Latest News

ജസീറയുടെ സമരം: കലക്ടറുടെ റിപ്പോര്‍ട്ട് തെളിവുകളില്ലാതെ


കണ്ണൂര്‍: മണല്‍ മാഫിയക്കെതിരെ പഴയങ്ങാടിയിലെ വീട്ടമ്മ ജസീറ നടത്തിയ സമരത്തിനെതിരെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് തെളിവുകളില്ലാതെ. സാമ്പത്തിക ലാഭത്തിനുവേണ്ടിയാണ് സമരം എന്ന ആക്ഷേപകരമായ റിപ്പോര്‍ട്ട് പൊലീസ് പ്രതികാര ബുദ്ധിയോടെ തയാറാക്കിയതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത മണല്‍ മാഫിയക്കെതിരെ ഒറ്റയാള്‍ സമരം നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ പൊലീസ്, റവന്യൂ അധികൃതര്‍ക്കെതിരെ നടത്തിയ സമരമാണ്, നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് തലസ്ഥാനത്തേക്ക് നീണ്ടത്. ഈ സമരത്തിന്റെ നിജസ്ഥിതി ചോദിച്ച മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതാകട്ടെ ജസീറ ആരോപണമുന്നയിച്ച പൊലീസും റവന്യൂ വകുപ്പും.കണ്ണൂര്‍ തഹസില്‍ദാറും പൊലീസിലെ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയും കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് ക്രോഡീകരിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയതാണെന്ന് കലക്ടര്‍ രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. 

താന്‍ നേരിട്ട് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടല്‌ളെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച് കലക്ടര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: 'ജസീറയുടെ സാമൂഹിക ചുറ്റുപാടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തി ഡിവൈ.എസ്.പി സ്‌പെഷല്‍ ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ജസീറ സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് സമരം നടത്തുന്നതെന്നാണ്. 

പ്രദേശവാസികളായ സാധാരണക്കാരുടെയും കുടുംബങ്ങളുടെയും പിന്തുണ അവര്‍ക്കില്ല. അവര്‍ സമരം ചെയ്യുന്നത് തലച്ചുമടായി മണല്‍ കടത്തുന്നവര്‍ക്കെതിരെയാണ്. ലോറികളില്‍ കടത്തുന്നവര്‍ക്കെതിരെ സമരം ചെയ്യുന്നില്ല.
സമരത്തിന് പിന്തുണയുമായി എത്തുന്നവരില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് സമരത്തില്‍ നിന്നും പിന്മാറാത്തത്'.'കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നയിച്ച ജസീറ ഉന്നയിച്ച ആവശ്യങ്ങള്‍ തലശ്ശേരി സബ്കലക്ടര്‍ നേരിട്ട് അന്വേഷിച്ചിരുന്നു.
മണല്‍കടത്തിനെതിരെ നടപടിയെടുക്കാന്‍ പഴയങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍, മാടായി പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പൊലീസ് ചീഫ് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ജസീറയുടെ ആവശ്യപ്രകാരം പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു.
ജസീറയുടെ ആവശ്യം പൂര്‍ണമായി അംഗീകരിച്ച് മണല്‍ കടത്തിനെതിരെ നടപടി സ്വീകരിച്ചു. കലക്ടറുടെ നിര്‍ദേശ പ്രകാരം മണല്‍കടത്തിനെതിരെ മാടായി ഗ്രാമ പഞ്ചായത്ത് ആഭിമുഖ്യത്തില്‍ പ്രത്യേക യോഗം ചേര്‍ന്നും നടപടി സ്വീകരിച്ചു. ഇപ്പോള്‍ അനധികൃത മണല്‍കടത്ത് തടഞ്ഞിട്ടുണ്ട്'കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കലക്ടര്‍ മുഖ്യന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് ജസീറയെ പരിഹസിക്കുന്നതായെന്നാണ് വിമര്‍ശം. ഒരു സ്ത്രീ പണം വാങ്ങാന്‍ സമരം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് തെളിവുകളൊന്നും ഹാജരാക്കിയുമില്ല.

Madhyamam
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.