Latest News

മകളെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത വിവരമറിഞ്ഞ് പിതാവ് ഹൃദയാഘാതത്താല്‍ മരിച്ചു

തിരുവനന്തപുരം: കോളേജ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിദ്യാർത്ഥി സംഘടനയുടെ സാംസ്കാരിക പരിപാടിയിൽ നൃത്തം ചെയ്തതിന് ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജിൽ മൂന്നു വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു. മകളെ സസ്പെൻഡ് ചെയ്ത വിവരമറിഞ്ഞ് ഒരു വിദ്യാർത്ഥിനിയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. ഇതേത്തുടർന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി.

രണ്ടുദിവസത്തെ പഠിപ്പുമുടക്കിനും സംഘർഷങ്ങൾക്കുമൊടുവിൽ തെറ്റുകാരനായ അദ്ധ്യാപകൻ മാപ്പുപറയാമെന്ന ഉറപ്പിൽ രംഗം ശാന്തമായി. കഴിഞ്ഞ ശനിയാഴ്ച എസ്.എഫ്.ഐയുടെ പ്രചാരണ പരിപാടിക്കായി കോളേജിനു മുന്നിൽ നൃത്തം അവതരിപ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ആൺകുട്ടികളും നാല് പെൺകുട്ടികളുമടക്കം നിരവധി പേർ നൃത്തം ചെയ്തു.
നൃത്തം തുടങ്ങി മിനിട്ടുകൾക്കകം അദ്ധ്യാപകരെത്തി തടയുകയായിരുന്നു. പിന്നീട് നൃത്തമാടിയ പെൺകുട്ടികളിൽ മൂന്ന് സീനിയർ വിദ്യാർത്ഥിനികളെ മാത്രം സസ്പെൻഡ് ചെയ്തു. 

സസ്പെൻഷൻ വിവരം എല്ലാവരുടെയും വീടുകളിൽ അറിയിക്കാനും അധികൃതർ തീരുമാനിച്ചു. അവസാന വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിനി സഹോദരനെ കോളേജിലേക്ക് വിളിച്ചുവരുത്തി. പിതാവിന് സുഖമില്ലാത്തതാണെന്നും വീട്ടിൽ അറിയിക്കേണ്ടെന്നും ഇരുവരും പറഞ്ഞെങ്കിലും ചില അദ്ധ്യാപകർ വഴങ്ങിയില്ല. രാത്രിയോടെ പെൺകുട്ടിയുടെ വീട്ടിൽ ഫോണിൽ വിളിച്ച് സസ്പെൻഷൻ വിവരമറിയിച്ചു. ഇതിന്റെ ആഘാതത്തിൽ വിദ്യാർത്ഥിനിയുടെ ഹൃദ്രോഗിയായ പിതാവ് മരണമടയുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച വിദ്യാർത്ഥികൾ സംഘടിച്ചെത്തി കോളേജ് അധികൃതർക്കെതിരെ പ്രതിഷേധിച്ചു.

പരിപാടി സംഘടിപ്പിച്ചവരെയോ നൃത്തം ചെയ്ത എല്ലാവരെയുമോ സസ്പെൻഡ് ചെയ്യാതെ ചിലരെ മാത്രം തെരഞ്ഞുപിടിച്ച് നടപടി സ്വീകരിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു. കൗൺസിൽ ചേർന്ന് സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും വിദ്യാർത്ഥികൾ അദ്ധ്യാപകരെ ഉപരോധിച്ചു. വൻ പൊലീസ് സംഘവുമെത്തിയതോടെ കോളേജിൽ സംഘർഷസമാനമായ സാഹചര്യമായി. 

ഇനി ഒരിക്കലും സാംസ്കാരിക പരിപാടികളും മറ്റും അനുവദിക്കില്ലെന്ന നിലപാടിൽ അധികൃതർ ഉറച്ചുനിന്നു. പ്രതിഷേധവുമായി കുട്ടികളും സംഘടിച്ചു. ഉച്ചയോടെ പി.ടി.എ യോഗം ചേർന്ന് സസ്പെൻഷൻ പിൻവലിക്കാനും സമരം അവസാനിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു. കുഴപ്പങ്ങൾക്ക് കാരണക്കാരനായ അദ്ധ്യാപകൻ മാപ്പുപറയുമെന്ന ധാരണയും യോഗം കൈക്കൊണ്ടിട്ടുണ്ടെന്നാണ് വിവരം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.