷിക് കുട്ടിയെ ശ്രദ്ധിച്ചപ്പോഴാണ് പല ഭാഗത്തും അടിയേറ്റ പാടുള്ളതായി കണ്ടത്. ഇളയകുട്ടി അടിച്ചതാണെന്നാണ് സുബൈജത്ത് പറഞ്ഞത്. എന്നാല്‍ സംശയം തോന്നി ആഷിക് ആളുകളെക്കൂട്ടി കുട്ടിയെ ആസ്പത്രി കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സംഭവമറിഞ്ഞ് ആസ്പത്രിയില്‍ ആളുകള്‍ തടിച്ചുകൂടി. അടിയേറ്റ് വീര്‍ത്ത കുഞ്ഞിന്റെ മുഖം കണ്ട് സ്ത്രീകള്‍ വിതുമ്പുന്നുണ്ടായിരുന്നു. വാപ്പ അടിച്ചെന്നു മാത്രമാണ് കുട്ടി പറഞ്ഞത്.

വിവരമറിഞ്ഞ് പുന്നാനിക്കുളത്തുനിന്ന് സുബൈജത്തിന്റെ അമ്മയും അച്ഛനും സഹോദരനും എത്തി. കുട്ടിയുടെ ഉമ്മയെയും സനോഫര്‍ മര്‍ദ്ദിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പോലീസും ബന്ധുക്കളും ചേര്‍ന്നാണ് കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി. ആസ്പത്രിയിലേക്ക് കൊണ്ടുപോയത്.

കാവല്‍പ്പുര എല്‍.പി. സ്‌കൂളില്‍ എല്‍.കെ.ജി. വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ. മൂന്നരവയസ്സുള്ള നാജിയ അനുജത്തിയാണ്.

പള്ളിമുക്കില്‍ പലചരക്ക് കടയില്‍ ജോലിക്കാരനാണ് സനോഫര്‍. അനുസരിക്കാത്തതിനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

രണ്ടുദിവസം മുമ്പ് കുട്ടിയുടെ പഠിത്തത്തില്‍ ശ്രദ്ധിക്കണമെന്ന് അധ്യാപകര്‍ പറഞ്ഞിരുന്നത്രെ. ഇതിന്റെ പേരിലാണ് കമ്പുകൊണ്ടും കൈകൊണ്ടും അടിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. ഇരവിപുരം സി.ഐ. എസ്.അമ്മിണിക്കുട്ടന്‍, എസ്. ഐ. എ.നിസാമുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.