Latest News

സ്‌നേഹനിലാവ് പരത്തി, റംസാൻ നോമ്പിൽ അലിയുന്ന സത്യൻ

തൃശൂര്‍: 'അല്ലാഹുവേ, നീ മഹാനാണ്.' വ്രതനിഷ്ഠയുടെ മുപ്പത് രാപ്പകൽ കഴിയുമ്പോൾ റംസാൻപിറയുടെ തിളക്കമാണ് സത്യൻ ലാലൂരിന്റെ മുഖത്ത്. വിശ്വാസത്തിന്റെ ഭേദവിചാരങ്ങളില്ലാതെ പരമകാരുണികനായ അല്ലാഹുവിൽ മനസും ശരീരവും സമർപ്പിക്കുന്ന പുണ്യകാലം.

മൂന്നാം വയസില്‍ പോളിയോ കാല്‍ തളര്‍ത്തിയിട്ടും വറുതിയോട് പൊരുതി ഒരു ജീവിതം നേടിയ സത്യന്റെ മനസ് റംസാൻ നോമ്പിൽ അലിയാൻ തുടങ്ങിയത് ആറുവർഷം മുൻപാണ്. ആത്മബന്ധമുളള പാളയം ഇമാം ജമാലുദ്ദീൻ മങ്കടയാണ് നോമ്പിന്റെ വഴിയിലേക്ക് ആദ്യമായി സത്യനെ നയിച്ചത്. പിന്നെ, വർഷങ്ങളായി നോമ്പ് അനുഷ്ഠിക്കുന്ന ടി. എൻ. പ്രതാപൻ എം.എൽ.എയും പ്രചോദനമായി. ജാതിഭേദങ്ങൾക്കും മതദ്വേഷങ്ങൾക്കും അതീതമായ ഗുരുദേവ ദർശനവും എസ്.എൻ.ഡി.പി. യോഗം ലാലൂർ ശാഖ മുൻ സെക്രട്ടറി കൂടിയായ സത്യന് കരുത്തായി.

ഇരുപത്തി ഏഴാം രാവിന് ഭാര്യയും സത്യനൊപ്പം നോമ്പു നോറ്റു. നോമ്പനുഷ്ഠിച്ചില്ലെങ്കിലും നോമ്പുതുറക്കാൻ വൈകിട്ട് അച്ഛനുമുണ്ടാകും.
കഷ്ടപ്പാടുകളുടെ കയത്തിലായിരുന്നു സത്യന്റെ ബാല്യം. തളർന്ന കാലുമായി ആ കയത്തിൽ മുങ്ങിപ്പൊങ്ങിയ കാലം. അച്ഛന്‍ മൂരായിൽ കൃഷ്ണൻ അരണാട്ടുകര അങ്ങാടിയില്‍ തൊഴിലാളിയായിരുന്നു. വീടുപുലര്‍ത്താൻ, മക്കളെ പഠിപ്പിക്കാൻ പലരുടെയും മുന്‍പില്‍ അച്ഛന്‍ കൈനീട്ടുന്നതു കണ്ട് മനസു പൊളളിയിട്ടുണ്ട്. ആ കഷ്ടപ്പാടിലും പഠിച്ച് പി.എസ്‌.സി പരീക്ഷയെഴുതി 1994ല്‍ സര്‍വീസില്‍ കയറി. ഇപ്പോൾ ചിയ്യാരം സബ് രജിസ്ട്രാർ ഓഫീസിൽ ക്ളാർക്കാണ്.

ഉദ്യോഗസ്ഥനായതോടെ സ്വന്തം കാര്യം മാത്രം നോക്കി സത്യൻ ചടഞ്ഞിരുന്നില്ല. തന്നെ പോലെ കഷ്‌ടതകൾക്ക് നടുവിൽ കഴിയുന്നവർക്ക് പി.എസ്.സി. പരീക്ഷയ്‌ക്ക് സൗജന്യമായി പരിശീലനം നല്‍കാൻ തുടങ്ങി. ലാലൂര്‍ ശ്രീനാരായണ സമാജം ഓഫീസിലായിരുന്നു തുടക്കം. ആദ്യ ബാച്ചിലെ 11 പേരിൽ ഒന്‍പതു പേര്‍ക്ക് ജോലിയായി. 2006 മുതല്‍ അരണാട്ടുകര ഗ്രാമീണ വായനശാലയില്‍ സൗജന്യ പരിശീലനം തുടർന്നു. ആ പരിപാടി ഒരു പ്രസ്ഥാനമായി വളരുകയാണ്.

കണ്ടക്ടര്‍, പൊലീസ്, കമാന്‍ഡോ, ഫോറസ്റ്റ് ഗാർഡ് അങ്ങനെ വിവിധ തസ്‌തികകളിൽ സത്യന്റെ നിരവധി ശിഷ്യർ ഉദ്യോഗസ്ഥരായി. പൊലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കും കമാന്‍ഡോ പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്‍പതാം റാങ്കുമെല്ലാം അവർ നേടി. പത്താം ക്ലാസ് തോറ്റ രണ്ട് അനുജന്മാരും അക്കൂട്ടത്തിലുണ്ട്. ഇപ്പോള്‍ പതിനാലു സ്ഥലത്ത് സത്യൻ സൗജന്യമായി ക്ളാസെടുക്കുന്നു. എല്ലായിടത്തുമായി അറുനൂറോളം പേരുണ്ടാകും ശിഷ്യരായി. പത്തുവർഷത്തിനുളളിൽ രണ്ടായിരത്തിലേറെ പേരാണ് സത്യന്റെ പരിശീലന ക്ലാസുകളിൽ പങ്കെടുത്തത്. സത്യൻ രൂപീകരിച്ച തണൽ ചാരിറ്റബിൾ ട്രസ്റ്റും ഈ വഴിയിൽ തണലായി.

പെരുന്നാളിന്, റംസാൻ നിലാവിൽ അയൽവീട്ടിലെ മുസ്ളീം സഹോദരങ്ങളോടൊപ്പം ആശംസകൾ പങ്കിടുമ്പോൾ 9995532217 എന്ന സത്യന്റെ മൊബൈൽ നമ്പരിലേക്ക് ഒഴുകുന്നുണ്ടാകും, ശിഷ്യഗണങ്ങളുടെ സ്നേഹസന്ദേശങ്ങൾ...


Keralakaumudi
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.