Latest News

ഉദുമ എം.എല്‍.എ സ്വന്തം കാലിലെ മന്ത് കാണണം: യൂത്ത്‌ലീഗ്

കാസര്‍കോട്: ഇരുകാലിലും മന്തുവെച്ച് ഒരുകാലില്‍ നീരുവന്നവനെ മന്തായെന്നു വിളിക്കുന്ന വിഡ്ഡിയുടെ കഥയാണ് കാസര്‍കോട് താളിപ്പടുപ്പിനടത്ത് ദേശീയപാതയില്‍ രൂപം കൊണ്ട കുഴി സന്ദര്‍ശിക്കുന്ന ഉദുമ എം.എല്‍.എയുടെ പടവും വാര്‍ത്തയും പത്രത്തില്‍ കണ്ടപ്പോള്‍ തോന്നിപ്പോയതെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് പ്രസ്താവനിയില്‍ പറഞ്ഞു.

ഉദുമ മണ്ഡലത്തിലെ പല സ്ഥലത്തും റോഡുകള്‍ കുളമായി മാറിയിരിക്കുകയാണ്. മണ്ഡലത്തില്‍ തന്നെ എം.എല്‍.എക്ക് പരിചയമില്ലാത്ത പല ദിക്കുകളുമുണ്ട്. അത് വേണമെങ്കില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കാണിച്ചു തരാം.അവിടെയുള്ള കുഴികളുടെ മുഴുവന്‍ ചിത്രമെടുത്ത് പത്രത്തില്‍ കൊടുത്താല്‍ മറ്റുള്ളവരുടെ കുറവ് തേടി നടക്കുന്ന എം.എല്‍.എക്ക് ഉത്തരമുണ്ടാവില്ല. സ്വയം പരിഹാസ്യമാവുന്ന ഇത്തരം പ്രവര്‍ത്തികള്‍ എന്തു ലാഭത്തിന്റെ പേരിലായാലും സ്വയം ചെറുതാവാന്‍ മാത്രമുള്ളതാണ്.
മഴക്കാലത്ത് കുഴികള്‍ രൂപപ്പെടുന്നത് സ്വാഭാവികമാണ്. ടാറിനടയിലെ മണ്ണിന്റെ ഘടനയാണ് ഇത്തരത്തില്‍ റോഡ് തകരാന്‍ കാരണം. പൊതുവായി വര്‍ഷാവര്‍ഷം കുഴിരൂപപ്പെടുന്ന മേഖലയില്‍ ടാറിംഗിനു പകരം കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടത്തണമെന്നതാണ് യൂത്ത്‌ലീഗിന്റെ അഭിപ്രായം. ഇത്തവണ സംസ്ഥാനത്ത് വ്യാപകമായി മഴപെയ്തതുകാരണം പല ദിക്കുകളിലും റോഡുകള്‍ തകരാന്‍ ഇടയാക്കി.
മഴകാരണം ഒട്ടനവധി ജീവനുകളാണ് നഷ്ടപ്പെട്ടത്. കൃഷിയിടവും വീടും കെട്ടിടങ്ങളുമെല്ലാം ആഴ്ചകളോളമാണ് വെള്ളത്തിനടയിലായത്. ഇതൊന്നും കാണാതെ മറ്റുള്ളവരുടെ പോരായ്മകള്‍ അന്വേഷിച്ച് ക്യാമറയ്ക്കുമുന്നില്‍ വിലസാന്‍ ശ്രമിച്ചത് തരം താണം രാഷ്ട്രീയമായിപോയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
ജില്ലയുടെ വികസനത്തിനായി ആവുന്നതെല്ലാം ചെയ്തത് യു.ഡി.എഫ് ആണ്. ഇടതുസര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച് തുറന്ന സംവാദത്തിന് എം.എല്‍.എയെ വെല്ലുവിളിക്കുന്നു. ഇബ്രാഹിം കുഞ്ഞിയെന്ന പൊതു മരാമത്ത് വകുപ്പ് മന്ത്രി നടത്തിയിട്ടുള്ള റോഡ് വികസനം അല്‍ഭുതകരമാണ്. മഴക്കാലത്തിന്റെ ആരംഭം വരെ റോഡ് നിര്‍മ്മാണത്തിലും പുനരുദ്ധാരണത്തിലും സജീവമായിരുന്നു പൊതുമരാമത്ത് വകുപ്പ്.
എന്തുവേഷവും കെട്ടി ക്യമാറക്ക് മുന്നില്‍ നില്‍ക്കുന്ന പൊതുപ്രവര്‍ത്തനം അങ്ങേയറ്റം പരിഹാസ്യമാണെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.

