Latest News

സോഷ്യല്‍ മീഡിയയിലും സമരച്ചൂട്‌

കോഴിക്കോട്‌: സോളാര്‍ വിഷയത്തില്‍ നടത്തുന്ന സമരം ജനകീയമാക്കുന്നതിന്‌ സോഷ്യല്‍ മീഡിയയെയും ഉപയോഗപ്പെടുത്താന്‍ ഇടതു യുവജന സംഘടനകള്‍ക്ക്‌ സി.പി.എമ്മിന്റെ നിര്‍ദേശം. 

സമരക്കാര്‍ക്കു അഭിവാദ്യമര്‍പ്പിച്ചുള്ള പോസ്‌റ്റ്‌ യുദ്ധമാണ്‌ ഇപ്പോള്‍ ഫേസ്‌ബുക്ക്‌ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്‌. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനും എതിരായ അഭിപ്രായ പ്രകടനങ്ങളാണ്‌ ഇതിലേറെയും. യുവാക്കള്‍ക്കിടയില്‍ സമരത്തെക്കുറിച്ചു ഉയര്‍ന്നു വന്നിരിക്കുന്ന സമ്മിശ്ര പ്രതികരണം പാര്‍ട്ടിക്ക്‌ അനുകൂലമാക്കുക എന്നതാണു സോഷ്യല്‍ മിഡിയകളെ പരമാവധി ഉപയോഗപ്പെടുത്തികൊണ്ടുള്ള നീക്കത്തിനു പിന്നില്‍. 

എസ്‌.എഫ്‌.ഐ., ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ഒമ്പതു കൂട്ടായ്‌മകളാണ്‌ ഫേസ്‌ബുക്കില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രൂപപ്പെടുത്തിയിരിക്കുന്നത്‌. ഇതിലാവട്ടെ ഓരോ ദിവസവും ലക്ഷക്കണക്കിന്‌ പേര്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു.

സമരത്തെ അനുകൂലിച്ചും എതിര്‍ത്തുമുള്ള കമന്റുകള്‍ക്കിടെ ഇടതുമുന്നണിയുടെ പ്രത്യേകിച്ചും സി.പി.എമ്മിന്റെ പഴയകാല സമരചരിത്രം വിളിച്ചോതിയുള്ള പോസ്‌റ്റുകളാണ്‌ ഏറെയും. സമരത്തിന്റെ തീവ്രത സംസ്‌ഥാനത്തിനകത്തും പുറത്തും ഒരേസമയം എത്തിക്കുക എന്നതാണ്‌ ഇതിനു പിന്നില്‍.

സമരത്തെ അടിച്ചൊതുക്കാന്‍ പോലീസ്‌ ശ്രമിച്ചാല്‍ ആ ചിത്രങ്ങള്‍ തല്‍സമയം പോസ്‌റ്റ്‌ ചെയ്‌ത്‌ പൊതുജനമധ്യത്തില്‍ സര്‍ക്കാരിനെതിരായ വികാരം ഉയര്‍ത്താന്‍ കഴിയുമെന്നാണ്‌ സമരാനുകൂലികള്‍ കരുതുന്നത്‌. പ്രകോപനപരമായ സാഹചര്യങ്ങള്‍ക്ക്‌ തടയിടാന്‍ പോലീസ്‌ ശ്രമിക്കുന്നതിനിടെയാണ്‌ സോഷ്യല്‍ മീഡിയകളിലൂടെ സമരത്തിനു വലിയ പ്രചാരം നല്‍കാന്‍ നേതൃത്വം യുവജനസംഘടനകളോടു നിര്‍ദേശിച്ചിരിക്കുന്നത്‌. 

പ്രവര്‍ത്തകര്‍ക്കു ആവേശം പകരുന്ന ചിത്രങ്ങളും പഴയകാല സമരവീര്യത്തിന്റെ നാള്‍വഴികളും സോഷ്യല്‍ മീഡിയകളില്‍ ഇതിനകം നിറഞ്ഞുകഴിഞ്ഞു. സമരത്തിനായി അതാത്‌ ജില്ലകളില്‍ നിന്നു തിരുവനന്തപുരത്തേക്ക്‌ വണ്ടികയറിയവര്‍ക്കു അഭിവാദ്യങ്ങളര്‍പ്പിച്ചും അവരെ സമര നായകരെന്ന്‌ വിശേഷിപ്പിച്ചുമാണു പോസ്‌റ്റുകള്‍. 

സമരക്കാരെ അനുകൂലിച്ചും സര്‍ക്കാരിനെ വിമര്‍ശിച്ചുമുള്ള സംവിധായകന്‍ മേജര്‍ രവിയുടെ വാക്കുകളും എറ്റവും കൂടുതലായി ഷെയര്‍ചെയ്യപ്പെടുകയാണ്‌. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു സി.പി.എം. നടത്തുന്ന സമരത്തിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉന്നയിച്ച 13 ചോദ്യങ്ങള്‍ക്കുള്ള മറുപടി അക്കമിട്ടു നിരത്തിയാണു മിക്ക പോസ്‌റ്റുകളും ഷെയര്‍ ചെയ്‌തിരിക്കുന്നത്‌.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.