Latest News

ദേളി കൂവത്തൊട്ടിയില്‍ അടച്ചിട്ട വീടുകള്‍ കുത്തിതുറന്ന് വന്‍ കവര്‍ച്ച


മേല്‍പ്പറമ്പ: ദേളി കൂവത്തൊട്ടിയില്‍ അടച്ചിട്ട വീടുകള്‍ കുത്തിതുറന്ന് ഒന്നരലക്ഷം രൂപയും 15 പവന്‍ സ്വര്‍ണവും കവര്‍ന്നു. കുവത്തൊട്ടിയിലെ സി.ബി അബ്ദുല്ല ഹാജിയുടെ വീട്ടിലും ഉലൂജി അബ്ദുല്‍ ഖാദര്‍ മാസ്റ്ററിന്റെ മകന്‍ മുഹമ്മദ് അഷ്‌റഫിന്റെ വീട്ടിലുമാണ് മോഷണം നടന്നത്.

വൈകുന്നേരം 4.30ന് മകന്‍ മുഹമ്മദ് സമീറിന്റെ ഭാര്യവീട്ടില്‍ അബ്ദുല്ല ഹാജി കുടുംബസമേതം കല്ല്യാണത്തിന് പോയതായിരുന്നു. രാത്രി 10 മണിയോടെ അബ്ദുല്ല ഹാജി വീട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ വീടിന്റെ വാതില്‍തുറക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഭാര്യ ആഇശ, മകന്‍ ഫൈസല്‍, സഹോദരി റൈഹാന എന്നിവരെ വിളിച്ചുവരുത്തിയതിന് ശേഷം വീടിന്റെ പുറകുവശത്തു കൂടി വാതില്‍ തുറക്കാന്‍ പോകുമ്പോഴാണ് ഗ്രില്‍സും വാതിലും തകര്‍ത്തനിലയില്‍ കണ്ടത്. മുന്‍വശത്തെ വാതില്‍ അകത്തുനിന്നും പൂട്ടികിടക്കുകയായിരുന്നു. സമീറിന്റെ മുറിയിലുണ്ടായിരുന്ന 1,50,000 രൂപയും ഭാര്യയുടെ 15 പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.

അബ്ദുല്ല ഹാജിയുടെ വീടിന്റെ തൊട്ടടുത്തുള്ള ഉലൂജി മന്‍സിലിലെ മുഹമ്മദ് അഷ്‌റഫിന്റെ വീട്ടിലും മോഷണം നടന്നു. വീട്ടുകാര്‍ വൈകുന്നേരം കാസര്‍കോട് ടൗണില്‍ പോയി രാത്രി തിരിച്ചുവരുമ്പോഴായിരുന്നു മോഷണം നടന്ന വിവരം അറിഞ്ഞത്. വീട്ടിലുണ്ടായിരുന്ന 2500 രൂപ നഷ്ടപ്പെട്ടു. രണ്ടിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് കവര്‍ച്ച നടത്തിയത്.

വീട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എസ്.ഐ കരിയപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോഷണം നടന്ന വീടുകള്‍ സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.