എം.എല്‍.എ കാണേണ്ട റോഡുകള്‍ ഉദുമയില്‍ തന്നെയുണ്ട്
കാസര്‍കോട്: കാസര്‍കോട് ദേശീയപാതയില്‍ തകര്‍ന്ന റോഡ് സന്ദര്‍ശിച്ച് പത്രത്തില്‍ വില കുറഞ്ഞ പബ്ലിസിറ്റി നേടാന്‍ ശ്രമിച്ച ഉദുമ എം.എല്‍.എ കാണേണ്ട റോഡുകള്‍ ഉദുമയില്‍ തന്നെയുണ്ടെന്ന് യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.ഡി.കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച്.മുഹമ്മദ് കുഞ്ഞി മാങ്ങാട് പറഞ്ഞു.
തെക്കില്‍പാലം മുതല്‍ പൊയ്‌നാച്ചി വരെയുള്ള നാഷണല്‍ ഹൈവെ, പൊയ്‌നാച്ചി-ബന്തടുക്ക, ചട്ടഞ്ചാല്‍-കളനാട്, ബോവിക്കാനം-കാനത്തൂര്‍ റോഡുകളില്‍ രൂപപ്പെട്ട കുഴികള്‍ കാരണം യാത്രക്കാരുടെ നടുവൊടിയുകയാണ്.
വര്‍ഷങ്ങളായി ഉദുമയെ പ്രതിനിധീകരിച്ച് അസംബ്ലിയിലെത്തുന്നത് സി.പി.എം പ്രതിനിധികളാണ്. മലയോര പിന്നോക്ക തീരദേശമേഖലയിലെ റോഡുകളുടെ ശോച്യാവസ്ഥയും വികനസ മുരടിപ്പും മറച്ചുവെച്ച് മറ്റു മണ്ഡലത്തിന്റെ കാര്യത്തില്‍ ഇടപെടുന്നത് മോശമാണ്. രണ്ടുവര്‍ഷത്തെ തന്റെ കാലയളവില്‍ നടപ്പാക്കിയ പദ്ധതികളെന്തെന്നു പറയാന്‍ എം.എല്‍.എ തയാറാവണം. പൊതുവായി നിയമസഭ സാമാജികര്‍ക്ക് അനുവദിച്ചുവരുന്ന പ്രാദേശിക വികസനഫണ്ടും അസറ്റുഫണ്ടും പാര്‍ട്ടി മേഖലയില്‍ മാത്രം ചിലവഴിക്കുകയാണ് എം.എല്‍.എ ചെയ്തിട്ടുള്ളത്.
കുഴികള്‍ രൂപപ്പെട്ടും പൊട്ടിപൊളിഞ്ഞും ഉദുമ മണ്ഡലത്തില്‍ ഗതാഗത യോഗ്യമല്ലാതായ റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

1 comment:

  1. യൂത്ത്‌ ലീഗ് ആരുടെ താല്പര്യം സംരക്ഷിക്കാനാണ് നിലകൊള്ളുന്നത് ?

    കഥ അറിയാതെ ആട്ടം കാണുകയാണ് യൂത്ത് ലീഗ്. ഒരുപാട് പബ്ലിസിറ്റി സ്റ്റണ്ട് നടത്താറുള്ളത് കൊണ്ടായിരിക്കും ഇതും അത്തരത്തിലുള്ള ഒന്നാണെന്ന് യൂത്ത് ലീഗിന് തോന്നിയത്.

