Latest News

ദുർഗയല്ല വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചത്,​ രാഷ്ട്രീയക്കാരും ഭൂമാഫിയയും: വഖഫ് ബോർഡ്

നോയ്ഡ: ഒരു മുസ്ലിം പള്ളിയുടെ മതിൽ പൊളിച്ച് വർഗീയ സം‍ഘ‌‌ർഷമുണ്ടാക്കാൻ ശ്രമിച്ചത് ഐ.എ.എസ് ഉദ്യോഗസ്ഥയായ ദുർഗയല്ലെന്നും ചില രാഷ്ട്രീയക്കാരും ഭൂമാഫിയയും ചേർന്ന് ഇത് ചെയ്തിട്ട് ദുർഗ ശക്തി നാഗ്പാലിനെ പഴി ചാരുകയായിരുന്നെന്നും വഖഫ് ബോർഡ് കമ്മിറ്റി ആരോപിച്ചു.

ദുർഗയെപ്പോലെ നല്ലൊരു ഐ.എ.എസ് ഓഫിസറെ ഏറെക്കാലത്തിനുശേഷം തങ്ങൾ കാണുകയാണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ ഇടപെട്ടിട്ടുണ്ടെന്നും വഖഫ് ബോർഡധികൃത‌ർ പറ‍ഞ്ഞു. ഭൂ-മണൽ മാഫിയകൾക്കെതിരെ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രവർത്തിച്ച അവരെ പുറത്താക്കാൻ കുറെക്കാലമായി ചില രാഷ്ട്രീയനേതാക്കളും ഈ മാഫിയകളും കിണഞ്ഞു ശ്രമിക്കുകയായിരുന്നുവെന്നും വഖഫ് ബോർഡിനുവേണ്ടി സ്ഥലം സന്ദർശിച്ച ഖാദിർ ഖാൻ ജയ്സ്വാൾ പറഞ്ഞു. ദുർഗയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെഴുതാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡ് ഭൂമി മതിൽ കെട്ടി സംരക്ഷിക്കാൻ പറഞ്ഞത് ദുർഗയായിരുന്നു.

വർഗീയ സംഘട്ടനമുണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഗൗതം നഗർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ദുർഗയെ സസ്‌പെൻഡ് ചെയ്ത അഖിലേഷ് യാദവ് സർക്കാർ ഇതോടെ വെട്ടിലായി. ദുർഗയെ 40 മിനിറ്റുകൊണ്ട് തെറിപ്പിക്കാൻ തനിക്ക് കഴിഞ്ഞിരുന്നുവെന്ന് ഒരു ഭരണകക്ഷി നേതാവ് വീന്പിളക്കുകയും ചെയ്തതോടെ സർക്കാ‌ർ മാഫിയയ്ക്കൊപ്പമായിരുന്നുവെന്ന് തെളിയുകയും ചെയ്തു.

മതിൽ പൊളിച്ചത് ദുർഗയുടെ നി‌ർദ്ദേശപ്രകാരമായിരുന്നില്ലെന്ന് കമ്മിറ്റി കണ്ടെത്തി. വഖഫ് ബോർഡിന്റെ സ്ഥലം ഭൂമാഫിയ കൈയേറിയത് പരിശോധിക്കാനാണ് ദുർഗ സ്ഥലത്തെത്തിയത്. അവിടെ വർഗീയ സംഘർഷാവസ്ഥ ഇല്ലായിരുന്നു. ഇതുവരെ അങ്ങനെയൊന്ന് അവിടെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. മുസ്ലിം വോട്ടുകൾ ലക്ഷ്യമാക്കി അവിടെ ചില രാഷ്ട്രീയപാർട്ടികൾ സംഘർഷത്തിന് ശ്രമിക്കുകയാണ്. ഇവർക്ക് കൂട്ടുനിൽക്കുന്നത് ഭൂ​-മണൽ മാഫിയകളാണ്. മതിൽ പൊളിച്ചത് ഇക്കൂട്ടരാണ്. എന്നിട്ട് ഇവർ ദുർഗക്കെതിരെ പ്രചാരണം അഴിച്ചുവിട്ടു. എസ്.എം.എസ്. പ്രചാരണം വരെ നടത്തിയെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.

പള്ളി നിർമിക്കുന്നതിനും മതിൽ കെട്ടുന്നതിനും നിയമം പാലിക്കണമെന്നാണ് ദുർഗ അവിടെ വന്ന് പറഞ്ഞത്. അവർ വളരെ ധൈര്യമുള്ള ഉദ്യോഗസ്ഥയാണ്. ഇതിന് മുൻപ് അവിടെ ഇരുന്ന പുരുഷന്മാരെക്കാൾ ശേഷിയുള്ള ഉദ്യോഗസ്ഥ. വഖഫ് ബോർഡിന്റെ കോടിക്കണക്കിനു രൂപ വിലവരുന്ന സ്ഥലം കൈയേറിയ മാഫിയയ്ക്കെതിരെ കർശന നടപടികളാണ് ദുർഗ സ്വീകരിച്ചത്. മറ്റ് പല ഗ്രാമങ്ങളിലും മാഫിയ ഇങ്ങനെ ചെയ്തിട്ടുണ്ട്. ഇതിനുമുൻപ് ഈ മാഫിയക്കെതിരെ തങ്ങൾ മുഖ്യമന്ത്രി അഖിലേഷ് യാദവ്,​ മന്ത്രി അസം ഖാൻ,​ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കൊക്കെ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. 

പക്ഷേ ദുർഗ വന്നതിനുശേഷമാണ് സ്ഥിതി മാറിയത്. അവിടെയുണ്ടായിരുന്ന ശ്മശാനം ഭൂമാഫിയ ഇടിച്ചുനിരത്തിയപ്പോൾ പുറത്തുവന്ന അസ്ഥികൂടങ്ങൾ ഞങ്ങൾ അവരെ കാണിച്ചു. മാഫിയയ്ക്ക് ദുർഗ നോട്ടീസ് നൽകിയെങ്കിലും അവർ വകവച്ചില്ല. സ്വന്തം ഉദ്യോഗസ്ഥ‌ർ പറഞ്ഞതുമാത്രം കേൾക്കാതെ അവർ സംഭവസ്ഥലത്തുവന്ന് ഞങ്ങളോട് വിവരങ്ങൾ ആരാ‍ഞ്ഞു. വഖഫ് ഭൂമി കൈയേറുന്നത് തടയാൻ മതിൽ കെട്ടാൻ നിർദ്ദേശിച്ചത് അവരാണ്. ഇന്ന് ശ്മശാനത്തിനുസമീപം ആരോ മാർക്കറ്റ് കെട്ടിയിരിക്കുന്നു. അതിൽ 50 കടകളുണ്ട്. ഈ മാർക്കറ്റ് ഏതു ഭൂമിയാലാണെന്ന് തങ്ങൾക്കറിയില്ലെന്നും ഗ്രാമീണർ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.