Latest News

മലയാളത്തില്‍ ശാലീന സൗന്ദര്യവുമായെത്തിയ നയന്‍താര സിനിമയിലെത്തി പത്ത് വര്‍ഷം ഒപ്പം നാല്‍പ്പതു സിനിമകളും

നയന്‍താര സിനിമയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഒപ്പം നാല്‍പതു സിനിമകളും പൂര്‍ത്തിയാക്കുന്നു. 2003ല്‍ മലയാളിക്കുട്ടിയുടെ ശാലീന സൗന്ദര്യവുമായി മനസിനക്കരെ നിന്നെത്തിയ നയന്‍താര പത്തു വര്‍ഷം കൊണ്ടു ദക്ഷിണേന്ത്യയിലെ വിലയേറിയ താരറാണിപദത്തിലെത്തി. 

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നയന്‍സ് അഭിനയിച്ച നാല്‍പതു സിനിമകളാണു പുറത്തിറങ്ങിയത്.അഞ്ചിലേറെ സിനിമകള്‍ ചിത്രീകരണത്തിലാണ്. ഇടയ്ക്കു രണ്ടു വര്‍ഷം സിനിമയി ല്‍ നിന്ന് അല്‍പം വിട്ടുനിന്നെങ്കിലും തിരിച്ചുവരവില്‍ നയന്‍താര സൂപ്പര്‍ ഹിറ്റുകളുമായി നയന്‍സ് മാജിക് ആവര്‍ത്തിച്ചു.

സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായ നാടന്‍ പെണ്‍കുട്ടിയായാണു നയന്‍താര അരങ്ങേറ്റം കുറിച്ചത്. രണ്ടാമത്തെ ചിത്രം വിസ്മയത്തുമ്പത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിന്റെ നായിക. 2004 ഓണത്തിനു റിലീസ് ചെയ്ത നാട്ടുരാജാവ് എന്ന സിനിമയിലും മോഹന്‍ലാലിനൊപ്പം നായികാപ്രാധാന്യമുള്ള കഥാപാത്രം. നയന്‍താരയുടെ താരപദവിയെ പിന്നീടു മലയാളത്തിനു പിടിച്ചുനിര്‍ത്താനായില്ല.

ഹരി സംവിധാനം ചെയ്ത അയ്യാ എന്ന ചിത്രത്തില്‍ ശരത്കുമാറിന്റെ നായികയായി 2005ല്‍ തമിഴ് അരങ്ങേറ്റം കുറിച്ച നയന്‍താരയെക്കാത്തിരുന്നത് സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ നായികാപദവിയായിരുന്നു. മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയിലെ ദുര്‍ഗയെ തമിഴ്മക്കള്‍ ഏറ്റെടുത്തു. ഇതിനിടെ നയന്‍താര രണ്ടു മലയാള സിനിമകളിലും അഭിനയിച്ചു. മമ്മൂട്ടിയുടെ നായികയായി തസ്‌കരവീരനിലും രാപ്പകലിലും. മലയാള സിനിമയില്‍ പിന്നീട് കുറേക്കാലം നയന്‍താരയുടെ പേരു കേള്‍ക്കാനുണ്ടായില്ല.

2006ല്‍ തെലുങ്കിലേക്കു വലംകാല്‍വച്ചു കയറിയ നയന്‍താരയെ പിടിച്ചുകയറ്റിയത് സൂപ്പര്‍താരം വെങ്കി ടേഷ് ആയിരുന്നു. ലക്ഷ്മി എന്ന ചിത്രം വന്‍ ഹിറ്റായി. ദക്ഷിണേന്ത്യയിലെ മൂന്നു പ്രധാന ഭാഷകളിലെയും സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തുടക്കം കുറിച്ച നായികയെന്ന പേര് നയന്‍താരയ്ക്ക് ഏറെ ഗുണം ചെയ്തു.

മാതൃഭാഷയില്‍ എട്ടു സിനിമകളിലാണ് നയന്‍താര അഭിനയിച്ചിട്ടുള്ളത്. ട്വന്റി- 20യിലെ ഐറ്റം ഡാന്‍സ് ഒഴികെ ആറു സിനിമകളില്‍ നായികയും ഒരു സിനിമയില്‍ നായികാപ്രാധാന്യമുള്ള കഥാപാത്രവും. തമിഴില്‍ 19 സിനിമകള്‍. ശിവകാശി, ശിവാജി ദി ബോസ്, ഗോവ, എതിര്‍നീച്ചല്‍ എന്നീ സിനിമകളില്‍ ഐറ്റം ഗാനമോ അതിഥി താരമോ ആയിരുന്ന തൊഴിച്ചാല്‍, ബാക്കിയെല്ലാം നായികയോ നായികാപ്രാധാന്യമുള്ളതോ ആയ കഥാപാത്രങ്ങള്‍. തെലുങ്കില്‍ അഭിനയിച്ച 12 സിനിമകളില്‍ ഭൂരിഭാഗവും വന്‍ഹിറ്റ്. കന്നഡയില്‍ ഒരേയൊരു സിനിമ മാത്രമാണു ചെയ്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nayantahara, Movie, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.