    കേരളത്തിൽ ആകമാനം റോഡുകൾ തകർന്നു കിടക്കുകയാണെന്ന് വീടിനു പുറത്തിറങ്ങുന്ന ഏതൊരു ശരാശരി മലയാളിക്കും അറിയാം. വിവിധ ദൃശ്യ-പത്ര മാധ്യമങ്ങൾ ഏതാനും ആഴ്ചകളായി നിരന്തരം ഈ പ്രശ്നങ്ങൾ അതികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുന്നുമുണ്ട്.

    അതിന്റെ ഭാഗമായി 'മലയാള മനോരമ' കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ തകർന്നു കിടക്കുന്ന റോഡുകളിലൂടെ ആ ജില്ലയിലെ എംഎൽഎ മാരെ ഓട്ടോയിൽ സഞ്ചരിപ്പിച്ച് റോഡുകളുടെ ശ്യോചനീയാവസ്ഥ നേരിട്ട് മനസ്സിലാക്കിപ്പിക്കുന്ന ഒരു കാമ്പൈൻ സംഘടിപ്പിച്ചത്. ആലപ്പുഴയിൽ ജി സുധാകരൻ, കണ്ണൂരിൽ ടി വി രാജേഷ്, കാസറഗോഡ് കെ കുഞ്ഞിരാമൻ തുടങ്ങി വിവിധ പ്രദേശങ്ങളിൽ എംഎൽഎമാർ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് റോഡുകളുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. കേരളത്തിലെ ജനങ്ങൾ നേരിടുന്ന വലിയൊരു പ്രശ്നത്തെ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഒരു മാധ്യമം നടത്തിയ സദുദ്യേശപരമായ ഇടപെടലിനെ കൂടിയാണ് യൂത്ത് ലീഗ് ആക്ഷേപിക്കുന്നത്.

    കാസറഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും കൂടുതൽ മോശമായി കിടക്കുന്നതുമായ റോഡാണ് കാസറഗോഡ് - മംഗലാപുരം ഹൈവേ. അവിടുത്തെ എംഎൽഎമാരായ എൻ.എ. നെല്ലിക്കുന്നിനോ അബ്ദുൽ റസാക്കിനോ അവരുടെ ഗവണ്മെന്റ് ഭരിക്കുന്നത് കൊണ്ട് ഇതിനെതിരെ പ്രതികരിക്കാനാവില്ല, അതുകൊണ്ട് തൊട്ടടുത്ത മണ്ഡലത്തിലെ എംഎൽഎയെ മനോരമ ക്ഷണിച്ചിട്ടുണ്ടാവാം.

    മനോരമയിൽ പ്രസിദ്ധീകരിച്ച ഉദുമ എംഎൽഎയുടെ പ്രസ്താവന പൂർണമായും വായിച്ചിട്ടാണോ യൂത്ത് ലീഗ് ഈ പ്രസ്താവന ഇറക്കിയത് എന്ന് സംശയമുണ്ട്. കാസറഗോഡ് - മംഗലാപുരം ഹൈവേമാത്രമാണ് തകർന്നു കിടക്കുന്നത് എന്ന് എംഎൽഎ ഒരിടത്തും പറഞ്ഞിട്ടില്ല. 'ഈ റോഡ്‌ മാത്രമല്ല കേരളത്തിലെ മുഴുവൻ റോഡുകളുടെയും അവസ്ഥ ഇതുതന്നെയാണ്' എന്നാണ് എംഎൽഎ പറഞ്ഞത്, അതിൽ ഉദുമ മണ്ഡലത്തിലെ റോഡുകളും പെടുമെന്നു സാമാന്യബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാവും.

    എംഎൽഎയുടെ പ്രസ്താവനയിൽ ഒരിടത്തും മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയോ ഗവണ്മെന്റിനെതിരേയോ ഒരു പരാമർശം പോലുമില്ല. പിന്നെ എന്താണ് യൂത്ത് ലീഗിനെ പ്രകോപിപ്പിച്ചത് ? പ്രവൃത്തികളിൽ ക്രമക്കേട് കാണിക്കുന്ന കോണ്‍ട്രാക്റ്റർമാർക്കെതിരെയും അതിനു കൂട്ട് നില്ക്കുന്ന ഉദ്യോഗസ്ഥൻമാർക്കെതിരെയുമാണ് എംഎൽഎ സംസാരിച്ചത്. അതാണോ യൂത്ത് ലീഗിനെ ചൊടിപ്പിച്ചത് ? അങ്ങിനെ ആണെങ്കിൽ യൂത്ത്‌ ലീഗ് ആരുടെ താല്പര്യം സംരക്ഷിക്കാനാണ് നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കണം.

    ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനെക്കുറിച്ച് യൂത്ത് ലീഗിന്റെ അഭിപ്രായമല്ല അവരുടെ മന്ത്രി ഇബ്രാഹിം കുഞ്ഞിനെന്ന് ഈ അടുത്ത് പെരിയയിൽ നടന്ന ഒരു ചടങ്ങിൽ മന്ത്രിയുടെ പ്രസംഗം കേട്ടിരുന്നെങ്കിൽ അവർക്ക് മനസ്സിലാകുമായിരുന്നു. കക്ഷി രാഷ്ട്രീയം നോക്കാതെ വികസന കാര്യത്തിൽ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് ഉദുമ മണ്ഡലത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതായും ഇനിയും അതുണ്ടാവുമെന്നും എംഎൽഎയെ പ്രശംസിച്ചുകൊണ്ട് മന്ത്രി പറഞ്ഞിരുന്നു.

    ഇവിടെ പരാമർശിച്ച പൊയിനാച്ചി- ബന്തടുക്ക റോഡ്‌ മെക്കാഡം ടാർ ചെയ്ത് അഭിവൃധിപെടുത്താൻ 23 കോടി രൂപയുടെ പ്രൊജക്റ്റ്‌ ഗവണ്മെന്റിന് സമർപ്പിച്ചിട്ടുണ്ട് എന്നും അനുമതിക്കായി കാത്തിരിക്കുകയാണെന്നും എംഎൽഎയുടെ ഫേസ് ബുക്കിൽ രേഖപെടുത്തിയിട്ടുണ്ട്‌..

    ഇപ്പോഴത്തെ ഉദുമ മണ്ഡലത്തിൽ വികസനം തീരെ കുറഞ്ഞ പ്രദേശമാണ് മണ്ഡലത്തിന്റെ വടക്ക്-കിഴക്ക് അതിർത്തിയിലുള്ള മുളിയാർ പഞ്ചായത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ മുളിയാർ പഞ്ചായത്ത് കാസറഗോഡ് മണ്ഡലത്തിന്റെ ഭാഗമായിരുന്നു. കാലങ്ങളായി മുസ്ലീം ലീഗ് ഭരിക്കുന്ന കാസറഗോഡ് മണ്ഡലത്തിലെ ഒരു പ്രദേശത്ത് വികസനം എത്താതതിന് സിപിഐ(എം)മാണ് ഉത്തരവാദി എന്ന് പറയാൻ യൂത്ത് ലീഗിന് മാത്രമേ കഴിയൂ!!! അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടു വർഷവും ഉദുമ മണ്ഡലത്തിൽ കെ.കുഞ്ഞിരാമൻ എംഎൽഎ ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ചതും ഈ പഞ്ചായത്തിലാണ്.

    കഴിഞ്ഞ രണ്ടു വർഷവും കാസറഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ചത് ഉദുമ എംഎൽഎ കെ.കുഞ്ഞിരാമൻ ആണെന്നും ഏറ്റവും കുറവ് മഞ്ചേശ്വരം കാസറഗോഡ് എംഎൽഎമാരുമാണെന്നും നിങ്ങളുടെ സർക്കാർ പുറത്തുവിട്ട കണക്കുതന്നെ പറയുന്നു. ചന്ദ്രിക മാത്രം വായിക്കുന്നത് കൊണ്ടായിരിക്കും ഈ വാർത്ത അറിയാതെ പോയത്.!!! സംശയം ഉണ്ടെങ്കിൽ വിവരാവകാശ നിയമപ്രകാരം ജില്ലാ കലക്ടറെ സമീപിക്കാം.

    വസ്തുതകൾ മനസ്സിലാക്കാതെയുള്ള ഇത്തരം പ്രസ്താവനകൾ ഇറക്കി സ്വയം ഇളിഭ്യരാവുകയാണ് യൂത്ത് ലീഗ്.

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.