Latest News

ഉമ്മ മരിച്ച വിവരമറിഞ്ഞെത്തിയ ഷറഫുദ്ദീന്‍ മയ്യിത്ത് കാണാനാവാതെ മടങ്ങി

കണ്ണൂര്‍: അബ്ദുന്നാസിര്‍ മഅദനി ഉള്‍പ്പെട്ട ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ സിറ്റിയിലെ കെ.കെ. ഷറഫുദ്ദീന്‍ (42) നാലു വര്‍ഷത്തെ ജയില്‍ജീവിതത്തിനിടയില്‍ ആദ്യമായി ബുധനാഴ്ച ജന്മനാട്ടിലെത്തി .

 ഉമ്മ മരിച്ച വിവരമറിഞ്ഞെത്തിയ  ഷറഫുദ്ദീന്‍ മയ്യിത്ത് കാണാനാവാതെ മടങ്ങി. ഷറഫുദ്ദീന്‍െറ ഉമ്മ കെ.കെ. ഖദീജ (70) തിങ്കളാഴ്ചയാണ് മരിച്ചത്. അന്നുതന്നെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മരണവിവരം അറിയിച്ചു. പിറ്റേന്ന് രാവിലെവരെ ഷറഫുദ്ദീനെ കാത്തിരുന്നശേഷം മയ്യിത്ത് മറവുചെയ്തു.

പരോള്‍ അനുവദിച്ചതനുസരിച്ച് ബുധനാഴ്ച രാവിലെയാണ് ഷറഫുദ്ദീന്‍ കണ്ണൂര്‍ സിറ്റി ആസാദ് റോഡിലെ വീട്ടിലെത്തിയത്‌. നാലു വര്‍ഷത്തിനിടയില്‍ ബാപ്പയെ സ്വന്തം വീട്ടിനുള്ളില്‍ കണ്‍കുളിര്‍ക്കെ കണ്ട് മക്കള്‍ ഷൗക്കിയയും (13) സലാഹുവും (12) കെട്ടിപ്പിടിച്ച് കരഞ്ഞു. ‘തന്‍െറ നിരപരാധിത്വം സര്‍വശക്തനായ അല്ലാഹുവിനറിയാമെന്നും ഇപ്പോള്‍ അനുഭവിക്കുന്ന വേദനകള്‍ക്കു പകരം പടച്ചവന്‍ സൗഖ്യം തരുമെന്നും’ ഷറഫുദ്ദീന്‍ എല്ലാവരെയും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്ന ഷറഫുദ്ദീന്‍ ഫര്‍ണിച്ചറുകളുമായി ട്രിപ് പോയതിന്‍െറ പേരിലാണ് കേസില്‍ പ്രതിയാവുന്നത്. കുടകിലെ തീവ്രവാദ ക്യാമ്പില്‍ ഉപയോഗിക്കാനുള്ളതായിരുന്നു ഈ ഫര്‍ണിച്ചറുകള്‍ എന്നാണ് പൊലീസ് ഭാഷ്യം. ഗൂഢാലോചനക്കുറ്റം ചുമത്തി 2009 ഡിസംബറിലായിരുന്നു അറസ്റ്റ്. കുടകിലെ തീവ്രവാദ ക്യാമ്പില്‍ ഒത്തുകൂടി എന്ന കുറ്റവും ഷറഫുദ്ദീന്‍െറ മേല്‍ ചാര്‍ത്തപ്പെട്ടു. നാലു വര്‍ഷമായി വിചാരണ തടവുകാരനായി ബംഗളൂരു ജയിലിലാണ്.

 ഉമ്മ ഖദീജ മകനെ കാണാന്‍ പലതവണ പലരോടും പറഞ്ഞു. ഒടുവില്‍ ഷറഫുദ്ദീന്‍െറ അനുജന്‍ തസ്നീം രണ്ടു മാസം മുമ്പ് ഉമ്മയെക്കൂട്ടി ബംഗളൂരു ജയിലിലെത്തി.
ജയിലില്‍ മകനെ കണ്ട് അവര്‍ അലമുറയിട്ട് കരഞ്ഞു. ജയിലില്‍ ഇക്കയെ കണ്ട് മടങ്ങിയതിനുശേഷമാണ് ഉമ്മ ശാരീരികമായി അവശയായതെന്ന് അനുജന്‍ തസ്നീം പറഞ്ഞു.
കര്‍ണാടക പൊലീസ് ട്രാന്‍സ്പോര്‍ട്ട് ബസിലാണ് ഷറഫുദ്ദീനെ വീട്ടിലെത്തിച്ചത്‌. ഇന്നലെ വൈകുന്നേരം തന്നെ മടങ്ങുകയും ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Bangalore blast

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.