Latest News

മങ്കമാര്‍ മൈലാഞ്ചിയണിഞ്ഞു, ചരിത്ര ഒപ്പനയ്ക്ക് ഉദിനൂര്‍ ഒരുങ്ങി


ഉദിനൂര്‍ : അത്ഭുതങ്ങളുടെ ലോകറെക്കാര്‍ഡായ  ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം പിടിക്കാനുള്ള ഉദിനൂര്‍ സ്‌കൂളിന്റെ ശ്രമങ്ങള്‍ക്ക് ഒരുക്കങ്ങളായി. 121 പേര്‍ അണിനിരത്തി അവതരിപ്പിക്കുന്ന ജമ്പോ ഒപ്പനക്കുള്ള മൊഞ്ചത്തിമാര്‍ കൈകളില്‍ മൈലഞ്ചിയണിഞ്ഞു.

20ന് വൈകുന്നേരം മൂന്നിന് അവതരണത്തില്‍ സാക്ഷികളാകാന്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ജന പ്രതിനിധികള്‍ക്കുമൊപ്പം കലാരംഗത്തുള്ളവരും എത്തിച്ചേരും. ഫോക് ലോര്‍ അക്കാദമിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സൈക്കിള്‍ പെരുമകൊണ്ട് ലോക മാധ്യമ ശ്രദ്ധ നേടിയ സ്‌കൂളിനെ വീണ്ടും ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതിനുള്ളശ്രമത്തിന്റെ ഭാഗമായാണ് മെഗാ ഒപ്പന ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത തനതു ശൈലി നിലനിര്‍ത്തിക്കൊണ്ട് മൊയ്തു വാണിമേല്‍ രചിച്ച "തെളിമുത്തായി....." എന്നു തുടങ്ങുന്ന ഇശലിനൊപ്പം താളമിട്ട് ചുവട് വയ്ക്കുന്നത് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ കുട്ടികളാണ്.

നാലു നിരകളിലായാണ് കുട്ടികള്‍ അണിനിരക്കുക.12, 24,30,42 എന്ന ക്രമത്തില്‍ വട്ടമിട്ട് കളിക്കുന്ന കുട്ടികള്‍ക്ക് നടുവിലെ മണവാട്ടിയെകൂടാതെ 12 പാട്ടുകാരും ഉള്‍പ്പെടെ 121 പേര്‍ 10 മിനുട്ട് ദൈര്‍ഘ്യമുള്ള ഒപ്പനയില്‍ നിറഞ്ഞു നില്‍ക്കും.

121 പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി മുഴുവന്‍ കുട്ടികളെയും ഒന്നിച്ച് ചിത്രീകരിക്കാവുന്ന രീതിയില്‍ ക്യാമറകള്‍ സജ്ജീകരിച്ചാണ് പരിപാടി പകര്‍ത്തുക.

ജില്ലാകലക്ടര്‍, ജില്ലാ പോലിസ് ചീഫ് ,എംഎല്‍എ തുടങ്ങിയവരുടെ സാക്ഷ്യപത്രം സഹിതം ലിംക അധികൃതര്‍ക്ക് നല്‍കുന്ന വീഡിയോ സി.ഡിയും രേഖകളും പരിശോധിച്ചാണ് പ്രഖ്യാപനമുണ്ടാകുക.

ഈ വര്‍ഷം തന്നെ റെക്കാര്‍ഡില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍. ഒന്നര ലക്ഷം രൂപ ചെലവു വരുന്ന അവതരണത്തിനുള്ള ചെലവു കണ്ടെത്തിയത് വ്യക്തികളില്‍ നിന്നുള്ള സംഭാവന വഴിയാണ്. 121 പേര്‍ക്കുള്ള പരമ്പരാഗത കാച്ചിമുണ്ടും ബ്ലൗസും അടക്കമുള്ള വസ്ത്രാലങ്കാരം നല്‍കിയിരിക്കുന്നത് കക്കട്ടിലെ ലെന കോസ്റ്റിയൂംസ് ആണ്.

17 വര്‍ഷത്തോളമായി ഒപ്പന രംഗത്തുള്ള ജുനൈദ് മെട്ടമ്മലാണ് ഇതിന്റെ ആശയവും ആവിഷ്‌കാരവും നിര്‍വഹിച്ചിരിക്കുന്നത്. മൂന്നു മാസത്തെ പരിശീലനത്തിലൂടെയാണയാണ് കുട്ടികളെ സജ്ജരാക്കിയത്. രണ്ടായിരത്തോളം പേര്‍ക്ക് പരിപാടി കാണുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഒരു മണിമുതല്‍ ശിങ്കാരി മേളം, നാടന്‍പാട്ട്, മ്യൂസിക ഫ്യൂഷന്‍ എന്നിവയുംഉണ്ടാകും.കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി. ശ്യാമളാദേവി അധ്യക്ഷയാകും.

ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.സീരിയല്‍ നടന്‍ അനീഷ് രവി മുഖ്യാതിഥിയായിരിക്കും.

പത്രസമ്മേളനത്തില്‍ കെ.വി വിനയകുമാര്‍, ടി.വി വിജയന്‍, എ.കെ വിനോദ് കുമാര്‍, കെ.പി സതീശന്‍, പി. ഭാസ്‌കരന്‍, പി.വി പ്രകാശ്കുമാര്‍, കെ.പി മുഹമ്മദ് റഫീഖ്, എന്‍.പി നിജേഷ് കുമാര്‍, ജുനൈദ് മെട്ടമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


udinur.com
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.